ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്ക; 74 റണ്‍സിന് ഓള്‍ഔട്ട്; ഒന്നാം ടി20 യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; കട്ടക്കില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 101 റണ്‍സിന്; തിരിച്ചുവരവില്‍ രക്ഷകനായി ഹര്‍ദ്ദിക് പാണ്ഡ്യ
ഒന്നാം ടി20 യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം
കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.101 റണ്‍സിനാണ് സന്ദര്‍ശകരെ ഇന്ത്യ തകര്‍ത്തുവിട്ടത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്‍സിന് എല്ലാവരും പുറത്തായി.അര്‍ഷദീപ് സിങ്ങ്,ജസ്പ്രീത് ബുംറ,അക്ഷര്‍ പട്ടേല്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.14 റണ്‍സ് വീതമെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യയെ തകര്‍പ്പന്‍ അടികളിലൂടെ അര്‍ധസെഞ്ച്വറി നേടി മികച്ച സ്‌കോറിലേക്കെത്തിക്കുകയും 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഹീറോ.ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
രണ്ടാം പന്തില്‍തന്നെ ഡി കോക്ക് മടക്കി 176 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപ് സിങ് തുടക്കത്തിലേ ഞെട്ടിച്ചു. അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഡക്കായി മടങ്ങിയത്.മൂന്നാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലേക്ക് എത്തിച്ച് അര്‍ഷ്ദീപ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.9 പന്തില്‍ 14 റണ്‍സാണ് സ്റ്റബ്‌സിന്റെ സമ്പാദ്യം.പിന്നീട് ഒരവസരത്തിലും ടീമിന് തിരിച്ചുവരാനായില്ല.പിന്നീട് മാര്‍ക്രം (14), ഡേവിഡ് മില്ലര്‍ (1),ഡെനോവന്‍ ഫെറെയ്‌റ (5),മാര്‍ക്കോ ജാന്‍സന്‍ (12) എന്നിങ്ങനെ തുടരത്തുടരേ വിക്കറ്റുകള്‍ വീണതോടെ ദക്ഷിണാഫ്രിക്ക പതറി.34 റണ്‍സെടുത്തുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കക്ക് അവസാന എട്ട് വിക്കറ്റുകള്‍ നഷ്ടമായത്.ഹര്‍ദ്ദിക്ക് പാണ്ഡ്യ,ശിവം ദുബൈ എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു.28 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മ 26 റണ്‍സെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ 23ഉം അഭിഷേക് ശര്‍മ 17ഉം റണ്‍സെടുത്തു. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 4 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നിരാശപ്പെടുത്തി.ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് ശുഭ്മാന്‍ ഗില്‍ തുടങ്ങിയത്.എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ മാര്‍ക്കോ യാന്‍സന്റെ കൈകളിലെത്തിച്ച് എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു. എന്‍ഗിഡി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ സിക്സും നേടി പ്രതീക്ഷ നല്‍കിയ സൂര്യകുമാര്‍ യാദവ് അടുത്ത പന്തില്‍ വീണു. 11 പന്തില്‍12 റണ്‍സെടുത്ത സൂര്യയെ എന്‍ഗിഡിയുടെ പന്തില്‍ ഏയ്ഡന്‍ മാര്‍ക്രം പിടികൂടി.
ആദ്യ മൂന്നോവറില്‍ 3 പന്ത് മാത്രമാണ് അഭിഷേക് ശര്‍മ നേരിട്ടത്.മൂന്നോവറില്‍ 18-2 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് നാലാം ഓവറില്‍ സിക്സ് നേടിയ അഭിഷേക് ശര്‍മ പ്രതീക്ഷ നല്‍കി.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി നേടിയ തിലക് വര്‍മ ഇന്ത്യയെ 40 റണ്‍സിലെത്തിച്ചു.പവര്‍ പ്ലേക്ക് പിന്നാലെ അഭിഷേക് ശര്‍മ വീണു. 12 പന്തില്‍ 17 റണ്‍സെടുത്ത അഭിഷേകിനെ സിംപാലയുടെ പന്തില്‍ യാന്‍സന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. 48-3 എന്ന സ്‌കോറില്‍ പതറിയ ഇന്ത്യയെ അക്സര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്ന് 30 റണ്‍സ് കൂട്ടുകെട്ടിലൂടെ 78 റണ്‍സിലെത്തിച്ചു. 32 പന്തില്‍ 26 റണ്‍സെടുത്ത തിലകിനെ പുറത്താക്കിയ എന്‍ഗിഡി ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദ്ദിക് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. അക്സര്‍ പട്ടേലും(21 പന്തില്‍ 23), ശിവം ദുബെയും(11) വലിയ സ്‌കോര്‍ നേടാതെ മടങ്ങിയപ്പോള്‍ 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പാണ്ഡ്യ ഇന്ത്യയെ 150 കടത്തി.
സിംപാല എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പാണ്ഡ്യയും ജിതേ് ശര്‍മയും ചേര്‍ന്ന് 18 റണ്‍സടിച്ചപ്പോള്‍ ആന്റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സ് അടക്കം 12 റണ്‍സ് കൂടി നേടി ഇന്ത്യ 175 റണ്‍സിലെത്തി. 28 പന്തല്‍ ഹാര്‍ദ്ദിക് 59 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജിതേഷ് ശര്‍മ 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി എന്‍ഗിഡി 31 റണ്‍സിന് മൂന്നും ലൂത്തോ സിംപാല 38 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.
