തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി പി. വിജയന്‍ സര്‍ക്കാരിന് കൈമാറിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇടതുപക്ഷത്തിന് ആശങ്ക നല്‍കുന്ന കണക്കുകളുള്ളത്. സംസ്ഥാനത്ത് നിലവില്‍ എല്‍.ഡി.എഫിന് 78 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെ വലിയ ഭൂരിപക്ഷത്തില്‍ നിന്ന് സീറ്റുകള്‍ കുത്തനെ കുറയുന്നത് പാര്‍ട്ടി നേതൃത്വത്തെയും ഭരണകേന്ദ്രങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അതൃപ്തി വോട്ടിംഗില്‍ പ്രതിഫലിക്കുമെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സര്‍ക്കാരിന്റെ പല ജനക്ഷേമ പദ്ധതികളും താഴേത്തട്ടിലെത്തിയെന്ന് അവകാശപ്പെടുമ്പോഴും, അഴിമതി ആരോപണങ്ങളും ഭരണരംഗത്തെ മെല്ലെപ്പോക്കും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപ്രഭാവം വോട്ടായി മാറുമെന്ന കണക്കുകൂട്ടലുകള്‍ക്കും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെറിയ തോതില്‍ വിഘാതം സൃഷ്ടിക്കുന്നു. സിപിഎം പ്രതീക്ഷിച്ചതിലും താഴെയാണ് സീറ്റുകളുടെ എണ്ണമെന്നത് സംഘടനയ്ക്കുള്ളില്‍ വലിയ തോതിലുള്ള അഴിച്ചുപണികള്‍ക്കും തിരുത്തലുകള്‍ക്കും വഴിയൊരുക്കിയേക്കാം. ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും എന്നാല്‍ സീറ്റു കുറയുമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ സര്‍ക്കാരിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മേധാവി മാര്‍ നല്‍കാറില്ല. അതുകൊണ്ട് തന്നെ 78 സീറ്റില്‍ ഇടതു വിജയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഒതുക്കുന്നത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.

ഭരണ തുടര്‍ച്ചാ സാഹചര്യം ഇല്ലെന്ന് പറയാതെ പറയുകയാണോ ഈ റിപ്പോര്‍ട്ടെന്നാണ് സംശയം. മംഗളം പത്രമാണ് 78 സീറ്റേ കിട്ടൂവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഗൗരവകരമായ വസ്തുത, മന്ത്രിസഭയിലെ പല പ്രമുഖരും തോല്‍വിഭീതിയിലാണെന്ന സൂചനയാണ്. പല മണ്ഡലങ്ങളിലും പോരാട്ടം കടുക്കുമെന്നും സിറ്റിംഗ് മന്ത്രിമാര്‍ക്ക് പോലും അനായാസ വിജയം സാധ്യമാകില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും പാളയത്തിലെ പടയും പലയിടത്തും തിരിച്ചടിയാകും. മറുഭാഗത്ത് പഴയ പ്രതാപം വീണ്ടെടുക്കാന്‍ യു.ഡി.എഫ് കിണഞ്ഞു പരിശ്രമിക്കുന്നതും പല ഉറച്ച കോട്ടകളിലും വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഗുണകരമായെങ്കിലും രാഷ്ട്രീയമായ അടിയൊഴുക്കുകള്‍ പ്രവചനാതീതമാണ്.

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ അതിശക്തമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സി.പി.എം നീക്കം. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്ത് വോട്ടര്‍മാരെ നേരിട്ട് കണ്ട് ഭരണവിരുദ്ധ വികാരം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ആരംഭിക്കും. ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഭരണം കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തിരിച്ചറിയുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഹാട്രിക് വിജയം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കുന്ന അപായ സിഗ്‌നല്‍ ഇടതുപക്ഷത്തിന് വലിയൊരു വെല്ലുവിളിയാണ്.

പല മണ്ഡലങ്ങളിലും ത്രികോണ മത്സരം ശക്തമാകുന്നത് വോട്ടുകള്‍ ഭിന്നിക്കാനും അത് അപ്രതീക്ഷിത ഫലങ്ങളിലേക്ക് നയിക്കാനും ഇടയാക്കും. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലും മലബാറിലും രൂപപ്പെട്ട പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇടതുമുന്നണിയുടെ ഉറക്കം കെടുത്തുന്നു. ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് ഗുണകരമാകുമെന്നത് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. ഇന്റലിജന്‍സ് നല്‍കുന്ന ഈ പ്രാഥമിക വിവരങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് വോട്ടര്‍മാരുടെ മനോഭാവമെങ്കില്‍, മെയ് നാലിന് പുറത്തുവരുന്ന ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയേക്കാം.

ഭരണതുടര്‍ച്ചയുടെ ആത്മവിശ്വാസം മുറുകെ പിടിക്കുമ്പോഴും സി.പി.എമ്മിന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കാരണമാകും. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള പ്രചാരണം പ്രതിപക്ഷം ശക്തമാക്കുമ്പോള്‍, അതിനെ എങ്ങനെ പ്രതിരോധിക്കും എന്നതിലാണ് ഇനി ഇടതുപക്ഷത്തിന്റെ വിജയം. ഏതായാലും പുകയുന്ന ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുമ്പോള്‍, കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍.