'എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല; ഞങ്ങള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്; മധ്യ ഓവറുകളില്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം ബാറ്റ് ചെയ്യാന്‍ ബാറ്റിംഗ് നിര ശ്രമിക്കണമായിരുന്നു; ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം എനിക്ക് മാത്രമേ അറിയൂ'; യു എസിനെതിരായ ജയത്തിനുശേഷം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്

Update: 2026-02-08 05:51 GMT

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ 29 റണ്‍സിന്റെ വിജയം നേടിയെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പ്രകടനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ജയിച്ചെങ്കിലും മധ്യ ഓവറുകളില്‍ ബാറ്റിംഗ് നിര കുറച്ചുകൂടി ബുദ്ധിപൂര്‍വം കളിക്കണമായിരുന്നുവെന്ന് മത്സരശഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷമായിരുന്നു സൂര്യയുടെ പ്രതികരണം.

എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല. ഞങ്ങള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. വിജയിച്ചാലും തോറ്റാലും ഓരോ മത്സരത്തില്‍ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഏതെങ്കിലും ഒരു ദിവസം ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മധ്യ ഓവറുകളില്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം ബാറ്റ് ചെയ്യാന്‍ ബാറ്റിംഗ് നിര ശ്രമിക്കണമായിരുന്നു. വാംഖഡെയിലെ പിച്ചിനെക്കുറിച്ചും സൂര്യ വിശദീകരിച്ചു. സാധാരണ ഹൈ-സ്‌കോറിംഗ് പിച്ചാണെങ്കിലും ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. മത്സരദിവസം കാര്യമായി വെയില്‍ ഇല്ലാതിരുന്നത് പിച്ചില്‍ ഈര്‍പ്പം നിലനില്‍ക്കാന്‍ കാരണമായി. ഇത് തടക്കത്തിലെ ബാറ്റിംഗ് ദുഷ്‌കരമാക്കി. 180-190 റണ്‍സ് ലഭിക്കുന്ന പിച്ചായിരുന്നില്ല വാങ്കഡേയിലേത്, പരമാവധി 140 റണ്‍സ് മാത്രം പ്രതീക്ഷിക്കാവുന്ന പിച്ചായിരുന്നുവെ വാങ്കഡെയില്‍ ഇന്നലത്തേതെന്നും സൂര്യ നിരീക്ഷിച്ചു.

ബാറ്റിംഗിനിടെ താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെക്കുറിച്ചും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഒരു ഘട്ടത്തില്‍ 77 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ലെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. 77-ന് 6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ. പക്ഷേ, സമാനമായ സാഹചര്യങ്ങളില്‍ മുന്‍പും ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരനാകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവസാനം വരെ ക്രീസില്‍ നിന്നാല്‍ കളി മാറ്റാനാവുമെന്ന് മുംബൈയിലെ മൈതാനങ്ങളില്‍ ഒരുപാടുകാലം ക്രിക്കറ്റ് കളിച്ച എനിക്കറിയാമായിരുന്നു-സൂര്യകുമാര്‍ പറഞ്ഞു.

ബാറ്റിംഗിനെ അകമഴിഞ്ഞ് തുണക്കാറുള്ള വാങ്കഡെയിലെ പിച്ച് ഇത്തവണ അല്‍പം വ്യത്യസ്തമായിരുന്നുവെന്നും സൂര്യ പറഞ്ഞു. സാധാരണ വാങ്കഡെയില്‍ കാണുന്ന പിച്ചല്ല ഇന്ന് കണ്ടത്. രാവിലെ എഴുന്നേറ്റപ്പോള്‍ പുറത്ത് നല്ല വെയിലുണ്ടായിരുന്നില്ല. പിച്ച് നന്നായി ഒരുക്കാന്‍ ക്യുറേറ്റര്‍മാരും ഗ്രൗണ്ട് സ്റ്റാഫും പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ മതിയായ വെയില്‍ ലഭിക്കാത്തത് പിച്ച് ഒരുക്കുന്നതിനെ ബാധിച്ചിട്ടുണ്ടാകാം. എങ്കിലും പിച്ചിനെ മാത്രം പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല, ഞങ്ങള്‍ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു-സൂര്യ പറഞ്ഞു.

ജയിച്ചെങ്കിലും ബാറ്റിംഗ് നിരയ്ക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ക്യാപ്റ്റന്‍ സമ്മതിച്ചു. ഇന്നത്തെ മത്സരത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഒന്നോ രണ്ടോ പേര്‍ അവസാനം വരെ ബാറ്റ് ചെയ്യുന്നതിന് പകരം ചെറിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ 160 കടക്കാമായിരുന്നു.

ഗംഭീര്‍ നല്‍കിയ ഉപദേശം തുണച്ചു

ഇന്ത്യ 77 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയ നിര്‍ദ്ദേശം വലിയ മാറ്റമുണ്ടാക്കി.14 ഓവറുകള്‍ക്ക് ശേഷമുള്ള ഇടവേളയില്‍ ഗൗതം ഭായ് പറഞ്ഞത് റണ്‍റേറ്റ് എപ്പോള്‍ വേണമെങ്കിലും നിനക്ക് തിരിച്ചുപിടിക്കാം, അവസാനം വരെ ക്രീസില്‍ നില്‍ക്കൂവെന്നാണ്. മുംബൈയിലെ ലോക്കല്‍ ക്രിക്കറ്റില്‍ കളിച്ചു വളര്‍ന്നതുകൊണ്ട് ഇത്തരം പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ടായിരുന്നു.

49 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിയ സൂര്യകുമാര്‍, തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അവസാനം വരെ നിന്നാല്‍ കളി ജയിപ്പിക്കാമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന് വേണ്ടി ഇത്തരമൊരു 'ആങ്കര്‍ റോള്‍' ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ലെന്ന് സൂര്യ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം കിറ്റ് ബാഗ് പായ്ക്ക് ചെയ്ത് രണ്ടാഴ്ച കുടുംബത്തോടൊപ്പം ചെലവഴിച്ചത് മാനസികമായി വലിയ ഉന്മേഷം നല്‍കിയെന്നും നാഗ്പൂരിലെ പരിശീലനത്തിന് ശേഷം താന്‍ പൂര്‍ണ്ണ സജ്ജനായെന്നും സൂര്യകുമാര്‍ കൂട്ടിചേര്‍ത്തു.

കാലാവസ്ഥാ വ്യതിയാനം മൂലം ബുമ്രയ്ക്ക് കടുത്ത പനിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. സുന്ദര്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഡല്‍ഹിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ സുന്ദര്‍ ടീമിനൊപ്പം ചേരും. അടുത്ത മത്സരത്തിന് മുന്‍പ് അഞ്ച് ദിവസത്തെ ഇടവേളയുണ്ടെന്നും ടീം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. അഭിഷേക് ശര്‍മയടക്കം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട വിജയലക്ഷ്യത്തിലെത്തിച്ചത്. 49 പന്തില്‍ 84 റണ്‍സുമായി സൂര്യ പുറത്താകാതെ നിന്നു. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21റണ്‍സ് നേടിയ ക്യാപ്റ്റനാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മീഡിയം പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് യുഎസിന് വേണ്ടി തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ട് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ ആറ് പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. 29 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

Tags:    

Similar News