റൊമാന്റിക് കോമഡിയുമായി ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും; നിവിൻ പോളിയുടെ നായിക മമത ബൈജു; പ്രതീക്ഷ നൽകി 'ബത്ലഹേം കുടുംബ യൂണിറ്റിന്റെ അപ്ഡേറ്റ്
കൊച്ചി: സൂപ്പർ ഹിറ്റ് സംവിധായകൻ ഗിരീഷ് എ.ഡിയും മലയാളത്തിലെ ശ്രദ്ധേയമായ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസും ഒന്നിക്കുന്നു. 'ബത്ലഹേം കുടുംബ യൂണിറ്റ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്.
'പ്രേമലു' സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് സംവിധായകൻ. 'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായി മാറിയ 'പ്രേമലു'വിന് പിന്നാലെ ഭാവനാ സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്.
റൊമാന്റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. അജ്മൽ സാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസാണ്. സംഗീത സംവിധാനം വിഷ്ണു വിജയ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആർഒ ആതിര ദിൽജിത്ത്.