പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ വാര്‍ഷിക കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ; രോഹിത്തിനെയും കോഹ്ലിയെയും ജഡേജയേയും എ പ്ലസ് ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് തരംതാഴ്ത്തിയേക്കും; ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ കരാറുകള്‍ പുനസ്ഥാപിക്കും

Update: 2025-03-27 12:02 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ വാര്‍ഷിക കരാര്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് തരംതാഴ്ത്തിയേക്കും.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിതും കോഹ്ലിയും ജഡേജയും ഈ ഫോര്‍മാറ്റില്‍ നിന്ന് അകന്നതിനാലാണ് അവര്‍ക്ക് എ പ്ലസ് വിഭാഗത്തില്‍ തുടരാന്‍ സാധിക്കാത്തതെന്ന് കരുതുന്നു. ബി.സി.സി.ഐയുടെ നിലവിലെ മാനദണ്ഡപ്രകാരം, മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കേ എ പ്ലസ് ഗ്രേഡില്‍ അവസരം നല്‍കുകയുള്ളൂ.

2023ലെ കരാറില്‍ നിന്ന് ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍, തങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ഇത്തവണ കരാറില്‍ തിരിച്ചെത്തുമെന്നുമാണ് സൂചന. 2024ലെ കരാറിന്റെ അടിസ്ഥാനത്തില്‍, എ പ്ലസ് ഗ്രേഡിലുള്ള താരങ്ങള്‍ക്ക് വര്‍ഷത്തില്‍ ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കും. എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടി, ബി ഗ്രേഡിന് മൂന്ന് കോടി, സി ഗ്രേഡിനുള്ളവര്‍ക്ക് ഒരു കോടി രൂപ എന്നിങ്ങനെയാണ് വേതനം.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് നിലവില്‍ എ പ്ലസ് ഗ്രേഡില്‍ ഉള്ളത്. പുതിയ കരാറില്‍ മാറ്റങ്ങള്‍ വരുമോ എന്നത് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

Tags:    

Similar News