പറമ്പിക്കുളം: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നു വയസുള്ള കുട്ടിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറയ്ക്ക് സമീപമുള്ള വാട്ടര്‍ഫാള്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയില്‍ താമസിക്കുന്ന അസാല (54) കൊച്ചുമകള്‍ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. സ്ഥിരമായി വന്യമൃഗ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണ് വാല്‍പ്പാറ.

ഇന്ന് പുലര്‍ച്ചയോടെ ഇവരുടെ വീട്ടിലെത്തിയ കാട്ടാന ഇവര്‍ താമസിക്കുന്ന പാടിയുടെ വാതില്‍ തകര്‍ത്ത ശേഷം അകത്തേക്ക് കടന്ന് രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന അകത്തുകടന്നു. ശബ്ദം കേട്ട് എഴുന്നേറ്റ അസാല ഈ സമയത്ത് ഹേമശ്രീയെയുമെടുത്ത് പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അതിനു മുമ്പ് തന്നെ ഇരുവരും കാട്ടാനയുടെ മുമ്പില്‍ അകപ്പെട്ടു. കുഞ്ഞിനെയും എടുത്ത് ഓടിയ അസല നിലത്തുവീഴുകയും ഇരുവരെയും കാട്ടാന ചവിട്ടി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.

ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അസല ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് മരിച്ചത്. രണ്ടു കുട്ടികളും മൂന്ന് മുതിര്‍ന്നവരുമടക്കം അഞ്ചു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഈ വീട് ഒറ്റപ്പെട്ട സ്ഥലത്താണ് ഉള്ളത്. അതുകൊണ്ടുതന്നെ വിവരം പുറത്തറിയാന്‍ കാലതാമസമുണ്ടായി. പിന്നീട് രാവിലെ ആറുമണിയോടെ വനംവകുപ്പ് സംഘമെത്തി വീട്ടിലുള്ളവരെ സ്ഥലത്തുനിന്ന് മാറ്റി.