ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വിധിനിര്‍ണ്ണായകമായ ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലേക്ക്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. സംസ്ഥാനത്ത് വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുന്നത് വോട്ടിംഗിനേയും സ്വാധീനിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചിന് മുന്‍പാകെയാണ് വാദം നടക്കുന്നത്. നാളെ മുതല്‍ ഒമ്പതാം തീയതി വരെ യുവതീപ്രവേശന വിധിയെ എതിര്‍ക്കുന്നവരുടെ വാദങ്ങളാണ് കോടതി കേള്‍ക്കുക. വിധിയെ അനുകൂലിക്കുന്നവരുടെ വാദം 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ നടക്കും. ശബരിമലയിലെ യുവതീപ്രവേശന വിലക്ക് സ്ത്രീകളോടുള്ള വിവേചനമാണോ എന്നും മതപരമായ ആചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാമെന്നുമാണ് ഈ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുന്ന ഇടത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 2018-ല്‍ യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച സര്‍ക്കാര്‍, പിന്നീട് ഉണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്തിയിരുന്നു. ഇത്തവണ ഒമ്പതംഗ ബെഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിധിക്ക് അനുകൂലമായോ പ്രതികൂലമായോ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി മധ്യസ്ഥ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ശബരിമല വിഷയം വീണ്ടും ഉയരുന്നത് ഭരണകക്ഷിയായ എല്‍ഡിഎഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2018-ലെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് വിശ്വാസികളെ പ്രകോപിപ്പിച്ചതെന്ന് യുഡിഎഫും ബിജെപിയും ഒരേപോലെ ആരോപിക്കുന്നു. വിശ്വാസ സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷ മുന്നണികളുടെ പ്രധാന വാഗ്ദാനം. സുപ്രീംകോടതിയിലെ വാദം ഈ ആരോപണങ്ങള്‍ക്ക് പുതിയ മൂര്‍ച്ച നല്‍കുമെന്ന് ഉറപ്പാണ്.

യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നിരയില്‍ ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലയുറപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ടതല്ലെന്നും അത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട്. 53 കക്ഷികളാണ് വിധിക്കെതിരേ വാദം എഴുതി നല്‍കിയിരിക്കുന്നത്. ഇതില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളും ഉള്‍പ്പെടുന്നു. മറുഭാഗത്ത്, വിധിയെ അനുകൂലിച്ച് 12 കക്ഷികളാണ് വാദം സമര്‍പ്പിച്ചത്. സ്ത്രീസമത്വവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ഇവരുടെ വാദം. നോഡല്‍ അഭിഭാഷകരായ അഡ്വ. കൃഷ്ണ കുമാര്‍ സിങ്ങും അഡ്വ. ശാശ്വതിയും രണ്ട് പക്ഷത്തിന്റെയും വാദങ്ങള്‍ ക്രോഡീകരിച്ച് കോടതിക്ക് മുന്‍പാകെ എത്തിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ മാസം തന്നെ ഈ വാദം നടക്കുന്നത് വോട്ടര്‍മാരുടെ മനസ്സിനെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

2018 സെപ്റ്റംബര്‍ 28-ലെ സുപ്രീംകോടതി വിധിക്ക് ശേഷം കേരളം കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ്. ഇത് മുന്‍നിര്‍ത്തി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശബരിമല പ്രധാന ചര്‍ച്ചാവിഷയമാകാതിരിക്കാന്‍ ഇടത് മുന്നണി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങുന്നതോടെ ഈ വിഷയം വീണ്ടും മുന്‍നിരയിലേക്ക് വരും. സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറയുന്ന ഓരോ വാക്കും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് യുഡിഎഫും ബിജെപിയും ഇതിനോടകം തന്നെ ശബരിമല വിഷയം പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയിലെ വാദങ്ങള്‍ തത്സമയം പുറത്തുവരുന്നത് പ്രചാരണത്തിന്റെ സമാപന ദിവസമായ നാളെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തും. കോടതിയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് വിശ്വാസ വിരുദ്ധമാണെന്ന് സ്ഥാപിക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം.

ശബരിമല യുവതീപ്രവേശന വിധി ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ എന്ന വലിയ നിയമപ്രശ്‌നമാണ് ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നത്. മറ്റ് മതങ്ങളിലെ സമാനമായ സ്ത്രീ വിവേചന വിഷയങ്ങളും ഈ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. എങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം ശബരിമല തന്നെയാണ് രാഷ്ട്രീയമായും സാമൂഹികമായും ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. നാളെ വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ, ശബരിമലയിലെ സുപ്രീംകോടതി നീക്കം ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ജീവന്മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. കോടതി മുറിയിലെ വാദപ്രതിവാദങ്ങള്‍ വോട്ടുകുത്താന്‍ പോകുന്ന ജനങ്ങളുടെ തീരുമാനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് ചുരുക്കം. വരും ദിവസങ്ങളില്‍ സുപ്രീംകോടതിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുകയാണ് രാഷ്ട്രീയ കേരളം.