ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഇടത്തരക്കാരെ പാട്ടിലാക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എഎപിക്ക് ഇരുട്ടടിയായി. ഇതേദിവസം തന്നെയാണ് എഎപി വിട്ട 8 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതും. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ടുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ്. എന്നാല്‍, കെജ്രിവാളിനെ അടക്കം സകലരെയും ഞെട്ടിച്ചുകൊണ്ട് റിബേറ്റ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി. കെജ്രിവാള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ രണ്ടുലക്ഷം കൂടുതല്‍.

ഫെബ്രുവരി അഞ്ചിനാണ് തലസ്ഥാനത്തെ വോട്ടെടുപ്പ്. 8ന് വോട്ടെണ്ണലും. മധ്യവര്‍ഗ്ഗത്തെ ലാക്കാക്കിയുള്ള കേന്ദ്രത്തിന്റെ ഈ തുറുപ്പ് ചീട്ട് എഎപിയുടെ നെഞ്ചിടിപ്പാണ് കൂട്ടുന്നത്. വിശേഷിച്ചും കെജ്രിവാള്‍ മത്സരിക്കുന്ന ഡല്‍ഹി മണ്ഡലത്തില്‍. കാരണം ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ഇടത്തരക്കാരാണ്.

വ്യക്തിഗത നികുതി ദായകരുടെ ശമ്പള വരുമാനത്തില്‍ എന്ത് ഇളവുകിട്ടുന്നതും അവരെ സന്തോഷിപ്പിക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ കൊണ്ട് കോളടിച്ചതും ഇടത്തരക്കാരായ നികുതി ദായകരാണ്. പ്രധാനമന്ത്രി മുതല്‍ രാഷ്ട്രപതി വരെ എല്ലാവരും മധ്യവര്‍ഗ്ഗത്തെ കുറിച്ചാണ് സംസാരിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇടത്തരക്കാരുടെ പങ്കിനെ കുറിച്ചാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനും ബജറ്റില്‍ അടിവരയിട്ടുപറഞ്ഞത്.

തന്റെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അധ:സ്ഥിതര്‍ക്ക് വേണ്ടിയാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന കെജ്രിവാളും അടുത്ത കാലത്ത് ചുവട് മാറ്റി ചവിട്ടിയിരുന്നു. ക്ഷേമ പദ്ധതികള്‍ മധ്യവര്‍ഗ്ഗക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ഏഴിന ആവശ്യങ്ങളുടെ ഭാഗമായാണ് അദ്ദേഹം ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍, ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും സുപ്രധാന മാറ്റങ്ങളാണ് വരുത്തിയത്. ആദായനികുതി റിബേറ്റ് 7 ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായി ഉയര്‍ത്തി. അതായത് 12 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ട. കെജ്രിവാള്‍ കേന്ദ്രത്തെ വെല്ലുവിളിച്ചതിനേക്കാള്‍ രണ്ടുലക്ഷം അധികം ഇളവ് അനുവദിച്ച് നിര്‍മ്മല ചെക്ക് പറഞ്ഞു.

ഡല്‍ഹിയില്‍ ഇടത്തരക്കാര്‍ നിര്‍ണായക വോട്ടുബാങ്ക്

ഡല്‍ഹിയില്‍ ജനസംഖ്യയുടെ 97 ശതമാനവും നഗരമേഖലയിലാണ് താമസിക്കുന്നത്. ശമ്പളവരുമാന കണക്കില്‍ ഏറ്റവും കൂടുതലുളളത് മധ്യവര്‍ഗ്ഗക്കാരാണ്. 67 ശതമാനം കുടുംബങ്ങളും ഇടത്തരക്കാരാണ്. ഈ വോട്ടുബാങ്കിനെ ഒരുരാഷ്ട്രീയ പാര്‍ട്ടിക്കും അവഗണിക്കാനാവില്ല.

ഡല്‍ഹി തിരഞ്ഞെടുപ്പിലെ ശമ്പള വരുമാനക്കാരായ ഇടത്തരക്കാരുടെ വോട്ടുബാങ്ക് പ്രാധാന്യം നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. എഎപിയുടെ പ്രകടന പത്രിക തന്നെ മധ്യവര്‍ഗ്ഗത്തിന്റെ പേരിലായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ കൂടുതല്‍ പണം കേന്ദ്രം ചെലവഴിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ദ്രപ്രസ്ഥത്തില്‍, ബിജെപിയും മധ്യവര്‍ഗ്ഗത്തെയാണ് പാട്ടിലാക്കാന്‍ നോക്കുന്നത്. മധ്യവര്‍ഗ്ഗക്കാരുടെ ബജറ്റെന്ന വിശേഷണം ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുമെന്ന് ഉറപ്പ്.

അതേസമയം, രണ്ടുവട്ടം അധികാരത്തിലിരുന്ന എഎപിക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളും വെല്ലുവിളികളാണ്. ഇവയൊക്കെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇതേ വോട്ടുബാങ്കിനെ തന്നെ ആശ്രയിക്കുന്ന കോണ്‍ഗ്രസിന്റെ വര്‍ദ്ധിത വീര്യവും എഎപിക്ക് വെല്ലുവിളിയാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി വീഴുക കൂടി ചെയ്യുമോ എന്നും എഎപി ഭയക്കുന്നുണ്ട്.

ഡല്‍ഹി നിയമസഭയിലെ 70 സീറ്റില്‍ 15 എണ്ണം 10,000 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിനാണ് എഎപി ജയിച്ചത്. ലോക്‌നീതി-സിഎസ്ഡിഎസ് സര്‍വേ പ്രകാരം, ദരിദ്ര-താഴ്ന്ന വരുമാന, മധ്യ വരുമാന വോട്ടര്‍മാര്‍ക്കിടയില്‍ 2015 നും 2020 നും ഇടയിലുളള തിരഞ്ഞെടുപ്പുകളില്‍ ബിജെപി-എഎപി അന്തരം കുറഞ്ഞിരിക്കുകയാണ്.

2013 ല്‍ ഷീല ദീക്ഷിത്തിനെ തോല്‍പ്പിച്ച് കരസ്ഥമാക്കിയ ഡല്‍ഹി സീറ്റിലും കെജ്രിവാള്‍ വെല്ലുവിളികള്‍ നേരിടുന്നു. 2013 ല്‍ ഷീലയ്‌ക്കെതിരെ 44,269 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കില്‍, 2015ല്‍ ബിജെപിക്ക് എതിരെ 57,213 ഉം, 2020 ല്‍, 46,758 വോട്ടുമായിരുന്നു കെജ്രിവാളിന്റെ ഭൂരിപക്ഷം ഇക്കുറി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകന്‍ പര്‍വേഷ് ശര്‍മ്മയും, കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത്തുമാണ്( ഷീല ദീക്ഷിത്തിന്റെ മകന്‍) കെജ്രിവാളിന്റെ എതിരാളികള്‍. ശമ്പള വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുളള ഡല്‍ഹി മണ്ഡലം എങ്ങനെ ചിന്തിക്കുന്നു എന്നത് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിച്ചേക്കാം. ഒപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും സേവനങ്ങളിലും കെജ്രിവാള്‍ പൂര്‍ണമായി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന വിമര്‍ശനങ്ങളും വോട്ടര്‍മാരെ ബാധിച്ചേക്കാം. അഞ്ചാം തീയതി പോളിങ് ബൂത്തില്‍ ക്യൂ നില്‍ക്കുന്ന വോട്ടര്‍മാര്‍ ആരെ തുണയ്ക്കും? കണ്ടറിയുക തന്നെ!