കളിക്കുന്നതിനിടെ ബോള്‍ വീട്ടിലേക്ക് വീണു; തിരികെ കൊടുത്തില്ലെന്നാരോപിച്ച് തർക്കം; പിന്നാലെ അധ്യാപകനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ക്രൂരത; മുഖത്ത് മാരക പരിക്ക്; 21-കാരൻ പിടിയിൽ
ബെംഗളൂരു: കളിക്കുന്നതിനിടെ വീട്ടിലേക്കുവന്ന ക്രിക്കറ്റ് ബോള്‍ തിരികെ നൽകിയില്ലെന്ന് ആരോപിച്ച് പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച് 21-കാരന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം നടന്നത്. 36-കാരനായ രാമപ്പ പുജാരിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ 21-കാരനായ പവന്‍ ജാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അധ്യാപകന്റെയും യുവാവിന്റെയും വീടുകള്‍ ഒരേ പ്രദേശത്താണ്. ചൊവ്വാഴ്ച പവന്‍ ജാദവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് രാമപ്പ പുജാരിയുടെ വീട്ടിലേക്ക് പോയി. ബോൾ എടുക്കാൻ ചെന്നപ്പോൾ, ബോൾ ഇവിടേക്ക് വന്നില്ലെന്ന് രാമപ്പ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനു ശേഷം പുറത്തുപോയി തിരികെ വന്ന പവന്‍ പൊട്ടിയ ബിയര്‍ ബോട്ടിലും കത്തിയും ഉപയോഗിച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു.