കളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു; തക്കതായ മറുപടിയും നല്‍കി; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ വിശദീകരണവുമായി സുര്യകുമാര്‍ യാദവ്; ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍; ആ തീരുമാനം ഉന്നതതലത്തില്‍ നിന്ന്
കളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു
ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരത്തില്‍ താരങ്ങളുമായി ഹസ്തദാനം വേണ്ടെന്ന തീരുമാനം ഉന്നതതലത്തില്‍ നിന്ന് ടീമിന് ലഭിച്ചതായി സൂചന.മത്സരശേഷമുള്ള അഭിമുഖത്തിനിടെയാണ് കളക്കളത്തിലെ തങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിശദീകരിച്ചത്.തങ്ങള്‍ കളിക്കാന്‍ മാത്രമാണ് വന്നതെന്നും തക്കതായ മറുപടി നല്‍കിയെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.
കളിക്കാന്‍ വേണ്ടി മാത്രം വന്നതുകൊണ്ട് ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു. തക്കതായ മറുപടിയും നല്‍കി. ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും സൂര്യകുമാര്‍ മത്സരശേഷം പറഞ്ഞു. എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമായ പ്രേരണയുണ്ടോ എന്ന ചോദ്യത്തിന് ജീവിതത്തിലെ ചില കാര്യങ്ങള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനേക്കാള്‍ വലുതാണെന്നാണ് സൂര്യകുമാര്‍ മറുപടി നല്‍കിയത്. ഇക്കാര്യം ഞാന്‍ സമ്മാനദാന ചടങ്ങിലും പറഞ്ഞിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിലെ എല്ലാ ഇരകള്‍ക്കൊപ്പവും ഞങ്ങള്‍ നിലകൊള്ളുന്നു. - സൂര്യകുമാര്‍ പറഞ്ഞു.
അവരുടെ കുടുംബങ്ങള്‍ക്കൊപ്പവും ഞങ്ങള്‍ നിലകൊള്ളുന്നു. ഞങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഞാന്‍ പറഞ്ഞതുപോലെ, ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത നമ്മുടെ ധീരരായ സായുധ സേനാംഗങ്ങള്‍ക്കായി ഞങ്ങള്‍ ഈ വിജയം സമര്‍പ്പിക്കുന്നു. അവര്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് പോലെ, അവസരം ലഭിക്കുമ്പോഴെല്ലാം സാധ്യമെങ്കില്‍ അവരെയും പ്രചോദിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. - അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്.മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല.സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.
മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റര്‍ പ്രസന്റേഷന്‍ പാക് നായകന്‍ സല്‍മാന്‍ അഗ ഒഴിവാക്കുകയും ചെയ്തു. തങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകന്‍ പ്രതികരിച്ചു.മത്സരത്തിന് തലേ ദിവസം തന്നെ ബിസിസിഐ ഓഫീഷ്യല്‍സ് ഒന്നും തന്നെ കളി കാണാന്‍ എത്തില്ലെന്ന് സൂചനയുണ്ടായിുന്നു.
മത്സരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തങ്ങളുടെ അഭാവത്തിലൂടെയാണ് ജെയ്ഷ ഉള്‍പ്പടെയുള്ള ഒഫീഷ്യല്‍സ് പ്രതിഷേധങ്ങളോട് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.നേരത്തെ ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.