രണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 324 റണ്‍സ്; ഇന്ത്യക്ക് ജയത്തിലേക്ക് 8 വിക്കറ്റും; മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ ക്രൗളിയെ പുറത്താക്കി സിറാജ്; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 50 ന് 1

രണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 324 റണ്‍സ്

Update: 2025-08-02 18:35 GMT

ലണ്ടന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. ഓവലില്‍ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയിലാണ്.14 റണ്‍സെടുത്ത സാക് ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് ക്രോളിയെ ബൗള്‍ഡാക്കുകയായിരുന്നു.34 റണ്‍സുമായി ബെന്‍ ഡക്കറ്റ് ക്രീസിലുണ്ട്. രണ്ട് ദിനവും ഒമ്പത് വിക്കറ്റും ശേഷിക്കെ 324 റണ്‍സാണ് ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത്.ക്രിസ് വോഗ്സ് പരിക്കേറ്റ് പുറത്തായതിനാല്‍ 8 വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യക്ക് മത്സരം ജയിക്കാനാകും.

നേരത്തെ രണ്ടാമിന്നിങ്സില്‍ ഇന്ത്യ 396 റണ്‍സിന് പുറത്തായി. സെഞ്ചുറിയുമായി യശസ്വി ജയ്‌സാളും അര്‍ധസെഞ്ചുറിയുമായി ആകാശ്ദീപും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും തിളങ്ങി.ഇംഗ്ലണ്ടിനായി ജോഷ് ടങ്ക് അഞ്ചുവിക്കറ്റെടുത്തു.ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 374 റണ്‍സായി.

രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. ജയ്‌സ്വാളിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ്ദീപും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തി. ടീം സ്‌കോര്‍ നൂറുകടത്തിയ ഇരുവരും പതിയെ ലീഡുയര്‍ത്തി. അതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. പിന്നാലെ താരം അര്‍ധസെഞ്ചുറിയും തികച്ചു. ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശ്ദീപിന്റേത്.

94 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ 66 റണ്‍സെടുത്ത ആകാശ്ദീപിനെ ജാമി ഓവര്‍ട്ടനാണ് പുറത്താക്കിയത്. താരം പുറത്താവുമ്പോള്‍ 177-3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ ക്രീസിലെത്തിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 11 റണ്‍സെടുത്ത ഗില്ലിനെ ആറ്റ്കിന്‍സണ്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. കരുണ്‍ നായരെ ഒരുവശത്തുനിര്‍ത്തി ജയ്സ്വാള്‍ ഇന്ത്യയെ ഇരുന്നൂറ് കടത്തി. പിന്നാലെ സെഞ്ചുറിയും തികച്ചു.

സ്‌കോര്‍ 229-ല്‍ നില്‍ക്കേ കരുണ്‍ നായര്‍ (17) പുറത്തായി. പിന്നാലെ ജയ്സ്വാളും കൂടാരം കയറി. 118 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ഇന്ത്യ 273-6 എന്ന നിലയിലായി. പിന്നീട് രവീന്ദ്ര ജഡേജയും ധ്രുവ് ജുറലുമാണ് ഇന്ത്യയെ മുന്നൂറ് കടത്തിയത്. ജഡേജ 53 റണ്‍സും ജുറല്‍ 34 റണ്‍സുമെടുത്ത് പുറത്തായി. മുഹമ്മദ് സിറാജ് ഡക്കായി മടങ്ങി. പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ വെടിക്കെട്ട് നടത്തിയതോടെ സ്‌കോര്‍ കുതിച്ചു. താരം 53 റണ്‍സെടുത്തതോടെ ഇന്ത്യ 396 റണ്‍സിലെത്തി.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 247 റണ്‍സിന് പുറത്താക്കിയിരുന്നു. 23 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുണ്ടായിരുന്നത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 224 റണ്‍സിനാണ് പുറത്തായത്. കരുണ്‍ നായര്‍ ഒഴികെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുണ്‍ 57 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയില്‍ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാല്‍ ഗില്ലിനും സംഘത്തിനും അതിനിര്‍ണായകമാണ് ഓവല്‍ ടെസ്റ്റ്.

Tags:    

Similar News