അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ് ലഹരി മാഫിയ ബന്ധമെന്ന ആരോപണം; കടിച്ച പാമ്പുകള്‍ തന്നെ വിഷം ഇറക്കട്ടെയെന്ന് സിപിഎം നേതൃത്വം; ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ റോണി പാണംതുണ്ടിലും ഏരിയ സെക്രട്ടറിയും നാളെ പത്രസമ്മേളനത്തില്‍ ഖേദം പ്രകടിപ്പിക്കും; ദിവ്യ റെജി മുഹമ്മദിനെതിരായ ആരോപണം തിരിച്ചടിക്കുമ്പോള്‍

ദിവ്യ റെജി മുഹമ്മദിനെതിരായ ആരോപണം തിരിച്ചടിക്കുമ്പോള്‍

Update: 2025-03-30 17:10 GMT

അടൂര്‍: നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം ഉന്നയിച്ച സിപിഎം കൗണ്‍സിലര്‍ റോണി പാണംതുണ്ടിലിനും പിന്നില്‍ പ്രവര്‍ത്തിച്ച ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജിനും തിരിച്ചടി. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച റോണിയും സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജും നാളെ വാര്‍ത്താ സമ്മേളനം വിളിച്ച് ഖേദം പ്രകടിപ്പിക്കും. ഇതിനായി നാളെ രാവിലെ 10.30 ന് അടൂര്‍ ഏരിയ സെക്രട്ടറി അടൂരില്‍ പത്രസമ്മേളനം വിളിച്ചു. സിപിഎം ഏരിയ കമ്മറ്റി അംഗമായ ദിവ്യയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ വേണ്ടി ഏരിയ സെക്രട്ടറി മനോജ് നടത്തിയ നാടകത്തിന്റെ ഭാഗമായിട്ടായിരുന്നു സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ റോണി പാണംതുണ്ടിലിനെ കൊണ്ട് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഈ നാടകം തിരിച്ച് അടിക്കുന്നതാണ് കണ്ടത്.

റോണി പാണംതുണ്ടിലിന്റെ ആരോപണത്തിനെതിരേ ദിവ്യ റെജി മുഹമ്മദ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിനും പരാതി നല്‍കി. ഇത് അഡ്വ. എസ്. മനോജിന്റെ കുബുദ്ധിയാണെന്ന് കാട്ടി മറുനാടന്‍ വാര്‍ത്തയും നല്‍കി. ക്ലീന്‍ ഇമേജുളള ദിവ്യയ്ക്കെതിരായ ആരോപണം ആസൂത്രിതം ആണെന്ന് മനസിലാക്കിയ എം.വി. ഗോവിന്ദന്‍ വിഷയം ഏരിയാ കമ്മറ്റി ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ചേര്‍ന്ന ഏരിയ കമ്മറ്റി യോഗത്തില്‍ ആരോപണം ആസൂത്രിതമാണെന്ന് കണ്ടെത്തി. സിപിഎം സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി കൂടിയായ രാജു ഏബ്രഹാം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ റോണി പാണംതുണ്ടില്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് മാപ്പു പറയണമെന്ന് അഭിപ്രായം ഉയര്‍ന്നു. ഏരിയാ സെക്രട്ടറി എസ്. മനോജ് വാര്‍ത്താ സമ്മേളനം വിളിക്കണമെന്നും ആ യോഗത്തില്‍ റോണി പരസ്യമായി ഖേദം പ്രകടിപ്പിച്ച് ആരോപണം പിന്‍വലിക്കണമെന്നുമാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏരിയ സെക്രട്ടറി നാളെ രാവിലെ 10.30 ന് വാര്‍ത്താ സമ്മേളനം അടൂരില്‍ വിളിച്ചിരിക്കുന്നത്.

ദിവ്യ റെജി മുഹമ്മദിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് നീക്കി ഏരിയാ, ജില്ലാ നേതാക്കള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു കൗണ്‍സിലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ലഹരി മരുന്ന് ബന്ധം സംബന്ധിച്ച ആരോപണം. മുഖ്യസൂത്രധാരന്‍ എസ്. മനോജ് എന്ന ഏരിയ സെക്രട്ടറി ആയിരുന്നു. അടൂര്‍ നഗരസഭ ഭരണം സിപിഎമ്മും സിപിഐയും പങ്കു വയ്ക്കുകയായിരുന്നു. ആദ്യ ഊഴത്തില്‍ സിപിഐ ജില്ലാ അസി. സെക്രട്ടറി ടി.ഡി. സജി ആയിരുന്നു ചെയര്‍പേഴ്സണ്‍. ദിവ്യ റെജി മുഹമ്മദ് വൈസ് ചെയര്‍പേഴ്സനുമായി. രണ്ടര വര്‍ഷത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് ലഭിച്ചു. സിപിഎം കൗണ്‍സിലര്‍മാരായ ഷാജഹാന്‍, മഹേഷകുമാര്‍ എന്നിവര്‍ ചെയര്‍മാനാകാന്‍ രംഗത്തു വന്നു. ഏരിയാ സെക്രട്ടറിക്കും ജില്ലാ നേതാക്കള്‍ക്കും ഷാജഹാനെ ചെയര്‍മാനാക്കാനായിരുന്നു താല്‍പര്യം. ഇദ്ദേഹമാകട്ടെ പട്ടികജാതിക്കാര്‍ക്കുള്ള ഭൂമി മറിച്ചു വിറ്റ് അഴിമതി നടത്തിയ കേസില്‍ പ്രതിയാണ്. തര്‍ക്കം മുറുകിയപ്പോള്‍ ദിവ്യ റെജി മുഹമ്മദിനെ ചെയര്‍പേഴ്സണ്‍ ആക്കാന്‍ നേതൃത്വം തീരുമാനിച്ചു. അവസാന ഒരു വര്‍ഷം ഷാജഹാന് നല്‍കാമെന്ന് വാക്കാല്‍ ധാരണയുമുണ്ടാക്കി.

ഇതേ രീതിയില്‍ കടമ്പനാട് പഞ്ചായത്തിലും സിപിഎം പ്രസിഡന്റ് സ്ഥാനം പങ്കു വയ്ക്കാന്‍ ധാരണയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന അംഗം സിന്ധു ദിലീപ് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, ഏരിയാ നേതാവ് ഇടപെട്ട് ബന്ധു കൂടിയായ പുതുമുഖം പ്രിയങ്ക പ്രതാപിനെ പ്രസിഡന്റാക്കി. രണ്ടര വര്‍ഷം കഴിഞ്ഞ് സിന്ധുവിന് കൊടുക്കാമെന്നും ധാരണയുണ്ടാക്കി. പ്രസിഡന്റായ പ്രിയങ്ക പാര്‍ട്ടിക്ക് വഴങ്ങാതെ മുന്നോട്ടു പോയെങ്കിലും ധാരണ പ്രകാരം മാറ്റി സിന്ധുവിന് കൊടുക്കാന്‍ ഏരിയാജില്ലാ നേതൃത്വങ്ങള്‍ തയാറായില്ല. ഇതേ കാരണം കൊണ്ടു തന്നെ അടൂര്‍ നഗരസഭയില്‍ ദിവ്യയെ മാറ്റി മറ്റൊരാള്‍ക്ക് ചെയര്‍മാന്‍ സ്ഥാനം കൊടുക്കണ്ട എന്ന അഭിപ്രായം ഉയര്‍ന്നു. ഷാജഹാന്‍ ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടതോടെ വെട്ടിലായ ഏരിയ നേതൃത്വം ദിവ്യയെ മാറ്റുന്നതിന് കണ്ടു പിടിച്ച കുറുക്കു വഴിയായിരുന്നു ലഹരി മരുന്ന് ബന്ധമെന്ന ആരോപണം. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി സമരവും തുടങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തെ മറി കടന്ന് മനോജ് ആണ് ഇവരെ നിയന്ത്രിക്കുന്നത് എന്ന ആരോപണം സജീവമാണ്. സിപിഎം വിചാരിക്കുന്നതു പോലെ കോണ്‍ഗ്രസ് നീങ്ങിയെങ്കിലും ലഹരി മരുന്ന് മാഫിയ ബന്ധമെന്ന ആരോപണം പാര്‍ട്ടിയില്‍ തിരിച്ചടിച്ചു.

ക്ലീന്‍ ഇമേജുള്ള ദിവ്യയ്ക്ക് എതിരേ വന്ന ആരോപണത്തിന് പിന്നില്‍ ഏരിയാ നേതൃത്വമാണെന്ന് പുറത്തു വരുമെന്ന് കണ്ടതോടെ റോണി പാണംതുണ്ടിലിനെതിരേ വിശദീകരണം ചോദിച്ചുള്ള നാടകം അരങ്ങേറി. എന്നാല്‍, ആരോപണം മൂലം മാനസികമായി തകര്‍ന്ന ദിവ്യ റെജി മുഹമ്മദ് സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു. രാജി വയ്ക്കില്ലെന്ന നിലപാടുമെടുത്തു. തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച റോണിക്കെതിരേ നിയമ നടപടി കൂടിയായതോടെ ഏരിയാ നേതൃത്വം വെട്ടിലായി. സിപിഎം നഗരസഭാധ്യക്ഷയ്ക്കെതിരേ സ്വന്തം പാര്‍ട്ടി അംഗം തന്നെ ശബ്ദരേഖ ഇട്ടതും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതും ഗൂഢാലോചനയുടെ ഭാഗമാണ് എന്ന നിലപാടിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഇതോടെയാണ് കടിച്ചതും കടിപ്പിച്ചതുമായ പാമ്പുകളെ കൊണ്ട് വിഷമിറക്കാന്‍ ധാരണയായത്. സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് വഴങ്ങി ഖേദം പ്രകടിപ്പിക്കാനുള്ള നീക്കം ഏരിയ സെക്രട്ടറിക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

Tags:    

Similar News