ഒന്‍പത് വിക്കറ്റുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍; അഞ്ച് വിക്കറ്റുമായി റോയ്സ്റ്റണ്‍ ഡയസ്; കരുത്തായി രഹാനെയുടെ സെഞ്ചുറിയും; ക്വാര്‍ട്ടറില്‍ ഹരിയാനയെ ചുരുട്ടിക്കെട്ടി മുംബൈ; നിലവിലെ ചാമ്പ്യന്മാര്‍ സെമിയില്‍

ഹരിയാനയെ ചുരുട്ടിക്കെട്ടി മുംബൈ സെമിയില്‍

Update: 2025-02-11 14:01 GMT

കൊല്‍ക്കത്ത: ഹരിയാനയെ 152 റണ്‍സിന് കീഴടക്കി നിലവിലെ ചാംപ്യന്മാരായ മുംബൈ രഞ്ജി ട്രോഫിയുടെ സെമിഫൈനലില്‍. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ 354 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹരിയാന 57.3 ഓവറില്‍ 201ന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയ ഷാര്‍ദൂല്‍ ഠാക്കൂറും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ റോയ്സ്റ്റണ്‍ ഡയസാണ് ഹരിയാനയെ തകര്‍ത്തത്.

നേരത്തെ, മുംബൈയുടെ രണ്ടാം ഇന്നിംഗ്സില്‍ 339ന് അവസാനിച്ചിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ (108) സെഞ്ചുറിയാണ് മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സൂര്യകുമാര്‍ യാദവും (70) മുംബൈ നിരയില്‍ തിളങ്ങി. ശിവം ദുബെ (48), സിദ്ധേഷ് ലാഡ് (43) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹരിയാനയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ലക്ഷ്യ സമുന്‍ ദലാല്‍ (64), സുമിത് കുമാര്‍ (62) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. അങ്കിത് കുമാര്‍ (11), ജയന്ത് യാദവ് (27) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഡയസിന് പുറമെ ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാലിന് 278 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനെത്തിയ മുംബൈക്ക് വേഗത്തില്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. അനുജ് തക്രാള്‍ ഹരിയാനയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ന് രഹാനെയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യ നഷ്ടമാകുന്നത്. 180 പന്തില്‍ 108 റണ്‍സെടുത്ത താരത്തെ തക്രാള്‍ മടക്കുകയായിരുന്നു. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്.

വൈകാതെ ശിവം ദുബെ പവലിയനില്‍ തിരിച്ചെത്തി. തക്രാള്‍ തന്നെയാണ് ദുബെയെ മടക്കിയത്. തുടര്‍ന്നെത്തിയ ഷംസ് മുലാനി (5), ഷാര്‍ദുല്‍ ഠാക്കൂര്‍ (6), തനുഷ് കൊട്ടിയാന്‍ (6) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഇന്നിംഗ്‌സില്‍ അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ആകാശ് ആനന്ദിന്റെ (10) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. പിന്നാലെ ആയുഷ് മാത്രെയും (31) മടങ്ങി. ഇതോടെ രണ്ടിന് 48 എന്ന നിലയിലായി മുംബൈ. നാലാം വിക്കറ്റില്‍ സിദ്ധേഷ് ലാഡ് (43) രഹാനെ സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ ലാഡിനെ ജയന്ത് യാദവ് മടക്കി. ക്രീസില്‍ ഒന്നിച്ച രഹാനെ - സൂര്യ സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 129 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൂര്യ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ അനുജ് താക്കൂറിന്റെ പന്തില്‍ മടങ്ങി.

ആറ് വിക്കറ്റ് നേടിയ ഷാര്‍ദൂല്‍ ഠാക്കൂറാണ് ഹരിയാനയെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. അഞ്ചിന് 263 എന്ന ശക്തമായ നിലയിലായിരുന്നു ഹരിയാന. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 52 റണ്‍സ് മാത്രം പിറകില്‍. എന്നാല്‍ 38 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി ഹരിയാനയ്ക്ക് നഷ്ടമായി. 136 റണ്‍സെടുത്ത അങ്കിത് കുമാര്‍ മാത്രമാണ് ഹരിയാന നിരയില്‍ തിളങ്ങിയത്. ലക്ഷ്യ ദലാല്‍ (34), യഷ് വര്‍ധന്‍ ദലാല്‍ (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വാലറ്റക്കാരായ ഷംസ് മുലാനി (91), തനുഷ് കൊട്ടിയാന്‍ (97) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈയെ ഒന്നാം ഇന്നിംഗ്‌സില്‍ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ ഏഴിന് 113 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ മുലാനി - തനുഷ് സഖ്യം 165 റണ്‍സ് കൂട്ടിചേര്‍ത്ത്, മുംബൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ആയുഷ് മാത്രെ (0), ആകാശ് ആനന്ദ് (10), സിദ്ധേഷ് ലാഡ് (4), അജിന്‍ക്യ രഹാനെ (31), സൂര്യകുമാര്‍ യാദവ് (9), ശിവം ദുബെ (28), ഷാര്‍ദുല്‍ (15), റോയ്സ്റ്റണ്‍ ഡയര്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മോഹിത് അവാസ്തി (18) പുറത്താവാതെ നിന്നു. സുമിത് കുമാര്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.ഒന്‍പത് വിക്കറ്റുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍; അഞ്ച് വിക്കറ്റുമായി റോയ്സ്റ്റണ്‍ ഡയസ്; കരുത്തായി രഹാനെയുടെ സെഞ്ചുറിയും; ക്വാര്‍ട്ടറില്‍ ഹരിയാനയെ ചുരുട്ടിക്കെട്ടി മുംബൈ; നിലവിലെ ചാമ്പ്യന്മാര്‍ സെമിയില്‍

Tags:    

Similar News