ഗുജറാത്തിനെതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന് തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്റ്റന്‍ സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ഐപിഎല്‍ പെരുമാറ്റച്ചട്ടം ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് നടപടി
അഹമ്മദാബാദ്: ഐപിഎല്‍ 2025 സീസണില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 58 റണ്‍സിന് തോറ്റു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഈ മത്സരം രാജസ്ഥാന് ഈ സീസണില്‍ ഏറ്റുവാങ്ങുന്ന മൂന്നാമത്തെ തോല്‍വിയാണ്. സഞ്ജു സാംസന്റെ നേത്യത്വത്തില്‍ വന്ന ശേഷം ഇതാദ്യമായാണ് രാജസ്ഥാന് പരാജയം അനുഭവിക്കുന്നത്.
തോല്‍വിക്കൊപ്പം രാജസ്ഥാന്‍ ടീം കുറച്ച് ഓവര്‍ നിരക്ക് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ സഞ്ജുവിനും ടീമംഗങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഴ ചുമത്തിയത്. സഞ്ജുവിന് 24 ലക്ഷം രൂപയും ഇംപാക്ട് പ്ലെയര്‍ അടക്കം മറ്റ് താരങ്ങള്‍ക്ക് മാച്ച് ഫിയുടെ 25 ശതമാനവുമാണ് പിഴ ചുമത്തിയത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് നടപടി.
കഴിഞ്ഞതവണ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയും ഇത്തരം പിഴയുണ്ടായിരുന്നുവെന്ന് ബിസിസിഐ അറിയിച്ചു. അന്നത്തെ മത്സരത്തില്‍ സഞ്ജു കളിക്കാതിരുന്നതിനാല്‍ ക്യാപ്റ്റന്‍ ആയിരുന്ന റിയാന്‍ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മത്സരത്തിലെ പ്രകടനത്തിലേക്ക് നോക്കിയാല്‍, ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്തു 217 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ മറുപടി ബാറ്റിംഗില്‍ 159 റണ്‍സിലാണ് ഒതുങ്ങിയത്. ശക്തമായ സ്‌കോറിന്മേല്‍ സമ്മര്‍ദ്ദം നേരിടാനാകാതെ പോയ രാജസ്ഥാന്‍ അവസാനത്തോടെ തകര്‍ന്നു.