വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ്ജനിലയങ്ങള്‍ക്കും മേല്‍ ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ) യുഎസ് സൈന്യം ആക്രമണം തുടങ്ങുമെന്ന് ട്രംപ് വെളിപ്പെടുത്തി. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്.

ഒരു സൈനിക നീക്കത്തിന്റെ തീയതിയും സമയവും മുന്‍കൂട്ടി വെളിപ്പെടുത്തുന്ന ട്രംപിന്റെ ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്. വെറുമൊരു സൈനിക നീക്കമല്ല, മറിച്ച് ഇറാന്‍ അനുഭവിക്കാന്‍ പോകുന്ന കടുത്ത ശിക്ഷാ നടപടിയായിരിക്കും ഇതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പവര്‍ സ്റ്റേഷനുകളും പ്രധാന പാലങ്ങളും തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഭരണകൂടത്തെ ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാത്തതാണെന്നും അവര്‍ യുഎസ് നടപടിയെ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ വെടിവെച്ചിട്ട അമേരിക്കന്‍ എഫ്-15ഇ വിമാനത്തിലെ ഉദ്യോഗസ്ഥനെ സാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. 7,000 അടി ഉയരമുള്ള പര്‍വതനിരകളില്‍ രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞ ഉദ്യോഗസ്ഥനെ സിഐഎയുടെയും സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും സഹായത്തോടെയാണ് മോചിപ്പിച്ചത്. രക്ഷാദൗത്യത്തിനിടെ തകരാറിലായ രണ്ട് യുഎസ് വിമാനങ്ങള്‍ ശത്രുവിന്റെ കയ്യില്‍ കിട്ടാതിരിക്കാന്‍ സൈന്യം തന്നെ സ്‌ഫോടനത്തിലൂടെ തകര്‍ത്തു.

ആറാം ആഴ്ചയിലേക്ക് കടന്ന യുദ്ധം ഇപ്പോള്‍ ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ ബാധിച്ചിരിക്കുകയാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഫെബ്രുവരി 28 മുതല്‍ ഇറാന്‍ അടച്ചതോടെ ഇന്ധനവില കുതിച്ചുയര്‍ന്നു. ശത്രു കപ്പലുകളെ കടത്തിവിടില്ലെന്ന ഇറാന്റെ വാശിക്ക് ബോംബുകള്‍ കൊണ്ട് മറുപടി നല്‍കാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ടെഹ്റാനെയും കരാജിലെയും ബന്ധിപ്പിക്കുന്ന ഇറാന്റെ അഭിമാനമായ ബി-1 പാലം യുഎസ്-ഇസ്രായേല്‍ സഖ്യം ബോംബിട്ടു തകര്‍ത്തിരുന്നു.

ട്രംപിന്റെ നീക്കം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബഫ് ആഞ്ഞടിച്ചു. അമേരിക്ക മേഖലയെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപ് അസ്ഥിരമായ മാനസികാവസ്ഥയിലാണെന്നും ഇറാന്‍ ഭരണകൂടം കുറ്റപ്പെടുത്തി. യുഎസ് നീക്കം ഓരോ അമേരിക്കന്‍ കുടുംബങ്ങളെയും നരകയാതനയിലേക്ക് തള്ളിവിടുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ആണവനിലയങ്ങളെ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ദക്ഷിണ തീരത്തെ ബുഷെഹര്‍ ആണവനിലയത്തിനു നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ റേഡിയോ ആക്ടീവ് വികിരണം ഉണ്ടാകുമെന്നും അത് ഗള്‍ഫ് രാജ്യങ്ങളിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ലോകരാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു. പരിസ്ഥിതി നാശവും മനുഷ്യജീവനും വലിയ ഭീഷണിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം തടയാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്. ഇറാന്‍ മേലുള്ള ഉപരോധങ്ങള്‍ ഉപേക്ഷിച്ച് ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ റഷ്യ യുഎസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളില്‍ ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും നീക്കങ്ങളും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധഭീതിയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താറുമാറായി. ഇസ്രയേല്‍ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ മെയ് 31 വരെ എയര്‍ ഇന്ത്യ റദ്ദാക്കി. ഗള്‍ഫ് മേഖലയിലെ പ്രധാന വിമാനത്താവളങ്ങളെയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. യാത്രാ വിമാനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പല പ്രമുഖ കമ്പനികളും റൂട്ട് മാറ്റിയിരിക്കുകയാണ്.

എണ്ണക്കിണറുകളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍ എണ്ണക്കമ്പനികളെയും നിക്ഷേപകരെയും ആശങ്കയിലാക്കി. യുദ്ധം നീണ്ടുപോയാല്‍ വികസ്വര രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകരുമെന്ന ഭീതിയുണ്ട്. ഇറാന്റെ എണ്ണ സമ്പത്ത് കൈക്കലാക്കി ആഗോള വിപണി നിയന്ത്രിക്കാനുള്ള ഗൂഢാലോചനയാണ് ട്രംപ് നടത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച രാത്രി യുഎസ് സൈന്യം നീക്കം തുടങ്ങിയാല്‍ അത് ഒരു പൂര്‍ണ്ണരൂപത്തിലുള്ള മൂന്നാം ലോകമഹായുദ്ധത്തിന് വഴിമരുന്നിടുമോ എന്ന പേടിയിലാണ് ലോകം. അമേരിക്കന്‍ സഖ്യകക്ഷികളും ഇറാന്റെ സുഹൃദ് രാജ്യങ്ങളും നിലപാട് വ്യക്തമാക്കുന്നതോടെ വരും മണിക്കൂറുകള്‍ നിര്‍ണ്ണായകമാകും. ഇറാന്റെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ ഡ്രോണുകളുടെ വന്‍ സന്നാഹം തന്നെ അതിര്‍ത്തികളില്‍ അമേരിക്ക വിന്യസിച്ചിട്ടുണ്ട്.