പാകിസ്ഥാനില്‍നിന്ന് പരിശീലനം ലഭിച്ച ഭീകരരുടെ ഒളിസങ്കേതം; കിഷ്ത്വാര്‍ വനമേഖലയിലെ ഗുഹ ബോംബുവെച്ച് തകര്‍ത്ത് സൈന്യം
കിഷ്ത്വാര്‍ വനമേഖലയിലെ ഗുഹ ബോംബുവെച്ച് തകര്‍ത്ത് സൈന്യം
ശ്രീനഗര്‍: പാക്കിസ്ഥാനില്‍ നിന്നും പരിശീലനം നേടിയ ശേഷം അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന കൊടുംഭീകരര്‍ ഒളിത്താവളമാക്കുന്ന ജമ്മു കശ്മീരിലെ കിഷ്ത്വാറിലുള്ള വനമേലയിലെ ഗുഹ ബോംബുവെച്ച് തകര്‍ത്ത് സുരക്ഷാസേന. ഞായറാഴ്ചയാണ് ഈ മേഖലയില്‍ ഭീകരവാദികളുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. ഇതനുസരിച്ച് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടെ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ ഭീകരവാദികള്‍ പ്രദേശത്ത് ഒളിവില്‍ കഴിയാന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന പര്‍വത മേഖലയിലെ ഒരു ഗുഹ സുരക്ഷാസേന കണ്ടെത്തുകയും തകര്‍ക്കുകയുമായിരുന്നു. ഇതിനുള്ളില്‍ ഭീകരവാദികള്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. കൂടുതല്‍ സുരക്ഷിതമായ നീക്കമെന്ന നിലയില്‍ ഗുഹതന്നെ സുരക്ഷാസേന തകര്‍ത്തു.
പാകിസ്താനില്‍നിന്ന് പരിശീലനം ലഭിച്ചിട്ടുള്ള ഭീകരവാദികളുടെ സാന്നിധ്യമുള്ള എഴ് ജില്ലകളിലൊന്നാണ് കിഷ്ത്വാര്‍. സുരക്ഷാ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 2021 വരെ കിഷ്ത്വാറില്‍ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍, അടുത്തിടെ നടന്ന പ്രധാനപ്പെട്ട ഏറ്റുമുട്ടലുകളില്‍ ചിലത് ഈ ജില്ലയിലാണ് ഉണ്ടായിട്ടുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ഭീകരവാദികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സാധിക്കുന്ന കിഷ്ത്വാറിലെ പര്‍വതമേഖലകള്‍ സുരക്ഷാസേനയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇവിടെനിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതിനൊപ്പം കുല്‍ഗാമിലെ അഖാല്‍ വനമേഖലയിലും സമാനമായ ഭീകരവിരുദ്ധ നടപടികള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ 11 ദിവസത്തോളമായി സുരക്ഷാസേന നടത്തുന്ന ഓപ്പറേഷന്‍ അഖാലില്‍ ഇതുവരെ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. നിബിഡ വനമേഖലകളും ഒളിച്ചിരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രകൃതിദത്തമായ ഗുഹകളും ദുര്‍ഘടമായ ഭൂപ്രകൃതിയുമൊക്കെയുള്ള ഈ പ്രദേശങ്ങള്‍ ഭീകരവാദികള്‍ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ഭീകരവാദികളുമായി ഇടക്കിടെ ഏറ്റുമുട്ടല്‍ നടക്കുന്നുമുണ്ട്.