വാഷിങ്ടണ്‍: ഇറാന്റെ ആണവ പദ്ധതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ അതിന് മുമ്പ് തന്നെ ഇറാനെ ആക്രമിക്കാനുള്ള സാധ്യതകളും ട്രംപ് വിലയിരുത്തുകയാണ്. ഇറാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് ഇറാന് അപകടകരമായി മാറുമെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന് ആണവായുധം കൈവശം വെയ്ക്കാന്‍ കഴിയുകയില്ല എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. സൈനിക നടപടിയാണോ ട്രംപ് ഉദ്ദേശിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ആവശ്യമെങ്കില്‍ എന്നാണ് ട്രംപ് മറുപടി പറഞ്ഞത്.

എന്നാല്‍ അത് ഏത് രീതിയിലായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇതിനായി ഇറാന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിനും തനിക്ക് കഴിയും എന്നാണ് ട്രംപ് പറഞ്ഞത്. ഒമാനില്‍ ഈയാഴ്ച അവസാനം ഇറാനുമായി ചര്‍ച്ച നടത്തുകയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അത് ഇക്കാര്യത്തിനുള്ള അവസാന തീയതി അല്ലെന്നും തങ്ങള്‍ക്ക് കൂടുതല്‍ സമയം ഇതിനായി നീക്കി വെയ്ക്കാന്‍ ഇല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഇറാന്‍ വളരാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അവരെ ആണവായുധം കൈവശം വെയ്ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ കൂടുതലായി ഒന്നും അവരോട് പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച ആരംഭിക്കുമ്പോള്‍ ഇറാന്റെ ഇക്കാര്യത്തിലുള്ള നിലപാട് മനസിലാക്കാന്‍ കഴിയും.

ഇറാനില്‍ നേരിട്ടുള്ള നിക്ഷേപം നടത്താനും അമേരിക്ക തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുടെ മേല്‍ 125 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്ത അതേ ദിവസം തന്നെയാണ് ട്രംപ് ഇറാന്റെ ആണവായുധങ്ങളുടേയും കാര്യത്തില്‍ ഈ നിലപാട് വ്യക്തമാക്കിയത്. നേരത്തേ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോഗേര്‍ഷ്യയിലെ ബ്രിട്ടന്റെ വ്യോമത്താവളത്തില്‍ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഈയിടെ പുറത്തു വന്നിരുന്നു. ഇത് ഇറാനെ ലക്ഷ്യമിട്ടാണ് എന്ന തരത്തിലുള്ള വാര്‍ത്തകളും ഈയിടെ പുറത്തു വന്നിരുന്നു.