എല്ലാ ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; അണിയറയില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; സഞ്ജുവിന് ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമാകും; ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ മലയാളി താരം ഒഴിവാക്കപ്പെടാന്‍ സാധ്യതയേറി
മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെടാന്‍ സാധ്യത. സഞ്ജു സാംസണ്‍ തുടര്‍ച്ചയായ പരാജയപ്പെടുകയാണെങ്കില്‍ ട്വന്റി 20 ടീമില്‍ ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ട്വന്റി 20 ടീമിലെ ഒന്നാം നമ്പര്‍ കീപ്പറാണ് സഞ്ജു. ഓപ്പണിങ് റോളില്‍ കളിച്ചിരുന്ന സഞ്ജുവിനെ ഏഷ്യാകപ്പ് മുതല്‍ മിഡില്‍ ഓഡറിലേക്ക് മാറ്റിയിരുന്നു.
പന്തിനെ എല്ലാ ഫോര്‍മാറ്റിലെയും വിക്കറ്റ് കീപ്പറാക്കാനാണ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന് താല്‍പര്യം എന്നാണ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പം സഞ്ജുവിന്റെ ഫോമും തിരിച്ചടിയാണ്. 10 ഇന്നിങ്‌സില്‍ നിന്നും 185 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 120.91 ആണ് സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഗൗതം ഗംഭീറിന്റെ പ്ലാന്‍ പ്രകാരം സ്ഥിരമായ പ്രകടനങ്ങളാണ് ടീമില്‍ നിലനില്‍ക്കാനുള്ള പ്രധാന ഘടകം. വരുന്ന പരമ്പരകളില്‍ സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ സഞ്ജു ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും ടെലികോം ഏഷ്യ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ നേരിട്ട നാല് പന്തുകളില്‍ ഓസീസ് ബൗളര്‍മാരുടെ പേസിനും ബൗണ്‍സിനും മുന്നില്‍ സഞ്ജു പരുങ്ങി. നാഥന്‍ എല്ലിസിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യുവായാണ് സഞ്ജു പുറത്തായത്.
ബാക്ക്വേഡ് പോയിന്റിലേക്ക് മനോഹരമായ ഒരു കട്ട് ഷോട്ട് കളിച്ചാണ് സഞ്ജു തുടങ്ങുന്നത്, അതും ഹേസല്‍വുഡിനെതിരെ. രണ്ടാം പന്ത് ബാറ്റിനെ മറികടന്നുപോയ്, പിന്നീട് നേരിടുന്നത് നാഥാന്‍ എല്ലിസിനെയാണ്, ആദ്യ പന്ത് ബീറ്റണ്‍. രണ്ടാം പന്തൊരു നിപ് ബാക്കറായിരുന്നു, ഫുള്‍ ലെങ്ത് ഡെലിവറി കളിക്കാനൊരുങ്ങിയ സഞ്ജുവിന്റെ കണക്കുകൂട്ടലുകള്‍ അവിടെ പിഴയ്ക്കുകയായിരുന്നു. നാല് പന്തില്‍ പരമ്പരയിലെ തന്റെ ആദ്യ ഇന്നിങ്‌സ് വലം കയ്യന്‍ ബാറ്റര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. ഓസീസ് പര്യടനത്തിലെ പരീക്ഷണങ്ങളില്‍ സഞ്ജുവിന് കാലിടറിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നത് ആശങ്കയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക്.
രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്കെതിരെ നാലു വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഇന്ത്യയുയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ്, 13.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 40 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസീസിന്റെ ജയം. 26 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.
