തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'നേറ്റിവിറ്റി കാര്‍ഡ്' സ്വപ്‌നം മാത്രമാകും. നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും മറ്റ് രേഖകള്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പൗരത്വം തെളിയിക്കാന്‍ ഈ കാര്‍ഡ് സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്‍ഡ് അനുവദിക്കുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി നേറ്റിവിറ്റി കാര്‍ഡുകള്‍ കൂടുതല്‍ സുതാര്യമായി വിതരണം ചെയ്യാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതോടെ പൗരത്വം തെളിയിക്കുന്നതിനുള്ള നൂലാമാലകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പമുള്ള ഒരു വാചകമാണ് നേറ്റിവിറ്റ് കാര്‍ഡിനെ സ്വപ്‌നമാക്കി മാറ്റുന്നത്. നേറ്റിവിറ്റ് കാര്‍ഡിനായി നിയമ നിര്‍മ്മാണം നടത്തുമെന്നാണ് പ്രഖ്യാപനം. അത്തരത്തിലൊരു നിയമ നിര്‍മ്മാണം അംഗീകരിക്കണമെങ്കില്‍ ഗവര്‍ണറുടെ ഒപ്പു വേണം. ലോക്ഭവനിലേക്ക് ഈ ബില്‍ അയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ സാധ്യതയില്ല. കേന്ദ്ര നിയമ പ്രശ്‌നമുളളതുകൊണ്ട് രാഷ്ട്രപതിയ്ക്ക് റഫര്‍ ചെയ്യുകയും ചെയ്യും. അങ്ങനെ ആ സ്വപ്‌നം രാഷ്ട്രപതി ഭവനില്‍ ഒതുങ്ങും.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കാര്‍ഡിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍, വരാനിരിക്കുന്നത് വലിയ നിയമക്കുരുക്കുകളാണ്. ഈ പ്രഖ്യാപനത്തിന് പിന്നിലെ പ്രായോഗികതയും നിയമപരമായ സാധുതയും പരിശോധിച്ചാല്‍ ഇത് വെറുമൊരു പ്രഹസനമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പമാണ് നിയമ നിര്‍മ്മാണം എന്ന പ്രഖ്യാപനവും. നിലവില്‍ രാജ്യത്ത് പൗരത്വം തെളിയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പൗരത്വ നിയമപ്രകാരം ദേശീയ പൗര രജിസ്റ്ററും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും നടപ്പിലാക്കാന്‍ വ്യവസ്ഥയുണ്ട്. കേന്ദ്രത്തിന്റെ ഈ അധികാര പരിധിയിലേക്ക് കടന്നുകയറി കേരളം നല്‍കുന്ന ഒരു കാര്‍ഡ് പൗരത്വത്തിന്റെ തെളിവായി എവിടെയെങ്കിലും അംഗീകരിക്കപ്പെടുമോ എന്ന ചോദ്യമാണ് പ്രസക്തം. അതിനിടെ വിഘടനവാദമാണ് ഇതിന് പിന്നിലെന്ന് ബിജെപി പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

'നേറ്റിവിറ്റി കാര്‍ഡില്‍' സാധ്യതാ പഠന ടെന്‍ഡര്‍ കേരളം വിളിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എങ്കില്‍ കുറേ തുക ഖജനാവില്‍ നിന്നും പോകും. അതിനുള്ള സാധ്യതയാണോ ചര്‍ച്ചകളിലൂടെ ഉണ്ടാക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. ആധാര്‍ കാര്‍ഡ് പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് അതില്‍ തന്നെ രേഖപ്പെടുത്തിയിരിക്കെ, കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് വിമര്‍ശനം ഉയരുന്നു. കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെട്ടാല്‍ അത് വലിയ നിയമ തര്‍ക്കമായി മറും. കാര്‍ഡിന്റെ പേരില്‍ ടെന്‍ഡര്‍ ക്ഷണിക്കാനും അതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്താനുമുള്ള ഗൂഡ നീക്കമായി ഇതിനെ വിലയിരുത്തുന്നുണ്ട്. എ ഐ ക്യാമറ സ്ഥാപിച്ച് ഖജനാവിനുണ്ടാക്കിയ ഭാരിച്ച ചെലവ് പോലെ മറ്റൊന്ന്. ചില ഗള്‍ഫ് മാഫിയകള്‍ ഇതിനായി ചരടുവലികള്‍ നടത്തുന്നുണ്ട്.

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. കേരളത്തിലെ ലാന്‍ഡ് റവന്യൂ മാനുവല്‍ പ്രകാരം ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് മാത്രമാണ് സാധാരണ ഗതിയില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഒരാള്‍ കേരളത്തില്‍ ജനിച്ചതുകൊണ്ട് മാത്രം അയാള്‍ ഇന്ത്യന്‍ പൗരനാകണമെന്നില്ല. പൗരത്വത്തിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള കര്‍ശനമായ നിബന്ധനകള്‍ പാലിക്കാതെ സംസ്ഥാനം നല്‍കുന്ന കാര്‍ഡുകള്‍ കേന്ദ്ര ഏജന്‍സികളോ കോടതികളോ അംഗീകരിക്കില്ല.

നേറ്റിവിറ്റി സംബന്ധിച്ച തര്‍ക്കങ്ങള്‍ പലപ്പോഴും കോടതികളില്‍ എത്താറുണ്ട്. തെലങ്കാനയില്‍ പഠനകാലയളവ് അടിസ്ഥാനമാക്കി ലോക്കല്‍ പദവി നിശ്ചയിച്ചതിനെ സുപ്രീം കോടതി ശരിവെച്ചപ്പോള്‍, തമിഴ്‌നാട്ടില്‍ ജനിച്ചവര്‍ പഠിച്ചത് കേരളത്തിലാണെങ്കില്‍ നേറ്റിവിറ്റി എവിടെ നിന്ന് നല്‍കണമെന്ന കാര്യത്തില്‍ ഹൈക്കോടതികള്‍ക്കും ഭിന്നാഭിപ്രായമാണുള്ളത്. ഇത്തരം സങ്കീര്‍ണ്ണമായ നിയമ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നതിലൂടെ പൗരത്വ പ്രശ്നത്തിന് പരിഹാരമാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത് ജനങ്ങളെ നിയമക്കുരുക്കിലേക്ക് തള്ളിവിടാനേ ഉപകരിക്കൂ.

പൗരത്വ നിയമത്തിനെതിരെയുള്ള വൈകാരികതയെ ചൂഷണം ചെയ്യാനുള്ള ഒരു രാഷ്ട്രീയ തട്ടിപ്പായി മാത്രമേ ഈ പ്രഖ്യാപനത്തെ കാണാന്‍ കഴിയൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.