ആണ്‍കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു, പിറന്നത് പെണ്‍കുഞ്ഞ്; ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജവാന്‍ അറസ്റ്റില്‍

ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജവാന്‍ അറസ്റ്റില്‍

Update: 2025-08-11 14:32 GMT

അഗര്‍ത്തല: ഒരു വയസ്സുള്ള മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ജവാന്‍ അറസ്റ്റില്‍. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടി.എസ്.ആര്‍) ജവാന്‍ രതീന്ദ്ര ദേബ്ബര്‍മയാണ് അറസ്റ്റിലായത്. ഖൊവായ് ജില്ലയിലുള്ള ബെഹലാബാരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ അമ്മ മിതാലി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്ര ഇത്തരമൊരു കടുംകൈക്ക് മുതിര്‍ന്നതെന്ന് മിതാലി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പത്താം ബറ്റാലിയന്‍ ടിഎസ്ആര്‍ ഉദ്യോഗസ്ഥനായ രതീന്ദ്ര നിലവില്‍ എഡിസി ഖുമുല്‍വങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്.

മിതാലിയുടെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് സംഭവം. ബിസ്‌ക്കറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് രതീന്ദ്ര കുട്ടിയെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിരികെ വീട്ടിലെത്തിയ കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഛര്‍ദ്ദി നില്‍ക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനോട് ഭക്ഷണം വാങ്ങി കൊടുത്തതിനെപ്പറ്റി ചോദിച്ചെങ്കിലും അയാളത് നിഷേധിച്ചു.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയുടെ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അഗര്‍ത്തലയിലെ ജി.ബി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പ് തന്നെ കുട്ടി മരണപ്പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മിതാലി പൊലീസില്‍ പരാതി നല്‍കിയത്. രണ്ടാമതും പെണ്‍കുട്ടി ജനിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് നിരന്തരം അപമര്യാദയായി പെരുമാറിയിരുന്നുവെന്നും അവര്‍ മൊഴി നല്‍കി. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവിന് വധശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

'ബെഹലാബാരിയിലുള്ള എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു ഞങ്ങള്‍. ഈ സമയം, എന്റെ ഭര്‍ത്താവ് രതീന്ദ്ര ഞങ്ങളുടെ മകളെയും സഹോദരിയുടെ മകനെയും കൂട്ടി അടുത്തുള്ള കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയി. തിരികെയെത്തി അധികം വൈകാതെ, എന്റെ മകള്‍ അതിയായി ഛര്‍ദ്ദിക്കുന്നതായും അവളുടെ വയറിളകുന്നതായും സഹോദരിയുടെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോള്‍ സുഹാനയുടെ വായില്‍ നിന്ന് മരുന്നിന്റെ രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു,' മിതാലി പറയുന്നു.

'കുഞ്ഞിന് ഇങ്ങനെ വയ്യാതാവാനുംവേണ്ടി എന്താണ് നല്‍കിയെന്ന് ഞാന്‍ രതീന്ദ്രയോട് ചോദിച്ചു. എന്നാല്‍ അദ്ദേഹം ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. വിഷം നല്‍കിയെന്ന കാര്യവും അദ്ദേഹം നിഷേധിച്ചു. എന്നാല്‍, എന്റെ മകള്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. പരിഭ്രാന്തിയില്‍ ഞാന്‍ എന്റെ മുടി വലിച്ചുപറിച്ചപ്പോള്‍ ഭര്‍ത്താവ് എന്റെ മുഖത്തടിച്ചു. എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സുഹാനിയായിരുന്നു ഇളയവള്‍,' മിതാലി മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ ആദ്യം ഖൊവായ് ജില്ലാ ആശുപത്രിയിലും പിന്നീട് സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയി, എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രതീന്ദ്ര ദേബ്ബര്‍മയെ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. കോടതി ഇയാളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.

Similar News