വാഷിങ്ടണ്‍: ഇറാനുമായി സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്ന് ലഭിച്ച 'നിഗൂഢ' സമ്മാനം ലഭിച്ചുവെന്ന് യുഎസ് പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ലോകത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. തങ്ങളുടെ രാജ്യത്ത് ബോംബിട്ടു നശിപ്പിക്കാന്‍ അനുമതി നല്‍കിയ രാഷ്ട്രത്തലവന് ഇറാന്‍ സമ്മാനം നല്‍കിയോ എന്നതായിരുന്നു ഈ ആശ്ചര്യത്തിന് കാരണം. ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല ഇത്, മറിച്ച് എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് വലിയ സാമ്പത്തിക മൂല്യം ഈ സമ്മാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ ദിവസം അവര്‍ ആശ്ചര്യകരമായൊരു കാര്യം ചെയ്തു, ശരിക്കും അതൊരു സമ്മാനമായിരുന്നു. ഇന്നാണ് അത് ലഭിച്ചത്. അമൂല്യവും വിലപിടിപ്പുള്ളതുമായ ഒരു വലിയ സമ്മാനമായിരുന്നു അത്. എന്താണ് അത് എന്ന് ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല, അതൊരു വിലപ്പെട്ട സമ്മാനം തന്നെയാണ്''- വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതായിരുന്നു ട്രംപ് പറഞ്ഞത്.

എണ്ണ- വാതകവുമായി ബന്ധപ്പെട്ട സമ്മാനമാണ് ഇറാനില്‍ നിന്ന് ലഭിച്ചതെന്ന് അമേരിക്കന്‍ ചീഫ് കമ്മാന്‍ഡര്‍ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാധ്യതകളും അദ്ദേഹം പങ്കുവെച്ചു. സമ്മാനം വിലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആ സമ്മാനത്തെ കുറിച്ച് വിശദമായി വെളിപ്പെടുത്തി ട്രംപ് രംഗത്തെത്തി. ഇറാന്‍ ട്രംപിന് നല്‍കിയ ആ 'വിലപിടിപ്പുള്ള സമ്മാനം' ഒരു പത്ത് കപ്പല്‍ നിറയെ അസംസ്‌കൃത എണ്ണയാണെന്നാണ് വെളിപ്പെടുത്തല്‍.




അമേരിക്കന്‍ താല്‍പ്പര്യത്തില്‍ ഹോര്‍മുസ് കടലിടുക്കു വഴി പത്ത് എണ്ണക്കപ്പലുകള്‍ പോകാന്‍ ഇറാന്‍ അനുവദിച്ചു എന്നാണ് ട്രംപ് സൂചിപ്പിച്ചത്. അമേരിക്കയുമായി ചര്‍ച്ച നടത്തുന്ന ഇറാന്റെ പ്രതിനിധികള്‍ തങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്നതിനായി നല്‍കിയത് പത്ത് വലിയ കപ്പലുകള്‍ നിറയെ അസംസ്‌കൃത എണ്ണയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

കാബിനറ്റ് യോഗത്തിനിടെയാണ് ട്രംപ് ഈ രഹസ്യം പരസ്യമാക്കിയത്. ഇറാനുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു വെളിപ്പെടുത്തല്‍. 'ഞാന്‍ നിങ്ങളോട് ഒരു സമ്മാനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലേ? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ?' എന്ന് ട്രംപ് ചോദിക്കുകയും വിറ്റ്കോഫ് അതിന് സമ്മതം നല്‍കുകയുമായിരുന്നു.

തങ്ങള്‍ ചര്‍ച്ചകളില്‍ ഗൗരവമുള്ളവരാണെന്ന് കാണിക്കാനാണ് ഇറാന്‍ ഇത്തരമൊരു നീക്കം നടത്തിയത്. എട്ട് കപ്പല്‍ എണ്ണ നല്‍കാമെന്നാണ് അവര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എന്തോ കാര്യത്തിന് ക്ഷമ ചോദിച്ചുകൊണ്ട് രണ്ട് കപ്പലുകള്‍ കൂടി അധികമായി നല്‍കുകയായിരുന്നു. അങ്ങനെ ആകെ 10 വലിയ എണ്ണക്കപ്പലുകളാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ ഈ കപ്പലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ ഫോക്‌സ് ന്യൂസില്‍ കണ്ടതായും ട്രംപ് പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ളതാണ് ഈ സമ്മാനമെന്ന് നേരത്തെ തന്നെ ട്രംപ് സൂചിപ്പിച്ചിരുന്നു.





ഇറാന്‍ നല്‍കിയ എട്ട് എണ്ണക്കപ്പലുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ കപ്പലുകള്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പതാക വഹിക്കുന്നവയാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കി കപ്പലുകള്‍ക്ക് വഴിയൊരുക്കിയത് ഇറാന്‍ നല്‍കിയ ശുഭസൂചനയായാണ് ട്രംപ് ഭരണകൂടം കണക്കാക്കുന്നത്.

അതേസമയം ഇറാനിലെ ആരുമായാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായിട്ടില്ല. ഇറാന്‍ പ്രതിനിധികള്‍ക്ക് സ്വന്തം നാട്ടിലെ ജനങ്ങളെയും തങ്ങളെയും ഭയമാണെന്നും അതുകൊണ്ടാണ് പേരുകള്‍ രഹസ്യമായി വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അവര്‍ക്ക് ഒരു കരാറില്‍ എത്താന്‍ അത്രമേല്‍ ആഗ്രഹമുണ്ട്, പക്ഷേ അത് തുറന്നുപറയാന്‍ അവര്‍ ഭയപ്പെടുന്നു,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റിന്റെ മരുമകന്‍ ജാരദ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫുമാണ് ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ട്രംപിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍ വരുംദിവസങ്ങളില്‍ ആഗോള രാഷ്ട്രീയത്തിലും വിപണിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനായി നിശ്ചയിച്ചിരുന്ന സമയപരിധി ട്രംപ് നീട്ടിനല്‍കിയരുന്നു. ഏഴ് ദിവസത്തെ സാവകാശമാണ് ഇറാന്‍ ആവശ്യപ്പെട്ടതെങ്കിലും താന്‍ പത്ത് ദിവസം അനുവദിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇതോടെ ഏപ്രില്‍ 6 വരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല.

ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയതിനെ 'സമ്മാനം' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ ഔദാര്യത്തിനുള്ള മറുപടിയായാണ് സമയപരിധി നീട്ടിയതെന്ന് വ്യക്തമാക്കി. 'നാളെ രാത്രിയോടെ ആക്രമണം തുടങ്ങാനിരുന്നതാണ്. ഇറാന്‍ പ്രതിനിധികള്‍ എന്റെ ആളുകള്‍ വഴി വളരെ മര്യാദയോടെ കൂടുതല്‍ സമയം ചോദിച്ചു. അവര്‍ ഏഴ് ദിവസമാണ് ചോദിച്ചത്, എന്നാല്‍ ഞാന്‍ അവര്‍ക്ക് പത്ത് ദിവസം നല്‍കി. പകരമായി അവര്‍ എനിക്ക് കപ്പലുകള്‍ നല്‍കി,' ട്രംപ് പറഞ്ഞു.

നിശ്ചിത സമയത്തിനുള്ളില്‍ ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പും ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ ഏകപക്ഷീയമാണെന്ന് പറഞ്ഞ് ഇറാന്‍ തള്ളിക്കളഞ്ഞെങ്കിലും, തിരശീലയ്ക്ക് പിന്നില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ ഈ 'പത്തുദിവസത്തെ സാവകാശം' ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മേഖല വീണ്ടും വലിയൊരു സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നുറപ്പാണ്.