പത്തനംതിട്ട: കേരളം ഉറ്റുനോക്കുന്ന ആറന്മുള നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമായ ഘട്ടത്തിലേക്ക്. എല്‍ഡിഎഫിനായി മന്ത്രി വീണാ ജോര്‍ജ്ജും യുഡിഎഫിനായി യുവനേതാവ് അബിന്‍ വര്‍ക്കിയും എന്‍ഡിഎയ്ക്കായി കുമ്മനം രാജശേഖരനും അണിനിരക്കുന്ന മണ്ഡലത്തില്‍, വോട്ടെടുപ്പിന് മുന്നോടിയായി നടന്ന മുഖാമുഖം പരിപാടിയില്‍ അബിന്‍ വര്‍ക്കിക്ക് മേല്‍ക്കൈ.

പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'ജനമനസ്സ്' സംവാദ പരിപാടിയിലാണ് മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ വീണാ ജോര്‍ജ്ജിനെ കൃത്യമായ ചോദ്യങ്ങളിലൂടെ അബിന്‍ വര്‍ക്കി പ്രതിരോധത്തിലാക്കിയത്. ആരോഗ്യവകുപ്പിലെ വീഴ്ചകളും വിവാദങ്ങളും ആയുധമാക്കിയ അബിന്റെ പ്രകടനം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ സംവാദത്തിന് കുമ്മനം രാജശേഖരന്‍ എത്തിയതുമില്ല.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ഉന്നയിച്ചാണ് അബിന്‍ വര്‍ക്കി മന്ത്രിയെ കടന്നാക്രമിച്ചത്. എന്നാല്‍, ഈ വീഴ്ച സംഭവിച്ചത് താന്‍ മന്ത്രിയായിരുന്ന കാലത്തല്ലെന്നും മുന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണെന്നുമുള്ള വീണാ ജോര്‍ജ്ജിന്റെ മറുപടി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെ പരോക്ഷമായി ഉന്നംവെച്ചാണ് വീണ സംസാരിച്ചതെന്ന് അബിന്‍ വര്‍ക്കി തിരിച്ചടിച്ചു.

2021-ലാണ് ഉഷാ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നും 2017-ലാണ് ഹര്‍ഷീനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതെന്നും ചൂണ്ടിക്കാട്ടിയ വീണ, ഈ വിവാദങ്ങള്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചു. കണ്ണൂരില്‍ വെച്ച് കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തെച്ചൊല്ലിയും വാക്‌പോര് മുറുകി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റു എന്ന് അവകാശപ്പെട്ട മന്ത്രിയെ പിറ്റേന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്തത് ആരോഗ്യവകുപ്പിന്റെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണെന്ന് അബിന്‍ പരിഹസിച്ചു.

കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടെന്ന് പറഞ്ഞായിരുന്നു അബിന്റെ തുടക്കം. മന്ത്രിയെ ആക്രമിച്ച കേസില്‍ മാരാകായുധം കണ്ടെത്താനായില്ലെന്ന് പോലീസാണ് പറഞ്ഞത്. മന്ത്രിയെ ആക്രമിച്ചതിന്റെ ഒരു ദൃശ്യം പുറത്തുവിടാന്‍ യൂത്ത് കോണ്‍ഗ്രസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ആരും മുന്നോട്ടു വന്നില്ല. തലേന്ന് രാത്രി 11 മണിക്ക് മന്ത്രിക്ക് ഗുരുതരാവസ്ഥയാണെന്ന് പറഞ്ഞത് ഡോക്ടര്‍മാരാണ്. പക്ഷേ, മന്ത്രിയെ പിറ്റേന്ന് പുലര്‍ച്ചെ ഡിസ്ചാര്‍ജ് ചെയ്തത് അനാസ്ഥ തന്നെയാണെന്നതില്‍ സംശയമില്ല-അബിന്‍ തുടര്‍ന്നു.

മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ഇനാം പ്രഖ്യാപിച്ചിട്ടും ആരും മുന്നോട്ടുവന്നില്ല എന്നത് പരിക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് മിതമായ ഭാഷയില്‍ മറുപടി നല്‍കിയ വീണ, തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. സ്വര്‍ണ്ണക്കടത്ത്, ചൂരല്‍മല ദുരന്തം തുടങ്ങിയ വിഷയങ്ങളും സംവാദത്തില്‍ പൊരിഞ്ഞ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചു. മാധ്യമപ്രവര്‍ത്തന രംഗത്തെ പരിചയസമ്പത്തുമായി സംവാദത്തിനെത്തിയ വീണാ ജോര്‍ജ്ജിനെ, വസ്തുതകള്‍ നിരത്തി നേരിട്ട അബിന്‍ വര്‍ക്കിയുടെ ശൈലി യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം പടര്‍ത്തിയിട്ടുണ്ട്.

കുമ്മനം രാജശേഖരന്റെ സാന്നിധ്യം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം ഉറപ്പാക്കുമ്പോഴും, നേരിട്ടുള്ള സംവാദത്തില്‍ അബിന്‍ വര്‍ക്കി നേടിയ ഈ 'വിജയം' വോട്ടര്‍മാരുടെ മനസ്സിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനി അറിയേണ്ടത്. ആറന്മുളയുടെ ഫലം ആര്‍ക്ക് അനുകൂലമാകുമെന്ന് വരും ദിവസങ്ങളിലെ പ്രചാരണം കൂടി വിലയിരുത്തി മാത്രമേ പറയാനാകൂ.