കണ്ണൂര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കണക്കിലെടുത്ത് കടുത്ത തീരുമാനങ്ങളുമായി സിപിഎം. നേരത്തെ കര്‍ശനമായി നടപ്പിലാക്കിയിരുന്ന 'രണ്ട് ടേം' നിബന്ധനയില്‍ ഇത്തവണ വന്‍ ഇളവുകള്‍ നല്‍കാനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇതുപ്രകാരം രണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും. എം.എം. മണി (ഉടുമ്പന്‍ചോല), മുകേഷ് (കൊല്ലം) എന്നിവര്‍ ഒഴികെയുള്ള പ്രമുഖര്‍ക്കെല്ലാം വീണ്ടും മത്സരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴക്കൂട്ടത്ത് നിന്നും കടകംപള്ളി സുരേന്ദ്രനേയും മാറ്റിയേക്കും. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. വട്ടിയൂര്‍ക്കാവ് എംഎല്‍എയായ വികെ പ്രശാന്തിനെ കഴക്കൂട്ടത്ത് പരീക്ഷിച്ചേക്കും.

പ്രായപരിധിയില്‍ ഇളവ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മത്സരരംഗത്തുണ്ടാകും. സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തന്നെയാകും അദ്ദേഹം മത്സരിക്കുക. മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ. ശൈലജ ഇത്തവണയും മത്സരരംഗത്തുണ്ടാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്നാണ് സൂചന. അദ്ദേഹത്തിന് പകരം തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി. ജയരാജന്‍ സ്ഥാനാര്‍ത്ഥിയായേക്കും. എംവി നികേഷ് കുമാറിനേയും പരിഗണിക്കുന്നുണ്ട്. രണ്ട് ടേം നിബന്ധന ഒഴിവാക്കുന്നത് സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം. ജനുവരി 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ പട്ടിക ചര്‍ച്ച ചെയ്യും. ഈ യോഗത്തിലായിരിക്കും നിബന്ധനകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും ക്യാപ്ടന്‍. പിണറായി മത്സരിക്കുകയും ചെയ്യും.

കെകെ ശൈലജയെ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശൈലജയുടെ ജനകീയത ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളോട് മണ്ഡലങ്ങളില്‍ സജീവമാകാന്‍ പാര്‍ട്ടി നേതൃത്വം ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന കടുത്ത ഭരണവിരുദ്ധ തരംഗത്തെ മറികടക്കാന്‍ വിപ്ലവകരമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് സിപിഎം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി പാര്‍ട്ടിയിലെ പ്രമുഖരെ പോലും മാറ്റിനിര്‍ത്തിയും പരീക്ഷണ സ്ഥാനാര്‍ത്ഥികളെ ഇറക്കിയും അധികാരം നിലനിര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും നീക്കം. ഇതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കും.

ശ്യാമളയ്ക്ക് സീറ്റില്ല താന്‍ മാറിനില്‍ക്കുമ്പോള്‍ പകരം ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കണമെന്ന എം.വി. ഗോവിന്ദന്റെ ആവശ്യം മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തള്ളിയതായാണ് വിവരം. കുടുംബവാഴ്ച എന്ന ആക്ഷേപം പ്രതിപക്ഷം ആയുധമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വെട്ടിനിരത്തല്‍. ഇതില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കടുത്ത അമര്‍ഷമുണ്ടെങ്കിലും പാര്‍ട്ടിയുടെ പൊതുവികാരം കണക്കിലെടുത്ത് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. എം.വി. ഗോവിന്ദന് പകരം തളിപ്പറമ്പില്‍ ആര് എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിന്റെ പേരിനാണ് ഇപ്പോള്‍ മുന്‍തൂക്കം. എം.വി. രാഘവന്റെ മകനെന്ന പ്രതിച്ഛായയും മാധ്യമരംഗത്തെ ജനപ്രീതിയും മണ്ഡലം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. എം.വി. ജയരാജന്റെ പേരും ഈ മണ്ഡലത്തിലേക്ക് പരിഗണനയിലുണ്ട്.

വിജയസാധ്യതയുണ്ടെങ്കില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് നല്‍കും. ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവര്‍ ഇത്തവണയും മത്സരരംഗത്തുണ്ടാകും. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ കടകംപള്ളി സുരേന്ദ്രനെ മാറ്റി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിനെ അവിടെ പരീക്ഷിക്കാനുള്ള ആലോചനകള്‍ സജീവമാണ്. കഴിഞ്ഞ തവണ ജയിച്ച 40 സീറ്റുകളില്‍ ഇക്കുറി കടുത്ത വെല്ലുവിളി പാര്‍ട്ടി മണക്കുന്നുണ്ട്. ഇത് മറികടക്കാന്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റി പുതിയ മുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.