വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ആവേശകരമായ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ആര്‍എംപിഐ സഖ്യം അധികാരം നിലനിര്‍ത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു പാര്‍ട്ടിയുടെ മുന്നണി മാറ്റ സാധ്യതകള്‍.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍പ്പെട്ട ആര്‍ജെഡി അംഗത്തിന്റെ വോട്ട് എതിര്‍സ്ഥാനാര്‍ഥിക്ക് കിട്ടിയതോടെ ബ്ലോക്ക് പ്രസിഡന്റ്സ്ഥാനം യുഡിഎഫ്-ആര്‍എംപിഐ ജനകീയമുന്നണിക്ക് ലഭിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനാണ് പ്രസിഡന്റ്. ഇരുമുന്നണികള്‍ക്കും ഏഴുവീതം സീറ്റുള്ള ഇവിടെ നറുക്കെടുപ്പാണ് പ്രതീക്ഷിച്ചതെങ്കിലും പ്രസിഡന്റ്സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ അപ്രതീക്ഷിത നീക്കങ്ങളുണ്ടായി.

വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കോട്ടയില്‍ രാധാകൃഷ്ണന് എട്ട് വോട്ടുകിട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ കെ.എം. സത്യന് ആറുവോട്ടും. ഇതോടെ നറുക്കെടുപ്പില്ലാതെതന്നെ കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായി. ആര്‍ജെഡി അംഗം രജനി തെക്കേത്തയ്യിലിന്റെ വോട്ടാണ് മാറിയത്. ഈ വോട്ടു മാറ്റം ആര്‍ജെഡിയുടെ മുന്നണിമാറ്റം ആകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഒരു കാലത്ത് സോഷ്യലിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്നു വടകര. ഇവിടെ യുഡിഎഫുമായി അടുക്കുകയാണ് ആര്‍ജെഡി. ഇത് സംസ്ഥാന തലത്തില്‍ മുന്നണി മാറ്റമാകുമെന്ന് കരുതുന്നവരുണ്ട്.

അബദ്ധത്തില്‍ വോട്ട് മാറിയതായാണ് ഇവര്‍ വിശദീകരിക്കുന്നത്. വോട്ടുചെയ്ത ഉടന്‍തന്നെ തെറ്റു മനസ്സിലായതിനെത്തുടര്‍ന്ന് വോട്ട് വീണ്ടും ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് രജനി വരണാധികാരിക്കും കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതിനല്‍കി. വോട്ട് മാറിച്ചെയ്ത വിഷയം സിപിഎമ്മില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധത്തിനിടയാക്കി. ഇതോടെ എല്‍ഡിഎഫിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ മാറി.

ആര്‍ജെഡിയിലെ എം.കെ. പ്രസന്നയെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നത്. ഈ സംഭവത്തോടെ ആര്‍ജെഡി പിന്മാറുകയും സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുനില തുല്യമായതോടെ നറുക്കെടുപ്പ് നടത്തുകയും സിപിഎമ്മിലെ പ്രീതി മോഹനന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുസ്ലിം ലീഗിലെ ജസ്മിന കല്ലേരിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഇരുവര്‍ക്കും ഏഴുവീതം വോട്ട് കിട്ടി.

നറുക്കെടുപ്പില്ലാതെതന്നെ പ്രസിഡന്റ്സ്ഥാനം ലഭിച്ചതോടെ ജനകീയമുന്നണി ക്യാമ്പ് ആഹ്ലാദത്തിലായി. ഷാഫി പറമ്പില്‍ എംപി, കെ.കെ. രമ എംഎല്‍എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു തുടങ്ങിയവര്‍ അഭിനന്ദനം അറിയിക്കാന്‍ സ്ഥലത്തെത്തി. ആര്‍ ജെ ഡി ഇടതുപക്ഷത്ത് അതൃപ്തിയിലാണ്. അതുകൊണ്ട് തന്നെ ഈ വോട്ടു മാറ്റത്തിന് സാധ്യതകള്‍ പലതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.