കോതമംഗലം: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം സംഭവ സ്ഥലത്തു നിന്നും നീക്കി. ഇന്നലെ രാത്രി വൈകിയും നീണ്ട പ്രതിഷേധത്തില്‍ നാട്ടാകുമായി ജില്ലാ കലക്ടര്‍ സംസാരിച്ചു നല്‍കി ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തല്‍ക്കാലം സമരം നിര്‍ത്തിയും മൃതദേഹം മാറ്റിയതും. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.

ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് കളക്ടര്‍ പറഞ്ഞു. നാട്ടുകാരുടെ ആവശ്യങ്ങളില്‍ വിശദമായി ഓരോകാര്യവും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിച്ച ശേഷം മൃതദേഹം എടുക്കാനുള്ള അനുവാദം നല്‍കണമെന്ന് കളക്ടര്‍ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിച്ചു.

10 ലക്ഷം രൂപ അടിയന്തര ധനസഹായം ഉടന്‍ തന്നെ മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് കൈമാറുമെന്ന് പ്രഖ്യാപിച്ച കലക്ടര്‍ അഞ്ച് ലക്ഷം രൂപ ഉടന്‍ തന്നെ കൈമാറുകുയം ചെയ്ു. ഇത് കൂടാതെ എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ചൊവ്വാഴ്ച തുടങ്ങും. സോളാര്‍ വേലി സ്ഥാപിക്കാനുള്ള ജോലി 21-ന് പുനരാരംഭിക്കും. സോളാര്‍ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലി ഉടനെ ആരംഭിക്കും. അഞ്ചുദിവസത്തിനുള്ളില്‍ വഴി വിളക്ക് പുനഃസ്ഥാപിക്കും. 27-ന് കളക്ടര്‍ നേരിട്ട് വന്ന് അവലോകനം നടത്തുമെന്നും ഉറപ്പു നല്‍കി.

ആര്‍.ആര്‍.ടിക്ക് വാഹനസൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എം.എല്‍.എ. ഫണ്ട് അനുവദിക്കും. അതുവരെ വാടകയ്ക്കെടുക്കും എന്നീ കാര്യങ്ങളിലാണ് ചര്‍ച്ചയില്‍ തീരുമാനമായത്. അതേസമയം, കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയില്‍ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎല്‍എക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. നീണ്ട നേരത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമവായത്തിലെതത്തിയത്.

അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്ത് വന്നു. കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് കോതമംഗലം എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്ത് വന്നത്. ഈ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ പലപ്പോഴായി പറഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെന്‍സിങ് പൂര്‍ത്തിയാക്കുകയോ ആര്‍ആര്‍ടിയെ അയക്കുകയോ ചെയ്തില്ല.

സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും വന്‍ പരാജയമാണിത്. അലസതയും അലംഭാവവുമാണ് വീണ്ടും മരണമുണ്ടാകാന്‍ കാരണം. ഉത്തരവാദിത്തപ്പെട്ടവര്‍ വന്ന് ഉറപ്പ് നല്‍കാതെ മൃതദേഹം ഇവിടെ നിന്ന് എടുത്ത് മാറ്റാന്‍ സമ്മതിക്കില്ല. കോതമംഗലത്തും കുട്ടമ്പുഴയിലും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത എംഎല്‍എ, നാളെ വൈകിട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാര്‍ ഫെന്‍സിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് കാട്ടനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചത്. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വരികയാിരുന്നു. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്. കോതമംഗലം ഉരുളന്‍തണ്ണിയിലാണ് ദുരന്തം ഉണ്ടായത്. കോടിയാട്ട് വര്‍ഗീസിന്റെ മകനാണ് എല്‍ദോസ്. അവിവാഹിതനാണ്. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എല്‍ദോസിനെ ആന ആക്രമിച്ചത്. ഛിന്നഭിന്നമായ നിലയിലായിരുന്നു എല്‍ദോസിന്റെ മൃതദേഹം.

കുട്ടമ്പുഴയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. അന്നെല്ലാം പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വനം വകുപ്പ് പോകും. പിന്നെ വീണ്ടും ദുരന്തമുണ്ടാകുമ്പോഴാണ് പ്രശ്നം ചര്‍ച്ചയാകുന്നത്. ഇതാണ് നാട്ടുകാരുടെ രോഷമായി മാറുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിന് നേരെ കാട്ടാന ആക്രമണം കഴിഞ്ഞ മാസം ഉണ്ടായിരുന്നു. അന്ന് വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. അക്രമസമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

വെളുപ്പിനാണ് കാടിറങ്ങിയ കാട്ടാന കൂട്ടം എത്തിയത്. വീടിന്റെ ജനാലകള്‍ വാതിലുകള്‍ വീട്ടുപകരണങ്ങള്‍ എന്നിവ നശിപ്പിച്ചു. വീടിനോട് ചേര്‍ന്ന മെഷീന് പുരയും നശിപ്പിച്ചു. ഡെന്നീസ് എന്ന വ്യക്തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. അന്ന് മുതല്‍ തന്നെ കുട്ടമ്പുഴയില്‍ പ്രതിഷേധം ശക്തമാണ്. കോതമംഗലം - കുട്ടമ്പുഴ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. തട്ടേക്കാട് ഭാഗത്ത് നിന്ന് പെരിയാര്‍ കടന്നെത്തുന്ന ആനകളാണ് കുട്ടമ്പുഴ-കീരംപാറ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നത്. 25000 ത്തോളം ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് രാത്രി കാലങ്ങളില്‍ പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.