ഗസ്സ: ഗസ്സയില്‍ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളുമൊന്നും ഫലവത്താകുന്നില്ല. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യുഎസ് ഹൗസില്‍ നടത്തിയ നെതന്യാഹുവിന്റെ പ്രസംഗവും സമവായ ചര്‍ച്ചകളെ അസ്ഥാനത്താക്കുന്നതായി. അമേരിക്ക, ഇസ്രായേല്‍, ഈജിപ്ത്, ഖത്തര്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ വെടിനിര്‍ത്തലിനായി തീവ്രശ്രമം നടത്തവേയാണ എല്ലാം അട്ടിമറിക്കപ്പെട്ടത്.

സമ്പൂര്‍ണ വിജയം വരെ യുദ്ധം നിര്‍ത്തില്ലെന്നും ബന്ദികളെ മോചിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയാണെന്നുമാണ് നെതന്യാഹു ബുധനാഴ്ച 54 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പറഞ്ഞത്. യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിഡ്ഢികള്‍ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. നേരത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് നെതന്യാഹു ഭരണകൂടം അംഗീകാരം നല്‍കുകയും ചര്‍ച്ചക്കായി പ്രതിനിധികളെ നിശ്ചയിക്കുകയും ചെയ്തിരുന്നു.

യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ കൈമാറാനുമുള്ള ശ്രമങ്ങളെ നെതന്യാഹു തകര്‍ത്തതായി ഹമാസ് കുറ്റപ്പെടുത്തി. ബന്ദി മോചന സാധ്യത, ഗസ്സയിലെ സഹായ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി കള്ളം പറയുകയാണെന്ന് ലബനാനിലുള്ള ഹമാസ് നേതാക്കള്‍ പറഞ്ഞു.

അതേസമയം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസംഗം നടക്കുമ്പോള്‍, ഗാസ യുദ്ധത്തിനെതിരെ ക്യാപ്പിറ്റോളിനു സമീപം ആയിരങ്ങള്‍ പ്രതിഷേധറാലി നടത്തി. നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ, സന്ദര്‍ശകഗാലറിയില്‍ എഴുന്നേറ്റുനിന്നു മൗനപ്രതിഷേധം നടത്തിയ ബന്ദികളുടെ കുടുംബാംഗങ്ങളായ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഹമാസിനെതിരെ സമ്പൂര്‍ണവിജയം നേടും വരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് 54 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഒട്ടേറെ മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ പ്രസംഗം കേള്‍ക്കാനെത്തിയില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡനു പുറമേ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുളള വൈസ് പ്രസിഡന്റ് കമല ഹാരിസ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുമായും നെതന്യാഹു വെവ്വേറെ കൂടിക്കാഴ്ച നടത്തും.

ഇന്നലെ ദോഹയില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച നീണ്ടേക്കും. ഇസ്രയേല്‍ പ്രതിനിധികളുടെ ദോഹ യാത്ര അടുത്തയാഴ്ചയ്ക്കു മാറ്റി. സമാധാനചര്‍ച്ചകളെ അട്ടിമറിക്കുകയാണു നെതന്യാഹു ചെയ്തുകൊണ്ടിരിക്കുന്നതെന്നു ഹമാസ് വിമര്‍ശിച്ചു. തെക്കന്‍ ഗാസ കേന്ദ്രീകരിച്ചുള്ള ഇസ്രയേല്‍ ആക്രമണം ഇന്നലെയും തുടര്‍ന്നു. ഖാന്‍ യൂനിസിലെ ബാനി സുഹൈല, അല്‍ സന്ന, അല്‍ ഖരാര എന്നീ പട്ടണങ്ങളില്‍ ഹമാസ് ശക്തമായ ചെറുത്തുനില്‍പ് തുടരുന്നുവെന്നാണു റിപ്പോര്‍ട്ട്.

ഈ മേഖലയില്‍നിന്നാണ് സൈന്യം 5 ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഗാസയിലുള്ള 110 ബന്ദികളില്‍ മൂന്നിലൊന്നും മരിച്ചതായാണ് ഇസ്രയേല്‍ പറയുന്നത്. റഫയിലെ ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലും ഇന്നലെ ശക്തമായ ബോംബാക്രമണമുണ്ടായി. ഖാന്‍ യൂനിസില്‍ 50 ഹമാസ് താവളങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗസ്സയില്‍ ഒമ്പത് മാസത്തിലേറെയായി നടക്കുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 39000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 85000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ അഞ്ച് ബന്ദികളുടെ മൃതദേഹം കൂടി ഗസ്സയില്‍നിന്ന് കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ബന്ദിയാക്കപ്പെട്ട മായ ഗോറെന്‍, സൈനികരായ ഓറെന്‍ ഗോള്‍ഡിന്‍, തോമര്‍ അഹിമാസ്, റാവിദ് അര്‍യെഹ് കാറ്റ്‌സ്, കിറില്‍ ബ്രോഡ്‌സ്‌കി എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഹമാസ് തടവിലാക്കിയ ബന്ദികളില്‍ മൂന്നിലൊന്നുപേരും ഇസ്രായേലിന്റെ വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവും മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ഇസ്രായേല്‍ പൗരന്മാര്‍ക്കും ഒരു യുവജന സംഘടനക്കും മേല്‍ ഓസ്‌ട്രേലിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.