ഇന്ത്യയില്‍ സിപിഎമ്മിന് എറ്റവും ശക്തിയുള്ള പാര്‍ട്ടി ഗ്രാമം; എകെജിയും, നായനാരുമൊക്കെ വളര്‍ന്ന വിപ്ലവ മണ്ണ്; കണ്ണിന് കണ്ണിന് പല്ലിന് പല്ല് ശൈലിയില്‍ കൊലകളും; ഇപ്പോള്‍ പുറത്തുവരുന്നത് രക്തസാക്ഷി ഫണ്ടില്‍ വരെ നടത്തിയ തട്ടിപ്പുകള്‍; പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!

പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!

Update: 2026-01-24 09:49 GMT

ഇന്ത്യയില്‍ തന്നെ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സ്ഥലം ഏതെന്ന് ചോദിച്ചാല്‍ അത്, കേരളത്തിലെ പയ്യന്നൂര്‍ ആയിരിക്കും. ഒരിക്കലും ഇളകാത്ത ചുവപ്പുകോട്ട. തൂണിലും തുരുമ്പിലുംവരെ പാര്‍ട്ടിയുള്ള, ഒരു പാര്‍ട്ടി ഗ്രാമം. സിപിഎമ്മിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ സ്ഥാനമാണ് പയ്യന്നൂരിനുള്ളത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഇഴചേര്‍ന്നതാണ് ആ നാടിന്റെ രാഷ്ട്രീയം. 1930-ല്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂര്‍ കടപ്പുറത്തേക്ക് നടത്തിയ ഉപ്പുസത്യാഗ്രഹ പദയാത്ര ചരിത്രമാണ്. പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹ ജാഥ കണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായതെന്ന് മുന്‍ മുഖ്യമന്ത്രിയായ ഇ.കെ. നായനാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിക്ക് വലിയ സ്വാധീനമുള്ള മേഖലയായിരുന്നു ഇവിടം. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ പതുക്കെ വളര്‍ന്നുവന്നു. ജന്‍മിത്തത്തിനെതിരെയും, നാടുവാഴിത്തത്തിനെതിരെയും, ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെയും, എതിഹാസികമായ പോരാട്ടം നടന്ന മണ്ണാണിത്. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പല നേതാക്കളും പിന്നീട് സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക് എത്തിയിട്ടുണ്ട്:

എ.കെ. ഗോപാലന്‍ എന്ന എകെജി, പയ്യന്നൂരിലെ സമരങ്ങളിലൂടെയാണ് അദ്ദേഹം ജനകീയ നേതാവായി വളര്‍ന്നത്. പിന്നെ നായനാര്‍. അതുപോലെയാണ് മറക്കാനാവാത്ത പേരാണ് വി.പി. അപ്പുകുട്ട പൊതുവാളിന്റെത്. സ്വാതന്ത്ര്യസമര സേനാനിയും പയ്യന്നൂരിലെ ഗാന്ധിയന്‍-കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ കണ്ണിയുമായിരുന്നു, പൊതുവാള്‍.

അയിത്തോച്ചാടനത്തിനുവേണ്ടിയും, പയ്യന്നുരില്‍ ശകതമായ പ്രക്ഷോഭങ്ങളുണ്ടായി.എകെജി, വിഷ്ണു ഭാരതീയന്‍ തുടങ്ങിയവര്‍ പയ്യന്നൂര്‍ കണ്ടോത്ത് സ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം നടത്തിയ പോരാട്ടം കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമാണ്. അസഖ്യം കമ്യൂണിസ്റ്റുകളുടെ ചോര വീണ മണ്ണുകൂടിയാണിത്. പയ്യന്നൂരിനടുത്തുള്ള കയ്യൂരിലെ മഠത്തില്‍ അപ്പു, കുഞ്ഞമ്പു നായര്‍, ചിരുകണ്ഠന്‍, അബൂബക്കര്‍ എന്നീ നാല് കമ്മ്യൂണിസ്റ്റ് പോരാളികളെ 1943-ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത് ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിലെ ഉജ്ജ്വല അധ്യായമാണ്.


 



അങ്ങനെ ഏത് നിലക്ക് നോക്കിയാലും ശരിക്കും പാര്‍ട്ടികോട്ടതന്നെയാണ്, പയ്യന്നുര്‍. കാലം ഇത്രയും കഴിഞ്ഞിട്ടും, ചുവന്നമണ്ണായി അത് ഇന്നു നിലകൊള്ളുന്നു. അവിടെനിന്നാണ് അതിശക്തമായ ഒരു ആരോപണം സിപിഎമ്മിനുനേരെ വരുന്നത്. രക്തസാക്ഷി ഫണ്ട് പാര്‍ട്ടി നേതാക്കള്‍ വെട്ടിച്ചുവെന്ന അതിഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്, നിലവിലെ ജില്ലാകമ്മറ്റിയഗവും, മുന്‍ എരിയാ സെക്രട്ടറിയുമായ വി. കുഞ്ഞിക്കൃഷ്ണനാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണരില്‍ പാര്‍ട്ടിയെ ഭരിക്കുന്ന മാഫിയാ സംഘത്തെ കുറിച്ചാണ് കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചില്‍.


കേരളത്തിലെ പാര്‍ട്ടിയുടെ മോസ്‌ക്കോയില്‍ നടന്ന ഈ കൊട്ടാര വിപ്ലവം, ദേശീയവ്യാപകമായി തന്നെ വലിയ ചര്‍ച്ചയാവുകയാണ്. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ സഖാക്കളാണ് എന്ന പരാഡിപ്പാട്ട് വന്നപ്പോഴൊക്കെ പ്രതികരിച്ചിരുന്നു സിപിഎമ്മുകാര്‍, രക്തസാക്ഷിയുടെ ഫണ്ടില്‍ കൈയിട്ട്വാരിയ കഥകേട്ട് പ്രതികരിക്കാനാവാതെ നില്‍ക്കയാണ്. ഏറ്റവും ഞെട്ടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അറിഞ്ഞിട്ടും നടപടിയെടുക്കാതെ പുഴ്ത്തിവെച്ചതാണ് ഈ തട്ടിപ്പ് എന്നതാണ്!

ടിറ്റ് ഫോര്‍ ടാറ്റ് വയലന്‍സ്

പയ്യന്നൂര്‍ പക്ഷേ സമീപകാലത്ത് ചര്‍ച്ചയാവുന്നത്, അതിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ്. പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സി.പി.എം - ബി.ജെ.പി/ആര്‍.എസ്.എസ് തര്‍ക്കങ്ങള്‍ കേവലം പ്രത്യയശാസ്ത്രപരമായ ഒന്നല്ല, മറിച്ച് പ്രദേശത്തെ രാഷ്ട്രീയ ആധിപത്യം നിലനിര്‍ത്താനുള്ള പോരാട്ടം കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഏരിയാ ഡോമിനേഷന് അക്രമം തന്നെയാണ് പ്രധാന രീതി. അടിസ്ഥാനപരമായി നോക്കുമ്പോള്‍ പയ്യന്നൂര്‍ ഒരു പാര്‍ട്ടി ഗ്രാമമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ പൂര്‍ണ്ണമായ ആധിപത്യമുള്ള പ്രദേശങ്ങളെയാണ് സാധാരണയായി 'പാര്‍ട്ടി ഗ്രാമം' എന്ന് വിളിക്കുന്നത്. കേരളത്തില്‍ പ്രധാനമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സി.പി.എം സ്വാധീനമേഖലകളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.ഇവിടെ സിപിഎമ്മിന്റെ സംഘടനാപരമായ സ്വാധീനം വളരെ വലുതാണ്. പ്രാദേശിക കാര്യങ്ങളിലും പൊതുജീവിതത്തിലും പാര്‍ട്ടി ഇടപെടും. പാര്‍ട്ടി അറിയാതെ ഒരു ഇലപോലും അനങ്ങില്ല.




 



ചരിത്രപരമായ പകക്കുള്ള മികച്ച ഉദാഹരണം കൂടിയാണ് ഇവിടം. 1969-ല്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെയാണ് കണ്ണൂരിലെ ഈ രാഷ്ട്രീയ കൊലപാതക പരമ്പര തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഒന്ന് കൊന്നാല്‍ പകരം മറ്റൊന്ന് എന്ന രീതിയിലുള്ള പ്രതികാര രാഷ്ട്രീയമാണ് (ടിറ്റ് ഫോര്‍ ടാറ്റ് വയലന്‍സ്) ദശകങ്ങളായി ഇവിടെ തുടരുന്നത്.സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂര്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതും, അത് തടയാന്‍ സി.പി.എം നടത്തുന്ന നീക്കങ്ങളും ഉത്സവങ്ങള്‍, വിവാഹങ്ങള്‍ അല്ലെങ്കില്‍ ചെറിയ വാക്കേറ്റങ്ങള്‍ പോലും വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങളായി മാറുന്ന സാഹചര്യം ഇവിടെയുണ്ട്.

ഈ മേഖലയില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ബിജെപിയടക്കം ആരോപിക്കാറുള്ളതാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാറില്ലെന്നും, തങ്ങളുടെ പ്രവര്‍ത്തകരെ ശാരീരികമായി നേരിട്ട് ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു. സി.പി.എം സ്വാധീന മേഖലകളില്‍ ഓഫീസ് തുറക്കാന്‍ സ്ഥലം നല്‍കുന്നവര്‍ക്ക് നേരെ പോലും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ഇരിക്കാന്‍ സമ്മതിക്കാറില്ലെന്നും കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ശ്രമിക്കാറുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിക്കാറുണ്ട്. ബൂത്ത് ഏജന്റുമാരെ തല്ലിയോടിച്ച കഥകളൊക്കെ പയ്യന്നൂരിലെ പഴയ തലമുറക്ക് പറയാനുണ്ട്.

പക്ഷേ സിപിഎമ്മിന്റെ വേര്‍ഷനില്‍ ഇവിടെ ആര്‍എസ്എസാണ് അക്രമകാരികള്‍. കേരളത്തിലെ ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി ബി.ജെ.പിയും ആര്‍.എസ്.എസും ബോധപൂര്‍വ്വം അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സി.പി.എം വാദിക്കുന്നു.അക്രമങ്ങള്‍ക്കായി ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിക്കുന്നുവെന്നും, രാഷ്ട്രീയ കൊലപാതകങ്ങളില്‍ പലപ്പോഴും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തുടക്കമിടാറുള്ളതെന്നും സി.പി.എം ആരോപിക്കാറുണ്ട്.രണ്ടുഭാഗത്തും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലീസ് കണക്കുകള്‍ പ്രകാരം (2000-2017 കാലഘട്ടം) കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ ഏകദേശം തുല്യമാണ് (സി.പി.എം: 85, ബി.ജെ.പി/ആര്‍.എസ്.എസ്: 65). അതില്‍ എറ്റവും ക്രൂരമായ കൊലപാതകമായിരുന്നു, ഇപ്പോള്‍ വിവാദമായ ധന്‍രാജ് വധം.

ഞെട്ടിച്ച ഇരട്ടക്കൊല

2016 ജൂലൈ മാസത്തില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങള്‍ പയ്യന്നൂരിനെ നടുക്കിയിരുന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരു വിഭാഗത്തിലെയും നേതാക്കള്‍ കൊല്ലപ്പെട്ടത്. പയ്യന്നൂര്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രതികാര കൊലയായി ഇതിനെ കണക്കാക്കുന്നു. 2016 ജലൈ 11 രാത്രിയാണ്, സിപിഎം പ്രവര്‍ത്തകനായ സി വി ധന്‍രാജ് കൊല്ലപ്പെടുന്നത്. പയ്യന്നൂരിനടുത്തുള്ള കുന്നരു എന്ന സ്ഥലത്ത് സ്വന്തം വീടിന്റെ ഉമ്മറത്തുവെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ബൈക്കുകളിലെത്തിയ പത്തോളം പേര്‍ വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറിയ അക്രമികള്‍ ധന്‍രാജിനെ വെട്ടിവീഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പരിക്കേറ്റ ധന്‍രാജിനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


 



ധന്‍രാജിന്റെ കൊലപാതകത്തിന് പിന്നാലെ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ബി.എം.എസ് നേതാവായ സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടു. ധന്‍രാജ് കൊല്ലപ്പെട്ട് വെറും നാല് മണിക്കൂറിനുള്ളില്‍, അതായത് ജൂലൈ 12, പുലര്‍ച്ചെ 2 മണിക്ക് തന്നെ സിപിഎം പകരം വീട്ടുകയായിരുന്നു. പയ്യന്നൂരിനടുത്തുള്ള കുന്നിമംഗലത്തെ വീട്ടില്‍ വെച്ച് ഒരു സംഘം ബോംബെറിഞ്ഞതിന് ശേഷമാണ്, രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കൊലപാതകം വ്യക്തമായ പ്രതികാര നടപടിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുമുമ്പും പിമ്പും പയ്യന്നൂരില്‍ നിരവധി അക്രമങ്ങള്‍ നടന്നിരുന്നു. ഒരു വിഭാഗത്തിന്റെ ഓഫീസ് അക്രമിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ മറുഭാഗത്തിന്റെ ഓഫീസോ വായനശാലയോ അക്രമിക്കപ്പെടുന്ന രീതിയും മേഖലയില്‍ പതിവായിരുന്നു. ബി.ജെ.പി നിയന്ത്രണത്തിലുള്ള വായനശാലകള്‍ക്കും സി.പി.എമ്മിന്റെ സ്മാരക സ്തൂപങ്ങള്‍ക്കും നേരെ ഇത്തരം അക്രമങ്ങള്‍ നടന്നിട്ടുണ്ട്. നതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെ ബോംബെറിയുന്നതും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്നതും ഒരു തുടര്‍ക്കഥയായിരുന്നു. ഒരു വീട്ടില്‍ അക്രമം നടന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറുഭാഗത്തെ പ്രവര്‍ത്തകന്റെ വീടും അക്രമിക്കപ്പെടുന്ന സാഹചര്യം പയ്യന്നൂരിലെ പല ഗ്രാമങ്ങളിലും നിലനിന്നിരുന്നു.

ഈ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് ശേഷമാണ് പയ്യന്നൂരിലെ സി.പി.എമ്മിനുള്ളില്‍ വിഭാഗീയത ശക്തമായതും, ധന്‍രാജിന്റെ കുടുംബത്തിനായി പിരിച്ച ഫണ്ടില്‍ തട്ടിപ്പ് നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ വി. കുഞ്ഞിക്കൃഷ്ണന്‍ ഉയര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതും. സിപിഎമ്മിനെ സംബന്ധിച്ച് അങ്ങേയറ്റം വികാരപരമാണ് തങ്ങളുടെ രക്തസാക്ഷികള്‍ എന്നുപറയുന്നത്. അവരുടെ കുടുംബത്തെ സംരക്ഷിക്കുക എന്നത്, പാര്‍ട്ടിക്ക് ഏറെ പ്രധാന്യമുള്ളതാണ്. പക്ഷേ ആ ഫണ്ട്പോലും മുക്കുന്നവരാണെന്നന്നത് പാര്‍ട്ടി അണികളെ ഞെട്ടിക്കയാണ്.

എന്നും സിപിഎമ്മിനൊപ്പം നിന്ന ചരിത്രമാണ് പയ്യന്നൂരിന്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ടി.ഐ. മധുസൂദനന്‍ 49,780 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അരലക്ഷം വോട്ടിന് അടുത്തവരുന്ന ഞെട്ടിക്കുന്ന ഭുരിപക്ഷം പിണറായി വിജയനുപോലും ഇല്ലായിരുന്നു. പയ്യന്നൂര്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 2024-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് വിജയിച്ചത്. അപ്പോഴും പയ്യന്നൂരില്‍, എല്‍ഡിഎഫിന് 18,728 വോട്ടുകളുടെ ലീഡ് ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പയ്യന്നുര്‍ ചുവന്ന കോട്ടയായി തുടര്‍ന്നു. പയ്യന്നൂര്‍ നഗരസഭയില്‍ ആകെയുള്ള 44 വാര്‍ഡുകളില്‍ ഭൂരിഭാഗവും എല്‍.ഡി.എഫിനാണ്. കുന്നിമംഗലം, പെരിങ്ങോം-വയക്കര, രാമന്തളി, കങ്കോല്‍-ആലപ്പടമ്പ് തുടങ്ങിയ പഞ്ചായത്തുകളും ഇടതിന് തന്നെ. ഇതുപോലെ പാര്‍ട്ടി സര്‍വാധിപത്യമുള്ള ഒരു പ്രദേശത്താണ്, രക്തസാക്ഷിഫണ്ട് പുട്ടടിച്ചതുപോലുള്ള ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉയരുന്നത്.

ഒരുകോടിയോളം വരുന്ന തിരിമറി

നേരത്തെ പലതവണ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയ ഉയര്‍ന്നിരുന്നു ഇത്. എത്ര ശ്രമിച്ചിട്ടും പാര്‍ട്ടിക്ക് അത് ഒതുക്കാന്‍ കഴിഞ്ഞിട്ടില്ല. ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തുവെന്ന ഗുരുതരമായ ആരോപണമാണ് ജില്ലാകമ്മറ്റി അംഗമായി വി കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നത്. ധന്‍രാജ് ഫണ്ടിനായി ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ ഏഷ്യാനെറ്റിനോട് വെളിപ്പെടുത്തി.


 



''ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. ഡിസംബര്‍ 8,9 തിയ്യതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയായത്. 2021-ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചില്ല. 2021-ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്.

2017-ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചിലവാണെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് പിരിച്ചിരുന്നത്'. വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആ കമ്മിറ്റി കണക്ക് അംഗീകരിച്ചില്ല. മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ വീട് നിര്‍മാണത്തിന് ചിലവായെന്നായിരുന്നു കണക്ക്. വീട് നിര്‍മിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ സന്നദ്ധസഹായങ്ങളും ഉണ്ടായിരുന്നു. അങ്ങനെ സഹായങ്ങള്‍ നല്‍കിയാല്‍ വീട് പണിക്ക് പണം കൂടുതല്‍ വരില്ലെന്നായിരുന്നു ഉദ്ദേശം. 34ലക്ഷം രൂപയുടെ ചെക്കാണ് നല്‍കിയിരുന്നത്. ഈ ചെക്ക് പരിശോധിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതേ കാല്‍ ലക്ഷം രൂപ കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്കും 5ലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി കെപി മധുവിന്റെ അക്കൗണ്ടിലേക്കും പോയി. ഒരിനവും പറയാതെ 2 ലക്ഷം രൂപയുടെ കണക്കും കാണിച്ചിരുന്നു.

ചെക്ക് പരിശോധിച്ചപ്പോള്‍ ഈ രണ്ടുലക്ഷം ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ കെട്ടിടപണിക്ക് ഈ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നു. അതിനുള്ള ഫണ്ട് അവിടെയുണ്ട്. ധന്‍രാജിന്റെ കടബാധ്യത നിലനില്‍ക്കുമ്പോഴാണ് 40 ലക്ഷം രൂപ കാണാതായത്''- വി കുഞ്ഞികൃഷ്ണന്‍ പറയുന്നു.

വി. കുഞ്ഞിക്കൃഷ്ണന്‍ വെളിപ്പെടുത്തല്‍ പ്രകാരം, പാര്‍ട്ടി ഫണ്ട് തട്ടിപ്പ് രക്തസാക്ഷി ഫണ്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ചിട്ടി ആരംഭിച്ചിരുന്നു. ഈ നിര്‍മ്മാണ ഫണ്ടില്‍ നിന്നും ഏകദേശം 70 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നത്.ഓഡിറ്റിംഗ് വേളയില്‍ താന്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, ലക്ഷക്കണക്കിന് രൂപയുടെ വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് ഈ വെട്ടിപ്പ് മറയ്ക്കാനാണ് നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാഹരിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്നുംഒരു കോടിയോളം വകമാറ്റി തട്ടിപ്പ് നടത്തിയതായി അദ്ദേഹം ആരോപിക്കുന്നു.മുന്‍പ് ഫണ്ട് ശേഖരിക്കാന്‍ പ്രവര്‍ത്തകര്‍ സംഘങ്ങളായി പോയിരുന്ന രീതി മാറ്റി, തനിച്ച് ഫണ്ട് ശേഖരിക്കുന്ന രീതി ചില നേതാക്കള്‍ നടപ്പിലാക്കിയെന്നും ഇത് തട്ടിപ്പിന് സഹായകരമായെന്നും കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു. മൊത്തം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായും, പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്‍ ഇതിന് നേരിട്ട് നേതൃത്വം നല്‍കിയതായും അദ്ദേഹം ആരോപിച്ചു.


 



ഈ തെളിവുകള്‍ സഹിതം അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നീട് എം.വി. ഗോവിന്ദനും പരാതി നല്‍കിയിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഒരു തെറ്റുകണ്ടിട്ടും അതില്‍ യാതൊരു നടപടിയും എടുക്കാതെ മാറി നില്‍ക്കുക എന്നുവന്നാല്‍. കേരളത്തിലെ സിപിഎം നേതൃത്വം, ഒരു ദൂഷിത വലയത്തിന്റെ പിടിയിലാണെന്നറിയാന്‍ ഇതില്‍ കൂടുതല്‍ തെളിവുകള്‍വേണോ?

കുഞ്ഞികൃഷ്ണന്‍ പുറത്തേക്ക്?

2017 മുതല്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ് വീണ്ടും പൊട്ടിത്തെറിയിലേക്കു നയിച്ചത്. സാമ്പത്തികാപഹരണം നടത്തിയ വര്‍ കുറ്റക്കാരല്ലെന്ന് കമ്മിഷനെവെച്ച് പറയിപ്പിച്ചതും പരാതിപ്പെട്ട തന്നെ വേട്ടയാടുന്നതുമാണ് കുഞ്ഞിക്കൃഷ്ണനെ ചൊടിപ്പിച്ചത്. പയ്യന്നുര്‍ എംഎല്‍ടി.ഐ മധുസൂദനനെ തുറന്ന പോരിന് ഇറങ്ങിയ വി. കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. സമവായത്തിന്റെ ഭാഗമായി മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തിയെങ്കിലും മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ തിരിച്ചെടുത്തു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വി. കുഞ്ഞികൃഷ്ണനെ പ്രത്യേക ക്ഷണിതാവാക്കുകയും പിന്നീട് ജില്ലാ കമ്മിറ്റിയംഗമായും ഉള്‍പ്പെടുത്തി.'


ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതില്‍ അകന്നു നിന്ന കുഞ്ഞിക്ക്യഷ്ണന്‍ നേതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. മധുസൂദനനും സെക്രട്ടറിയറ്റില്‍ തിരിച്ചെത്തിയതോടെ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടായി. കഴിഞ്ഞ സമ്മേളനത്തില്‍ കൂഞ്ഞിക്ക്യ ഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടും ധനാപഹര ണക്കാര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യത്തില്‍നിന്ന് അദ്ദേഹം പിന്മാറിയില്ല.

സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ റൂറല്‍ ബാങ്കിന് 20 കോടി മുടക്കി ചതുപ്പു നിലം വാങ്ങിയതിനെക്കുറിച്ചുള്ള ആരോ പണവും ഇ.പി.ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നട ത്തിയതുമെല്ലാം വി. കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചു. ഇതും അന്വേഷിക്കാന്‍ കമ്മിഷനുകളെ വച്ചെങ്കിലും കുഞ്ഞിക്കൃഷ്ണനെ ശാസിക്കാനായിരുന്നു തീരുമാനം. പാര്‍ട്ടിയിലെ വിവരം ചോര്‍ത്തുന്നുവെന്ന പരാതിയും കുഞ്ഞികൃഷ്ണനെതിരെ ഉന്നയിക്കപ്പെട്ടു. ഇതോടെ അദ്ദേഹം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതെ പുസ്തക രചനയിലായി. അണികള്‍ നേതൃത്വത്തെ തിരുത്തട്ടെയെന്നതാണ് പുസ്തകത്തിന്റെ ശീര്‍ഷകം. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്കാണ് പ്രസിദ്ധീകരിച്ചത്. അടുത്ത ദിവസം തന്നെ പുസ്തകം പയ്യന്നൂരില്‍ പ്രകാശനം ചെയ്യുമെന്നാണ് വിവരം.

കണ്ണൂര്‍ സിപിഎമ്മിനെ ഇളക്കിമറിക്കാന്‍ പോന്ന വെളിപ്പെടുത്തലാണ് വി കുഞ്ഞിക്കണ്ണന്റേത്. പയ്യന്നൂരില്‍ അണികള്‍ക്കിടയില്‍ നല്ല ്‌സ്വാധീനമായുള്ള നേതാവാണ് അദ്ദേഹം. ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അന്വേഷണ കമ്മീഷന്‍ പരിശോധിച്ചതാണെന്നും, ആരും പണം വ്യക്തിപരമായി തട്ടിയെടുത്തിട്ടില്ലെന്നും മറിച്ച് കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ മാത്രമാണ് വീഴ്ച വന്നതെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഇതിനോട് പ്രതികരിച്ചത്.


 



ഇപ്പോള്‍ കുഞ്ഞികൃഷ്ണനെ പുറത്താക്കി കൈകഴുകാനാണ് സിപിഎം നീക്കം. പി.പി ദിവ്യയുടെ വിവാദത്തിന് ശേഷം കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിസന്ധി കൂടിയാണ് പയ്യന്നൂര്‍ പാര്‍ട്ടിയിലെ വിഭാഗീയത. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ സംസ്ഥാന സെക്രട്ടറിയും അന്തരിച്ച നേതാവുമായി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് ഇതല്ലാം അറിയാമായിരുന്നെങ്കിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന വി. കുഞ്ഞികൃഷ്ണന്റെ ആരോപണത്തോടെ പാര്‍ട്ടി നേതൃത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്. രക്തസാക്ഷി ഫണ്ടില്‍ നിന്നും ധനാപഹരണം നടന്നുവെന്നു സമ്മതിച്ചാല്‍ നേത്യത്വമാകെ വെട്ടിലാകും. കണക്ക് അവതരിപ്പിക്കാന്‍ വൈകിയ പ്രശ്‌നമേ ഉണ്ടായിട്ടുള്ളുവെന്നും അതിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുത്തുവെന്നുമാണ് സിപിഎം ഇതുവരെ വിശദീകരിച്ചത്. ഇനി അതു മാറ്റിപ്പറയാനാവില്ലെന്നു വന്നതോടെ വി. കുഞ്ഞികൃഷ്ണനെ കയ്യൊഴിയുകയാണ് സിപിഎമ്മിനു മുന്നിലുള്ള സുരക്ഷിത മാര്‍ഗം. അപ്പോഴും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍, അവിടെ ചോദ്യമായി തന്നെ അവശേഷിക്കും! പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. പ്രതിപക്ഷമില്ലാത്ത ജനാധിപത്യം ഫലത്തില്‍ സ്റ്റാലിനിസത്തിലേക്കാണ് നീങ്ങുക.

വാല്‍ക്കഷ്ണം: 2025-ല്‍ പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം വിമത സ്ഥാനാര്‍ത്ഥി സി. വൈശാഖ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് ഞെട്ടിച്ചിരുന്നു. എല്ലകാലാവും ആരും ആരുടെയും അടിമകളല്ല. ഇതും സിപിഎം നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്.

Tags:    

Similar News