സിദ്ധാന്തങ്ങള്‍ നന്നായി മനസ്സിലാക്കുന്ന തല; ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ബിംബം; ജനക്ഷേമത്തിലൂന്നിയ ഭരണം: യാത്രയായത് ഇന്ത്യയുടെ ഏറ്റവും വിദ്യാഭ്യാസ സമ്പന്നനായ പ്രധാനമന്ത്രി
യാത്രയായത് ഇന്ത്യയുടെ ഏറ്റവും വിദ്യാഭ്യാസ സമ്പന്നനായ പ്രധാനമന്ത്രി
ഇന്ത്യയുടെ ഏറ്റവും വിദ്യാഭ്യാസ സമ്പന്നനായ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ അദ്ദേഹത്തിന്റെ ഭരണ നൗൈപുണ്യത്തിലും പ്രതിഫലിച്ചു. ''സിദ്ധാന്തങ്ങള്‍ നന്നായി മനസ്സിലാക്കുന്ന തല. എന്നാല്‍, കാലുകള്‍ ഭൂമിയില്‍ത്തന്നെ'' ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് കോളജില്‍ ഗവേഷണവിദ്യാര്‍ഥിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെപ്പറ്റി അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവന്‍ റോബിന്‍സന്‍ ഫയലില്‍ എഴുതിയതിങ്ങനെ ആയിരുന്നു. 45 വര്‍ഷങ്ങള്‍ക്കുശേഷം പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങിന് ഓക്‌സ്ഫഡ് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയ ചടങ്ങിലാണു ജോവന്‍ റോബിന്‍സന്റെ വിലയിരുത്തല്‍ പരസ്യമാക്കിയത്.
സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ജനക്ഷേമത്തിലൂന്നിയ ഭരണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ ഗ്രാമീണമേഖലയില്‍ ക്ഷേമം ഉറപ്പാക്കിയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കി. രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും തുടക്കമിട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്‌പെക്ട്രം, കല്‍ക്കരിപ്പാടങ്ങള്‍ എന്നിവയുടെ സ്വകാര്യവല്‍ക്കരണമായിരുന്നു ഇതില്‍ പ്രധാനം. ഇതാകട്ടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തു വലിയ വിവാദമായി.
ആണവക്കരാറിലെ രാഷ്ട്രീയധൈര്യം, തൊഴിലുറപ്പ് അടക്കം ക്ഷേമപദ്ധതികള്‍, സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം, കൂട്ടുകക്ഷിഭരണത്തെ മികവോടെ നയിക്കല്‍ എന്നീ ഘടകങ്ങള്‍ മന്‍മോഹന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു വന്‍വിജയമാണു തിരഞ്ഞെടുപ്പില്‍ നേടിക്കൊടുത്തത്. തിരഞ്ഞെടുപ്പുകാലത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രം കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങായിരുന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ ആരാണു പ്രധാനമന്ത്രിയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സോണിയ ഗാന്ധി പ്രകടനപത്രിക എടുത്തുയര്‍ത്തി. അതിന്റെ മുഖചിത്രം സോണിയയും മന്‍മോഹനുമായിരുന്നു. അവര്‍ തന്റെ ചിത്രം കൈകൊണ്ടു മറച്ചശേഷം മന്‍മോഹന്റെ മുഖം മാത്രം ഉയര്‍ത്തിക്കാട്ടി. സോണിയയെ മന്‍മോഹന്‍ നിരാശപ്പെടുത്തിയില്ല. യുപിഎ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇടതുകക്ഷികള്‍ക്കു പഴയ അംഗസംഖ്യയും നഷ്ടമായി. ഇടതുകക്ഷികള്‍ യുപിഎക്കൊപ്പം നിന്നിരുന്നുവെങ്കില്‍ 2011ല്‍ ബംഗാളില്‍ ഭരണം നഷ്ടമാകില്ലായിരുന്നു എന്നു കരുതുന്നവരുണ്ട്.
14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവല്‍ പ്രധാനമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദയ്ക്കു പുറമേ). ഇവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വര്‍ഷം രാജ്യം ഭരിച്ച മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാള്‍ പിന്നീടു മന്‍മോഹനെ വിശേഷിപ്പിച്ചത് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നാണ്. എന്നാല്‍, 2009ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിര്‍ത്തിയപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു.
മന്‍മോഹന്‍ സിങ് സ്‌കോളര്‍ഷിപ്
കേംബ്രിജ് സര്‍വകലാശാലയിലെ സെന്റ് ജോണ്‍സ് കോളജ് പൂര്‍വവിദ്യാര്‍ഥിയായ മന്‍മോഹന്‍ സിങ്ങിന്റെ ബഹുമാനാര്‍ഥം സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെന്റ് ജോണ്‍സ് കോളജില്‍ ഉപരിപഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതാണിത്. ശാസ്ത്രസാങ്കേതിക, സാമ്പത്തികശാസ്ത്ര, സാമൂഹിക വിഷയങ്ങളിലാണു ഗവേഷണ അവസരം. പഠനച്ചെലവ്, വിമാനടിക്കറ്റ്, പ്രതിമാസ സ്‌റ്റൈപന്‍ഡ്, യുകെ വീസ എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌കോളര്‍ഷിപ്.
1990കളില്‍ ധനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോള്‍ ജനപ്രീതി ഉയര്‍ന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുന്‍പുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹര്‍ലാല്‍ നെഹ്‌റുവിനെയും മന്‍മോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതില്‍ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മന്‍മോഹന്‍ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു. സാമ്പത്തികരംഗത്തെ പരിഷ്‌കരണങ്ങള്‍ക്കൊപ്പം രാജ്യത്തെ പാവങ്ങള്‍ക്കായി ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു.