ഏഷ്യാ കപ്പിലെ മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്കും പഹല്‍ഗാമിലെ ഇരകളുടെ കുടുംബത്തിനും നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ്; പിന്നാലെ മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്കെന്ന് പാക്ക് നായകന്‍; ഏഷ്യാകപ്പ് ഫൈനലിലടക്കം ദയനീയമായി തോറ്റിട്ടും 'പ്രതികാരം' തീരാതെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം
ഏഷ്യാകപ്പ് അവസാനിച്ചിട്ടും 'പ്രതികാരം' തീരാതെ പാക്ക് ടീം
ദുബായ്: ഏഷ്യാകപ്പില്‍ കലാശപ്പോരാട്ടത്തിലടക്കം തോല്‍വി ഏറ്റുവാങ്ങിയിട്ടും ഇന്ത്യക്കെതിരെ 'പ്രകോപനം' തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്നുള്ള മാച്ച് ഫീ രാജ്യത്തെ സായുധസേനകള്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നല്‍കുമെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങളുടെ മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്ക് നല്‍കുമെന്ന് പാക് നായകന്‍ സല്‍മാന്‍ ആഗ തിരിച്ചടിക്കുകയായിരുന്നു.
പാക് ടീമിന്റെ മുഴുവന്‍ മാച്ച് ഫീയും ഓപ്പറേഷന്‍ സിന്ദൂറിലെ 'ഇരകള്‍ക്ക്' നല്‍കുമെന്നാണ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ അറിയിച്ചത്. ടീമിലെ എല്ലാവരും ചേര്‍ന്ന് കൈക്കൊണ്ട തീരുമാനമാണിതെന്നും ഇന്ത്യയുടെ ആക്രമണത്തില്‍ പരുക്കേറ്റ സാധാരണ പൗരന്‍മാര്‍ക്കും കുട്ടികള്‍ക്കുമായി തുക വിതരണം ചെയ്യുമെന്നും മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ആഗ വ്യക്തമാക്കി.
പിസിബി തലവന്‍ മുഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫി വാങ്ങാന്‍ വിസമ്മതിച്ച ഇന്ത്യയുടെ നടപടിയെയും ആഗ വിമര്‍ശിച്ചു. 'ഇന്ത്യയുടെ പ്രവര്‍ത്തി തീര്‍ത്തും നിരാശാജനകമായിരുന്നു. ഹസ്തദാനം ചെയ്യാതിരുന്നതിലൂടെ ഇന്ത്യ ഞങ്ങളെയല്ല, ക്രിക്കറ്റിനെയാണ് അപമാനിച്ചത്. നല്ല ടീമുകള്‍ ഒരിക്കലും ഇന്ത്യ ചെയ്തതു പോലെ ചെയ്യില്ല'- ആഗ പറഞ്ഞു. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് പൂര്‍ത്തിയാക്കേണ്ട എല്ലാ കടമകളും പാക്കിസ്ഥാന്‍ ടീം ചെയ്തുവെന്നും ആഗ അവകാശപ്പെട്ടു. ' ഏഷ്യാകപ്പ് ട്രോഫിക്കൊപ്പമുള്ള ഫൊട്ടോഷൂട്ടിന് ഞങ്ങള്‍ പോയി. അത് ഞങ്ങളുടെ കടമയായിരുന്നു. സമ്മാനദാനത്തില്‍ പങ്കെടുത്തു, മെഡലുകള്‍ സ്വീകരിച്ചു. കടുത്ത വാക്കുകളൊന്നും ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇന്ത്യയുടെ പെരുമാറ്റം തീര്‍ത്തും അപമാനകരമായിരുന്നു'- പാക് ക്യാപ്റ്റന്‍ പറഞ്ഞു.
ഏഷ്യാകപ്പ് ഫൈനലില്‍ കിരീടം നേടിയതിന് പിന്നാലെ നഖ്‌വിയില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതോടെ ട്രോഫിയുമായി നഖ്വി ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. വലിയ വിമര്‍ശനമാണ് നഖ്‌വിയുടെ നടപടിക്കെതിരെ ഉയരുന്നത്. അതേസമയം, ഇന്ത്യയുടെ കുല്‍ദീപ് യാദവ്, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പാക് ക്യാപ്റ്റന്‍ ആഗ, നഖ്‌വിയില്‍ നിന്നും റണ്ണേഴ്‌സ് അപിനുള്ള ചെക്ക് ഏറ്റുവാങ്ങിയെങ്കിലും അത് വലിച്ചെറിയുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ക്കും രാജ്യത്തെ സൈനികര്‍ക്കുമായി തന്റെ ഏഷ്യാകപ്പ് മാച്ച് ഫീ പൂര്‍ണമായും നല്‍കുമെന്നായിരുന്നു സൂര്യകുമാറിന്റെ പ്രഖ്യാപനം. ഈ ടൂര്‍ണമെന്റിലെ എന്റെ മാച്ച് ഫീ, നമ്മുടെ സായുധ സേനയെയും പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. നിങ്ങള്‍ എപ്പോഴും എന്റെ ചിന്തകളിലുണ്ട്. - സൂര്യകുമാര്‍ കുറിച്ചു.
നേരത്തേ പാകിസ്ഥാനെതിരായ മത്സരശേഷം നടത്തിയ പഹല്‍ഗാം പരാമര്‍ശത്തില്‍ സൂര്യകുമാര്‍ യാദവിനെതിരേ ഐസിസി പിഴ ചുമത്തിയിരുന്നു. മാച്ച് ഫീയുടെ 30% ആണ് സൂര്യകുമാറിന് പിഴയായി വിധിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയിലാണ് ഐസിസിയുടെ നടപടി. പാകിസ്ഥാനെതിരായ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം ജയിച്ചശേഷം, സൂര്യകുമാര്‍ യാദവ് വിജയം പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇന്ത്യന്‍ സേനയ്ക്കുമായി സമര്‍പ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പാകിസ്ഥാന്റെ പരാതി. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ ബാറ്റുയര്‍ത്തി വെടിവെക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ച പാക് താരം സാഹിബ്സദ ഫര്‍ഹാനും വിമാനം വീഴുന്ന ആംഗ്യം കാണിച്ച ഹാരീസ് റൗഫിനെതിരേയും ഐസിസി നടപടിയെടുത്തിരുന്നു. റൗഫിന് മാച്ച് ഫീയുടെ 30% ആണ് പിഴയായി വിധിച്ചത്. ഫര്‍ഹാന് താക്കീതും കിട്ടിയിരുന്നു.
നിരപരാധികളായ, നിരായുധരായ 26 പേര്‍ക്കാണ് പഹല്‍ഗാമില്‍, പാക് ഭീകരരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരത്താവളങ്ങള്‍ക്ക് നേരെ മാത്രമാണ് ആക്രമണം നടത്തിയത്. സാധാരണക്കാരെ ലക്ഷ്യമിടാതെ നിയന്ത്രിതവും കൃത്യവുമായിരുന്നു ഇന്ത്യന്‍ ആക്രമണം. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരത്താവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്.