കര്‍ണാടകയില്‍ പുറത്താക്കിയ മന്ത്രി രാജണ്ണയുടെ അണികള്‍ തെരുവിലിറങ്ങി; കടകള്‍ക്ക് നേരെ അക്രമം
കര്‍ണാടകയില്‍ പുറത്താക്കിയ മന്ത്രി രാജണ്ണയുടെ അണികള്‍ തെരുവിലിറങ്ങി; കടകള്‍ക്ക് നേരെ അക്രമം
ബംഗളൂരു: കള്ളവോട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടമായ കെ.എന്‍.രാജണ്ണയുടെ അണികള്‍ മധുഗിരിയില്‍ പ്രതിഷേധവുമായി തെരുവില്‍. തെരഞ്ഞെടുപ്പ് കമീഷനുമായി ചേര്‍ന്ന് ബി.ജെ.പി വ്യാപക കള്ളവോട്ട് നടത്തിയെന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കണ്ടെത്തലിനെതിരെ രംഗത്തുവന്നതിനാണ് കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് കെ.എന്‍.രാജണ്ണയെ പാര്‍ട്ടി പുറത്താക്കിയത്. ഇതില്‍ പ്രതിഷേധിച്ച് അനുയായികള്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മണ്ഡലമായ മധുഗിരിയില്‍ തെരുവിലിറങ്ങി.
ബന്ദാഹ്വാനം നടത്തിയതിന് പിന്നാലെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. മധുഗിരി നഗരസഭയില്‍ നിന്ന് അദ്ദേഹത്തിന്റെ വിശ്വസ്ത കൗണ്‍സിലര്‍ ഗിരിജ മഞ്ജുനാഥ് രാജിവെച്ചു. രാജണ്ണയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മധുഗിരി പട്ടണത്തില്‍ നടത്തിയ പ്രകടനത്തില്‍ നേതാവിന് അനുകൂലമായി ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്തി. ഉച്ചഭാഷിണികളില്‍ മുഴക്കിയ മുദ്രാവാക്യത്തില്‍ സാധുവായ കാരണങ്ങളില്ലാതെ രാജണ്ണയെ നീക്കം ചെയ്തതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അപലപിച്ചു.
പൊലീസ് ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും രോഷാകുലരായ അനുയായികള്‍ മുദ്രാവാക്യങ്ങളോടെ കടകള്‍ അടപ്പിച്ചു. വലിയ ജനക്കൂട്ടത്തിന് മുന്നില്‍ പൊലീസുകാര്‍ നിസ്സഹായരായതോടെ രാജണ്ണയുടെ അനുയായികളുടെ അതിക്രമങ്ങള്‍ നോക്കിനിന്നു. ചില കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അവയുടെ ഉടമകളെയും ജീവനക്കാരെയും ആള്‍ക്കൂട്ടം കൈയേറ്റം ചെയ്തതായി ആക്ഷേപമുണ്ട്.