ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഖാലിദ് ജമീലിന്റെ ടീമിൽ ഇടം നേടി റയാൻ വില്യംസ്; അനുമതി കാത്ത് ഓസ്ട്രേലിയൻ വംശജൻ
ധാക്ക: ബംഗ്ലാദേശിനെതിരായ ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ. ചൊവ്വാഴ്ച ധാക്കയിൽ നടക്കുന്ന മത്സരത്തിൽ കളിക്കാനാണ് ടീം തയ്യാറെടുക്കുന്നത്. ഓസ്ട്രേലിയൻ വംശജനായ റയാൻ വില്യംസ് ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഫുട്ബോൾ ഓസ്ട്രേലിയ, ഫിഫ, എഎഫ്സി എന്നിവയിൽ നിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ താരത്തിന് മത്സരത്തിൽ കളിക്കാൻ സാധിക്കൂ.
ഇന്ത്യയുടെ യോഗ്യതാ സാധ്യതകൾ കഴിഞ്ഞമാസം സിംഗപ്പൂരിനോട് തോറ്റതോടെ അവസാനിച്ചിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിൽ രണ്ട് പോയിന്റുകളുമായി ഇന്ത്യ അവസാന സ്ഥാനത്താണ്. ബംഗ്ലാദേശിനും ഇത്രയും പോയിന്റുകളുണ്ട്. അതുകൊണ്ടുതന്നെ ഈ മത്സരം ഇരു ടീമുകൾക്കും കാര്യമായ പ്രധാന്യമില്ല. നവംബർ 6 മുതൽ ബംഗളൂരുവിൽ പരിശീലനം ആരംഭിച്ച ഇന്ത്യൻ ടീം ശനിയാഴ്ച വൈകുന്നേരത്തോടെ ധാക്കയിൽ എത്തിച്ചേരും.
റയാൻ വില്യംസ് അടുത്തിടെയാണ് ഇന്ത്യൻ പാസ്പോർട്ട് നേടിയത്. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ ഫുട്ബോളിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഫിഫയുടെയും ബന്ധപ്പെട്ട ഫുട്ബോൾ അസോസിയേഷനുകളുടെയും അനുമതി ലഭിക്കേണ്ടത് നിർബന്ധമാണ്. ഖാലിദ് ജമീലിന്റെ കീഴിൽ ഇന്ത്യൻ ടീം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏഷ്യൻ കപ്പിൽ യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും, വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനായാണ് ടീം ലക്ഷ്യമിടുന്നു.