- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖല; ഇന്ത്യന്‍ വംശജരായ ജൂതര്‍ കൂടുതലും തിങ്ങിപ്പാര്‍ക്കുന്ന ഇടം; ഹീബ്രൂ ഭാഷയ്ക്കൊപ്പം മറാഠിയും സംസാരിക്കുന്നവരുടെ പ്രദേശം; ഇസ്രയേലിലെ 'ലിറ്റില്‍ ഇന്ത്യ'യില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റത് 47 പേര്‍ക്ക്; നതാന്‍സ് ആക്രമണത്തിന് പകരത്തിന് പകരമായി ഡിമോണയിലെ ആക്രമണം
ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖല; ഇന്ത്യന്‍ വംശജരായ ജൂതര്‍ കൂടുതലും തിങ്ങിപ്പാര്‍ക്കുന്ന ഇടം

ടെല്‍ അവീവ്: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇസ്രായേലിലെ അതീവ സുരക്ഷാ മേഖലയായ ഡിമോണയിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇസ്രയേലിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശമാണ് ഡിമോണ. ഇറാനിലെ നതാന്‍സില്‍ നടത്തിയ ആക്രമണത്തിന് പകരം എന്നോണമാണ് ഇറാന്റെ മിസൈലുകള്‍ ഡിമോണയില്‍ എത്തിയത്. ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡിമോണ. കേന്ദ്രം സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇറാന്‍ മിസൈലുകളെ തടുക്കാനായില്ല.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ജൂതരാണ് ഇവിടുത്തെ താമസക്കാരില്‍ ഏറെയും. ഏകദേശം 7500 ജൂതര്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹീബ്രൂ ഭാഷയ്ക്കൊപ്പം മറാഠിയും സ്വാഭാവികമായി സംസാരിക്കുന്ന ഡിമോണയില്‍ സോന്‍പാപ്ഡി, ഗുലാബ് ജാമുന്‍, ഭേല്‍പുരി എന്നിവ വില്‍ക്കുന്ന ഒട്ടേറെ തെരുവുകച്ചവടക്കാരുണ്ട്. ക്രിക്കറ്റിനും ഇന്ത്യന്‍ സിനിമയ്ക്കും സംഗീതത്തിനും അവിടെ ഒട്ടേറെ ആരാധകരുണ്ട്. ഇവിടെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.
ഡിമോണ ലക്ഷ്യമാക്കി വന്ന മിസൈല്‍ തടയാനാകാത്തത് ഇസ്രയേലിന്റെ സൈനിക സംവിധാനങ്ങള്‍ക്ക് തിരിച്ചടിയായി. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നാണ് ഡിമോണ. റഡാര്‍ സംവിധാനങ്ങള്‍, ഇന്റര്‍സെപ്റ്റര്‍ തുടങ്ങി ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ അവിടെയുണ്ട്. അതിനെ മറികടന്ന് ഇറാന്റെ മിസൈല്‍ ഡിമോണയില്‍ പതിച്ചതാണ് സൈന്യത്തെയും ഭരണകൂടത്തെയും അസ്വസ്ഥമാക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ച സംഭവിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. അവിടുത്തെ ജനങ്ങളില്‍ ഒരു വലിയ വിഭാഗം ബങ്കറുകളില്‍ സുരക്ഷിതരായിരുന്നു. അതുകൊണ്ടു തന്നെ ആക്രമണത്തില്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷെല്‍ട്ടറുകളിലേക്ക് മാറുന്നതിനിടെയാണ് പലര്‍ക്കും പരിക്കേറ്റത്.
ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡിമോണ. അതിനാലാണ് ഇറാന്‍ ഈ നഗരത്തെ ലക്ഷ്യമിട്ടത്. ഡിമോണയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ആണവ ഗവേഷണ കേന്ദ്രത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി അറിവില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കി. ഇറാനിലെ യുനേറിയം സംമ്പുഷ്ടീകരണശാല യുഎസ് കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഡിമോണയെ ആക്രമിച്ചത്.
ഇന്ത്യന്‍ വംശജരായ ജൂതസമൂഹം ഡിമോണയുടെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരും. ഡിമോണയുടെ ഇന്ത്യന്‍ വേരുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1948-ല്‍ ഇസ്രയേല്‍ സ്ഥാപിതമായതിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവിടേയ്ക്ക് കുടിയേറിയത്.
ലക്ഷ്യം വെച്ചത് ഇസ്രായേലിന്റെ ഹൃദയത്തെ
ഒരു സൈനിക താവളം ആക്രമിക്കുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതങ്ങളും സന്ദേശവുമാണ് ഡിമോണ ലക്ഷ്യമിട്ടതിലൂടെ ഇറാന്‍ നല്‍കുന്നത്. തെക്കന്‍ നഗരമായ ഡിമോണയുടെ പ്രാന്തപ്രദേശത്തുള്ള 'ഷിമോണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍' ഇസ്രായേലിന്റെ അണുമുന്നേറ്റങ്ങളുടെ ഈറ്റില്ലമായാണ് കരുതപ്പെടുന്നത്. ഇസ്രായേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് മിസൈല്‍ ഡിമോണയില്‍ പതിച്ചു എന്നത് ഐ.ഡി.എഫ് (ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്) സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സിന് നേരെയുണ്ടായ ആക്രമണത്തിനുള്ള പ്രതികാരമാണിതെന്ന് ടെഹ്റാന്‍ വ്യക്തമാക്കി.
സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ഐ.എ.ഇ.എ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് കരുതപ്പെട്ടിരുന്ന കാലം കഴിഞ്ഞുവെന്നും, ഏത് നിമിഷവും തകര്‍ക്കാവുന്ന ദൂരപരിധിയിലാണ് തങ്ങളെന്നും ഇറാന്‍ ഈ നീക്കത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.


