- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുക്കുലുക്കുന്ന വന്‍ മുന്നണിമാറ്റത്തിന് കളമൊരുങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്നത്. ഇടതുമുന്നണിയിലെ നിര്‍ണ്ണായക ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണിയും ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാറും വിട്ടുനിന്നത് വെറുമൊരു യാദൃശ്ചികതയായി ആരും കരുതുന്നില്ല. ആര്‍ജെഡിയുടെ മുന്നണി മാറ്റം ഉറപ്പായിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് ഭാഗത്തു നിന്നും സമരത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ജയരാജും പങ്കെടുത്തുവെങ്കിലും പാര്‍ട്ടി നായകന്‍ ജോസ് കെ. മാണി അസാന്നിധ്യം പ്രഖ്യാപിച്ചത് സിപിഎമ്മിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. കേരളത്തിന് പുറത്ത് യാത്രയിലായതിനാലാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്ന് പാര്‍ട്ടി ഔദ്യോഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും, യുഡിഎഫ് നേതൃത്വവുമായി അണിയറയില്‍ നടക്കുന്ന ധാരണകളുടെ ഭാഗമായാണ് ഈ വിട്ടുനില്‍ക്കലെന്നാണ് സൂചന.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ തന്നെ കേരളാ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത് എല്‍ഡിഎഫിന് കനത്ത പ്രഹരമാകും. മധ്യതിരുവിതാംകൂറിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മുസ്ലീം ലീഗും ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. എന്നാല്‍ ജോസ് കെ മാണി ഇപ്പോഴും വ്യക്തമായ സൂചന നല്‍കിയിട്ടില്ല.
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഇത് പാര്‍ട്ടികളെ സിപിഎം അറിയിക്കും. സീറ്റ് വിഭജന ചര്‍ച്ചയിലും കടുത്ത നിലപാടുകള്‍ എടുക്കും. ഈ പാര്‍ട്ടികള്‍ ചോദിക്കുന്നതൊന്നും നല്‍കില്ല. ഒരേസമയം രണ്ട് ഘടകകക്ഷികളുടെ അമരക്കാര്‍ വിട്ടുനില്‍ക്കുന്നത് മുന്നണിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം തകര്‍ന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
യുഡിഎഫിലേക്ക് മടങ്ങുമ്പോള്‍ പാലാ സീറ്റിനെ ചൊല്ലി മാണി സി. കാപ്പനുമായി ഉണ്ടാകാനിടയുള്ള തര്‍ക്കം മാത്രമാണ് ഇപ്പോള്‍ ജോസ് കെ. മാണിക്ക് മുന്നിലുള്ള തടസ്സം. എന്നാല്‍ മടങ്ങിവരവ് യുഡിഎഫിന് വലിയ ഊര്‍ജ്ജമാകുമെന്ന് കരുതുന്ന ലീഗും ഹൈക്കമാന്‍ഡും ഈ പ്രതിസന്ധി പരിഹരിക്കുമെന്നാണ് മാണി ഗ്രൂപ്പിന്റെ പ്രതീക്ഷ.
മുഖ്യമന്ത്രിയുടെ സമരത്തെ വെറും 'കോമഡി' എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം, ഭരണമുന്നണിയിലെ ഈ വിള്ളലുകളെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയേറുന്നത്.




