ഐപിഎല്‍ ചരിത്രത്തില്‍ പുതിയ ശക്തിയായി മാറാന്‍ ലഖ്‌നൗ; ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ റിഷഭ് പന്ത് ക്യാപ്റ്റന്‍; ബാറ്റിങ് പ്രതീക്ഷകളത്രയും ക്യാപ്റ്റനില്‍; ബോളിങ് ആക്രമണം നയിക്കാന്‍ മായങ്ക് യാദവ്; കപ്പ് അടിക്കുമോ?

Update: 2025-03-21 07:59 GMT


ലഖ്നൗ: ഐപിഎല്‍ ചരിത്രത്തില്‍ പുതിയ ശക്തിയായി മാറാന്‍ ലക്ഷ്യമിടുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ, 2025 സീസണില്‍ വിപുലമായ മാറ്റങ്ങളോടെ കളത്തിറങ്ങുന്നു. കഴിഞ്ഞ സീസണില്‍ നല്ല തുടക്കത്തിന് ശേഷം പിന്നോട്ടുപോയ ടീം, ഇത്തവണ നവമികവുമായി മുന്നേറാനൊരുങ്ങുന്നു. കഴിഞ്ഞ ഐപിഎലില്‍ നാല് ടീമുകള്‍ 14 പോയിന്റുമായി ഫിനിഷ് ചെയ്തതില്‍ ഒന്ന് ലഖ്നൗ ആയിരുന്നു. എന്നാല്‍ ഏറ്റവും കുറഞ്ഞ നെറ്റ് റണ്‍നിരക്ക് (0.667) കാരണം അവര്‍ ഏഴാമതാകുകയായിരുന്നു.

2022, 2023 സീസണുകളില്‍ പ്ലേ ഓഫിലേക്ക് നയിച്ച കെ എല്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ടീമില്‍നിന്നും ഒഴിവാക്കിയാണ് ലഖ്നൗ വരുന്നത്. ഐപിഎല്‍ ലേലത്തില്‍ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് വാങ്ങിയ ഋഷഭ് പന്താണ് ഇത്തണ അവരെ നയിക്കുന്നത്. വിശാഖപട്ടണത്ത് പന്തിന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് 2025 ഐപിഎലില്‍ എല്‍എസ്ജിയുടെ ആദ്യ മത്സരം. ലഖ്നൗവിന്റെ ഇത്തവണത്തെ ബാറ്റിങ് പ്രതീക്ഷകളത്രയും പന്തിനെ ചുറ്റിപ്പറ്റിയാണ്. മൂന്നാം നമ്പറിലെ പന്തിന്റെ മികച്ച റെക്കോര്‍ഡിലാണ് അവര്‍ കണ്ണുവെക്കുന്നത്.

നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി എന്നിവരെ നിലനിര്‍ത്തുകയും പുതിയതായി എയ്ഡന്‍ മര്‍ക്രമും ഷഹബാസ് അഹമ്മദ് എന്നിവരെ ടീമിലെത്തുകയും ചെയ്തു. ബാറ്റിങ് നിരയ്ക്ക് ആഴമേകാന്‍ ഡേവിഡ് മില്ലറും അബ്ദുള്‍ സമദും ടീമിലുണ്ട്. ഏകദിന അരങ്ങേറ്റത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 150 റണ്‍സ് നേടിയ മാത്യു ബ്രീറ്റ്സ്‌കെ ഓപ്പണിങ് ഓപ്ഷനായി ടീമിലുണ്ട്. ഐപിഎല്‍ 2025 ല്‍ ബാറ്ററായി മാത്രം കളിക്കാന്‍ അനുമതി ലഭിച്ച മിച്ചല്‍ മാര്‍ഷാണ് ടീമിലുള്ള മറ്റൊരു ഓപ്പണര്‍.

ലഖ്നൗ ബോളിങ് ആക്രമണം നയിക്കുന്നത് മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന്‍ (ഇരുവരെയും നിലനിര്‍ത്തി), ആവേശ് ഖാന്‍, ആകാശ് ദീപ് എന്നീ ഇന്ത്യന്‍ താരങ്ങളാണ്. എന്നാല്‍ ഇവരെല്ലാം പരിക്കിന്റെ പിടിയിലാണെന്നതാണ് ലഖ്നൗവിനെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ യുവതാരങ്ങളായ പ്രിന്‍സ് യാദവ് (സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡെല്‍ഹിയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരന്‍), ആകാശ് സിംഗ്, രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചേക്കും. ടീം നിലനിര്‍ത്തിയ രവി ബിഷ്‌ണോയിയാണ് സ്പിന്‍ ബോളിങ്ങിലെ പ്രതീക്ഷ. 2024ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയവരില്‍ രണ്ടാമനാണ് ബിഷ്‌ണോയി. ലഖ്നൗവിലെ പിച്ചുകള്‍ സ്പിന്‍-അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News