ആ ആറ് പേരെ കൊന്നത് ആരാണ്? ബോധപൂര്‍വമായ മോശം അന്വേഷണമോ പ്രോസിക്യൂഷനോ ആണ് കുറ്റവിമുക്തരാക്കലിന് കാരണം; മലേഗാവ് സ്ഫോടനക്കേസിലെ വിധി നിരാശാജനകമെന്ന് ഉവൈസി
ആ ആറ് പേരെ കൊന്നത് ആരാണ്?
ഹൈദരാബാദ്: മലേഗാവ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ എന്‍.ഐ.എ കോടതിയുടെ വിധി നിരാശാജനകമാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ പോലെ കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും ഈ വിധിയില്‍ സ്റ്റേ ആവശ്യപ്പെടുമോ എന്നും ഉവൈസി ചോദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് നയിച്ചത് മോശം അന്വേഷണമാണെന്ന് അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു.
'മലേഗാവ് സ്ഫോടന കേസിലെ വിധി നിരാശാജനകമാണ്. സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് അവരെ ലക്ഷ്യം വെച്ചത്. ബോധപൂര്‍വമായ മോശം അന്വേഷണമോ പ്രോസിക്യൂഷനോ ആണ് കുറ്റവിമുക്തരാക്കലിന് കാരണമായത്. സ്‌ഫോടനം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷം, തെളിവുകളുടെ അഭാവത്തില്‍ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.
മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ കുറ്റവിമുക്തരാക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതുപോലെ, മോദിയുടെയും ഫഡ്നാവിസിന്റെയും സര്‍ക്കാറുകള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമോ മഹാരാഷ്ട്രയിലെ 'മതേതര' രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തം ആവശ്യപ്പെടുമോ ആ ആറ് പേരെ കൊന്നത് ആരാണ്' -ഉവൈസി കുറിച്ചു.
കേസില്‍ മുന്‍ ഭോപാല്‍ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് അടക്കം എല്ലാ പ്രതികളേയും പ്രത്യേക എന്‍.ഐ.എ കോടതി വെറുതെ വിട്ടു.