- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടുകള്‍ ചോരാതെ കാക്കാനും ചാഞ്ചാടുന്ന വോട്ടുകള്‍ പെട്ടിയിലാക്കാനും അണിയറ നീക്കം സജീവം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടൈറ്റ് ഫൈറ്റ് നടക്കുന്നത് കോഴിക്കോട്; പാലക്കാട് എന്തും സംഭവിക്കാം; മലബാറില്‍ പോര് ശക്തം; തട്ടകങ്ങളില്‍ വിള്ളല്‍; കോട്ടകളില്‍ ആശങ്ക; ഭരണത്തുടര്‍ച്ചയോ മാറ്റമോ? വിധി നിശ്ചയിക്കാന്‍ ആ '25' മണ്ഡലങ്ങള്‍; പ്രവചനാതീതമായി കേരളം

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുക സംസ്ഥാനത്തെ 25 ഓളം വരുന്ന നിര്‍ണ്ണായക മണ്ഡലങ്ങളിലെ ജനവിധിയാകും. ഇരുമുന്നണികള്‍ക്കും ഒരേപോലെ വിജയപ്രതീക്ഷയുള്ള, എന്നാല്‍ അടിയൊഴുക്കുകള്‍ പ്രവചനാതീതമായ ഈ മണ്ഡലങ്ങളിലെ നേരിയ വോട്ടു വ്യത്യാസം പോലും ഭരണ സിംഹാസനത്തിലേക്കുള്ള വഴിമാറ്റിയേക്കാം. ഈസി 'വാക്ക് ഓവര്‍' പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ പല പ്രമുഖര്‍ക്കും ശക്തരായ എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തിയതോടെ കേരളം ശരിക്കും ഒരു ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത്.
തട്ടകങ്ങളില്‍ വിള്ളല്‍; കോട്ടകളില്‍ ആശങ്ക
എല്‍.ഡി.എഫിന്റെ കൈവശമിരിക്കുന്ന പല ഉറച്ച സീറ്റുകളിലും ഇക്കുറി പോരാട്ടം കടുത്തതാണ്. ഭരണവിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന യു.ഡി.എഫ് പ്രതീക്ഷയും, സുശക്തമായ സംഘടനാ സംവിധാനത്തിലൂടെ അത് മറികടക്കാമെന്ന എല്‍.ഡി.എഫ് ആത്മവിശ്വാസവും തമ്മിലുള്ള ഉരസലാണ് ഈ മണ്ഡലങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ അവര്‍ പിടിക്കുന്ന വോട്ടുകള്‍ ആരുടെ ജയപരാജയങ്ങളെ ബാധിക്കുമെന്നതും നിര്‍ണ്ണായകമാണ്.
തലസ്ഥാനത്തെ ത്രികോണപ്പൂരം
തിരുവനന്തപുരം ജില്ലയില്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
നേമത്ത് എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുളള പോരാട്ടത്തിലേക്ക് കോണ്‍ഗ്രസിലെ കെ.എസ്. ശബരീനാഥന്‍ കരുത്തോടെ കടന്നുവന്നതോടെ പ്രവചനം അസാധ്യമായി.
വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തും കെ. മുരളീധരനും തമ്മിലുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത്.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് ശക്തമായ വെല്ലുവിളിയുമായി ബി.ജെ.പി എത്തിയതോടെ മണ്ഡലം ആടി ഉലയുകയാണ്.
വീറോടെ പത്തനാപുരവും ആറന്മുളയും
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കുത്തകയായ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു. ഗണേഷ് കുമാറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മത്സരമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ യുവനേതാവ് അബിന്‍ വര്‍ക്കി അട്ടിമറി സാധ്യതകള്‍ തേടുന്നു. തിരുവല്ലയില്‍ മാത്യു ടി. തോമസിനും ഇക്കുറി കാറ്റും കോളുമാണ്.
മധ്യകേരളത്തിലെ അങ്കത്തട്ട്
മന്ത്രി വി.എന്‍. വാസവന്‍ മത്സരിക്കുന്ന ഏറ്റുമാനൂരിലും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലും യു.ഡി.എഫ് അട്ടിമറി പ്രതീക്ഷിക്കുന്നു. കെ.എം. മാണിയുടെ കോട്ടയായിരുന്ന പാലായില്‍ ഇക്കുറി അടിയൊഴുക്കുകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
കൊച്ചിയിലെ ട്വന്റി-20 ഫാക്ടര്‍
കുന്നത്ത്‌നാട്, കോതമംഗലം, കൊച്ചി മണ്ഡലങ്ങളില്‍ ട്വന്റി-20 എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നത് വലിയ മാറ്റങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഈ വോട്ടുകളില്‍ വരുന്ന വിള്ളല്‍ ആരെ തുണയ്ക്കുമെന്നത് നിഗൂഢമാണ്.
മലബാറിലെ പൊരിഞ്ഞ പോര്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടൈറ്റ് ഫൈറ്റ് നടക്കുന്നത് കോഴിക്കോട് ജില്ലയിലാണ്.
പേരാമ്പ്രയും ബേപ്പൂരും അട്ടിമറി ഭീഷണിയിലാണ്.
പാലക്കാട് രമേശ് പിഷാരടി കോണ്‍ഗ്രസ്സിന് വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശോഭാ സുരേന്ദ്രന്‍ പോരാട്ടം കടുപ്പിക്കുന്നുണ്ട്.
തൃത്താലയില്‍ വി.ടി. ബല്‍റാമും എം.ബി. രാജേഷും തമ്മിലുള്ള പോരാട്ടം ഗ്ലാമര്‍ പോരാട്ടമായി മാറിക്കഴിഞ്ഞു.
തവനൂരും പൊന്നാനിയും ഇക്കുറി ഇടതുപക്ഷത്തിന് അനായാസമല്ലെന്ന് യു.ഡി.എഫ് ക്യാമ്പ് ഉറപ്പിച്ചു പറയുന്നു.
ചുരുക്കത്തില്‍, ഉറച്ച വോട്ടുകള്‍ ചോരാതെ കാക്കാനും ചാഞ്ചാടുന്ന വോട്ടുകള്‍ പെട്ടിയിലാക്കാനുമുള്ള തന്ത്രങ്ങളിലാണ് മുന്നണികള്‍. ഈ 25 മണ്ഡലങ്ങള്‍ ആരെ തുണയ്ക്കുന്നുവോ അവര്‍ക്ക് കേരളത്തിന്റെ ഭരണസാരഥ്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.


