രാജസ്ഥാന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; സഞ്ജു ബാറ്റിങ്ങില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്; വിക്കറ്റ് കീപ്പിങ്ങില്‍ ആശങ്ക; ജയസ്വാളും തിരികെ എത്തി; ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക സഞ്ജും ജയസ്വാളും ചേര്‍ന്ന്
ജയ്പൂര്‍: ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഈ മാസം 22 ന് തുടക്കമാകും. ആരാധകര്‍ ഏറെ ഉള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ സഞ്ജു സാംസണും യശ്വസി ജയ്‌സ്വളിനും പരിക്കിനെ തുടര്‍ന്ന് ഇവര്‍ക്ക് ആദ്യ മത്സരം നഷ്ടമാകുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് സന്തോഷം തരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ടീമില്‍ നിന്നും പുറത്ത് വരുന്നത്.
പരിക്കില്‍നിന്ന് മുക്തരായ നായകന്‍ സഞ്ജു സാംസണും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ആദ്യ മത്സരം കളിക്കാനിറങ്ങും. ഇരുതാരങ്ങളും ഫിറ്റാണെന്ന് ടീം അറിയിച്ചു. ഈമാസം 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കിടെ വലതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ സഞ്ജു ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലായിരുന്നു. താരത്തിന് ബാറ്റ് ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും വിക്കറ്റ് കീപ്പ് ചെയ്യാനാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് അറിയാനാകും. തുടര്‍ന്ന് താരം ടീമില്‍ ചേരും.
കാല്‍ക്കുഴക്കേറ്റ പരിക്കില്‍നിന്ന് മുക്തനായ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം ജയ്പൂരിലെ ടീമിന്റെ പരിശീലന ക്യാമ്പില്‍ എത്തിയിരുന്നു. നേരത്തെ, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പ്രാഥമിക സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ജയ്‌സ്വാളിനെ അന്തിമ ടീമില്‍നിന്ന് ഒഴിവാക്കി റിസര്‍വ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ അന്തിമ സ്‌ക്വാഡിലെത്തിയത്. ഇംഗ്ലീഷ് താരം ജോസ് ബട്ലര്‍ ടീം വിട്ടതോടെ ഇത്തവണ രാജസ്ഥാനായി ജയ്‌സ്വാളും സഞ്ജുവുമാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.