'വാട്ട് എ ഷോട്ട്, സ്‌കൈ ഷോട്ട്'; ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് 'സ്‌കൈ ഷോട്ടി'ലൂടെ ഫൈന്‍ ലെഗിന് മുകളിലൂടെ സിക്‌സര്‍ പറത്തി സൂര്യകുമാര്‍; ആ ഷോട്ട് എനിക്ക് സ്വപ്‌നം കാണാനെ ആകൂ എന്ന് റിക്കിള്‍ട്ടണ്‍: വീഡിയോ

Update: 2025-04-01 06:44 GMT

ഐപിഎല്ലില്‍ ഇന്നലെ മുംബൈ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് മുംബൈ ഇന്നലെ തോല്‍പ്പിച്ചത്. 117 റണ്‍സ് വിജയലക്ഷ്യം മുംബൈ 12.5 ഓവറില്‍ മറികടന്നു. മുംബൈ ഇന്ത്യന്‍സിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വിജയത്തില്‍ സൂര്യകുമാര്‍ യാദവ് നേടിയ അമ്പരപ്പിക്കുന്ന ഷോട്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ ഫൈന്‍ ലെഗില്‍ പിറന്ന ഒരു മനോഹരമായ സിക്‌സ് ഉള്‍പ്പെടെ വെറും ഒമ്പത് പന്തില്‍ നിന്ന് 27* റണ്‍സ് നേടാന്‍ സൂര്യകുമാറിന് ഇന്നലെ ആയി.

ആന്‍ഡ്രെ റസല്‍ എറിഞ്ഞ 11ാം ഓവറിലെ രണ്ടാംപന്തിലായിരുന്നു അത്. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് സ്വതസിദ്ധമായ 'സ്‌കൈ ഷോട്ടി'ലൂടെ സൂര്യകുമാര്‍ ഫൈന്‍ ലെഗിന് മുകളിലൂടെ സിക്‌സറിന് പറത്തി. ശേഷം നേരിട്ട ഏഴ് പന്തില്‍ 21 റണ്‍സ് കൂടി നേടി സൂര്യകുമാര്‍ മുംബൈയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. 41 പന്തില്‍ നിന്ന് 62 റണ്‍സുമായി മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച റിക്കിള്‍ട്ടണ്‍ സൂര്യകുമാറിന്റെ ഷോട്ട് അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞു. 'ക്വിന്റണ്‍ ഡി കോക്കിനോട് സൂര്യകുമാര്‍ ഒരു തമാശക്കാരനാണെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമാണിത്.'' ഷോട്ടിനെ കുറിച്ച് റിക്കിള്‍ട്ടന്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് പിഴുത അശ്വനി കുമാറാണ് കെ.കെ.ആര്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 26 റണ്‍സെടുത്ത അംഗ്രിഷ് രഘുവന്‍ഷിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 16.2 ഓവറില്‍ കെ.കെ.ആര്‍ 116 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് അശ്വനി കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തിയത്. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്തക്ക് ആ തകര്‍ച്ചയില്‍നിന്ന് പിന്നീട് കരകയറാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. പവര്‍പ്ലേയില്‍ 55 റണ്‍സാണ് മുംബൈ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. ഇതിനിടെ ഫോം കണ്ടെത്താന്‍ ഉഴറുന്ന സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായിരുന്നു. 12 പന്തില്‍ ഒരു സിക്‌സിന്റെ അകമ്പടിയോടെ 13 റണ്‍സെടുത്ത താരം, ആന്ദ്രേ റസ്സലിന്റെ പന്തില്‍ ഹര്‍ഷിത് റാണക്ക് വിക്കറ്റ് സമ്മാനിച്ചാണ് കൂടാരം കയറിയത്. സ്‌കോര്‍ 91ല്‍ നില്‍ക്കേ 16 റണ്‍സെടുത്ത വില്‍ ജാക്‌സ് രഹാനെക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇത്തവണയും റസ്സലിനു തന്നെയാണ് വിക്കറ്റ്. അര്‍ധ സെഞ്ച്വറി നേടിയ റയാന്‍ റിക്കിള്‍ടണാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 41 പന്ത് നേരിട്ട താരം 62 റണ്‍സുമായി പുറത്താകാതെ നിന്നു.

Tags:    

Similar News