ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ഒരാഴ്ച പിന്നിടും മുമ്പേ ആര്‍സിബിയെ വിറ്റൊഴിയാന്‍ ആലോചിച്ച് ഉടമകളായ ഡിയാജിയോ; ഓഹരി വില ഉയര്‍ന്നത് മുതലാക്കാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; 16,834 കോടി വിലയിട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്; ആര്‍സിബി വില്‍പ്പനയ്ക്ക് വയ്ക്കാന്‍ മറ്റൊരു കാരണവും

ആര്‍സിബിയെ വിറ്റൊഴിയാന്‍ ആലോചിച്ച് ഉടമകളായ ഡിയാജിയോ

Update: 2025-06-10 08:15 GMT

ബെംഗളൂരു: 2025ലെ ഐപിഎല്‍ കിരീടം ചൂടി ഒരാഴ്ച പിന്നിടുമ്പോള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിറ്റൊഴിയാന്‍ ഉടമകള്‍ ആലോചിക്കുന്നതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ ആണ് ഉടമകള്‍. ഐപിഎല്‍ കിരീട നേട്ടത്തിന് ശേഷം ഓഹരി വില ഉയര്‍ന്നെങ്കിലും, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഉണ്ടായ 11 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം ആഘോഷങ്ങളുടെ പൊലിമ കുറച്ചു. വില്‍പ്പനയുടെ കാര്യത്തില്‍ ആര്‍സിബി ഉടമകള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഭാഗികമായോ പൂര്‍ണമായോ ആര്‍സിബിയെ വില്‍ക്കാനാണ് ഡിയോജിയോ വിപണിയില്‍ നിന്ന് പുതിയ ഉടമകളെ തേടുന്നത്. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടതോടെ കമ്പനി മൂല്യം ഉയര്‍ന്നത് മുതലാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തീരുമാനം.

ഡിയാജിയോ വഴി യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡാണ് ഇന്ത്യയില്‍ ആര്‍സിബിയുടെ നടത്തിപ്പുകാര്‍. ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉടമകള്‍ സമ്പൂര്‍ണ വില്‍പ്പനയ്ക്ക് 2 ബില്യണ്‍ യുഎസ് ഡോളര്‍ ആവശ്യപ്പെട്ടേക്കും( ഏകദേശം 16,834 കോടി).

ആര്‍സിബി വില്‍പ്പനയ്ക്ക് എന്ന വാര്‍ത്ത പരന്നതോടെ യുണൈറ്റഡ് ഓഹരികളും കുതിച്ചുയര്‍ന്നു. അനുകൂല കാലാവസ്ഥയില്‍ വിതയ്ക്കുക എന്നതാണ് ഡിയാജിയോയുടെ നയമെന്ന് വ്യക്തം. ഐപിഎല്‍ മല്‍സരങ്ങളില്‍ മദ്യവും പുകവലിയും പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ വിലക്കാന്‍ ആരോഗ്യമന്ത്രാലയം നിലപാടെടുത്തതാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഒഴിയുന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കായികതാരങ്ങള്‍ ലഹരിപദാര്‍ഥങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് എതിരെയും ഐപിഎല്‍ നിലപാടെടുത്തിരുന്നു. ഡിയാജിയോയാവട്ടെ ക്രിക്കറ്റ് താരങ്ങളെ ഉപയോഗിച്ച് സോഡ പോലെയുള്ളവയുടെ പരസ്യങ്ങളാണ് ചെയ്തുവന്നിരുന്നത്.

ഫ്രാഞ്ചൈസി 2008 ല്‍ ആരംഭിച്ചപ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബി ഉടമ. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യവ്യവസായിയുമായിരുന്ന വിജയ് മല്യ കടക്കെണിയില്‍ പെട്ടതോടെ സാമ്രാജ്യം തകരുകയും ഡിയാജിയോ അവസരം മുതലാക്കി തങ്ങളുടെ ഇന്ത്യയിലെ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ആര്‍സിബിയെ വാങ്ങുകയുമായിരുന്നു. ആഗോളതലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള ക്രിക്കറ്റ് ടീമാണ് ആര്‍സിബി. ഐപിഎല്ലില്‍ 2025 വരെ കിരീട ഭാഗ്യം ഉണ്ടായില്ലെങ്കിലും ആരാധക പിന്തുണയില്‍ ആരെയും വെല്ലും ആര്‍സിബി.

Tags:    

Similar News