കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും; 27 ആഴ്ച പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നത് ഭ്രൂണ ഹത്യയ്ക്ക് തുല്യം: പതിനാറുകാരിയുടെ ഗര്‍ഭഛിദ്രം നിഷേധിച്ച് എയിംസ്

പതിനാറുകാരിക്ക് ഗർഭഛിദ്രം നിഷേധിച്ച് എയിംസ്

Update: 2025-07-04 00:11 GMT

ന്യൂഡല്‍ഹി: പീഡനത്തിന് ഇരയായ പതിനാറുകാരിക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്). എയിംസ് അനുമതി നിഷേധിച്ചതോടെ 27 ആഴ്ച പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നതില്‍നിന്നു പതിനാറുകാരി പിന്‍മാറി. ഗര്‍ഭാവസ്ഥ ആറു മാസം പിന്നിട്ടതിനാല്‍ ഈ സമയത്തെ ഗര്‍ഭഛിദ്രം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി, എയിംസിലെ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്നാണു പെണ്‍കുട്ടി തീരുമാനം മാറ്റിയത്.

പീഡനത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഗര്‍ഭം ഒഴിവാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പെണ്‍കുട്ടിക്ക് കഴിഞ്ഞ 30നു അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആറു മാസം പിന്നിട്ട ഗര്‍ഭം സീസേറിയനിലൂടെ ഒഴിവാക്കേണ്ടി വരുമെന്നും ഇത് അമ്മയ്ക്കു ഭാവിയിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മെഡിക്കല്‍ സംഘം ഇന്നലെ കോടതിയില്‍ അറിയിച്ചു. ഒപ്പം ഭ്രൂണഹത്യയ്ക്ക് തുല്യമാകുമെന്നും വ്യക്തമാക്കി. ഇതോടെ കോടതിയും ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചു.

ദൗര്‍ഭാഗ്യകരമായ സാഹചര്യമാണെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ഗര്‍ഭം ഒഴിവാക്കാന്‍ അനുമതി നിഷേധിക്കുക ആയിരുന്നു. പെണ്‍കുട്ടിക്കും കുഞ്ഞിനും അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കോടതി എയിംസിനോട് നിര്‍ദേശിച്ചു.

Tags:    

Similar News