ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി: പിടിക്കപ്പെടാതെ കൊലപാതകം നടത്താന്‍ ഗൂഗിളില്‍ തിരഞ്ഞ് പ്രതികള്‍

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി

Update: 2025-08-20 01:37 GMT

ജയ്പുര്‍: ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ശാരീരികപീഡനവും സംശയവും പതിവായതോടെ യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തുക ആയിരുന്നു. സന്തോഷ് ദേവി എന്ന യുവതിയാണ് ഋഷി ശ്രീവാസ്തവ, മോഹിത് ശര്‍മ എന്നിവരുടെ സഹായത്തോടെ ഭര്‍ത്താവ് മനോജിനെ കൊലപ്പെടുത്തിയത്. ക്രൈം വെബ് സീരീസുകള്‍ പതിവായി കണ്ട പ്രതികള്‍ പിടിക്കപ്പെടാത്ത വിധത്തില്‍ കൊലപാതകം നടത്തുന്നത് എങ്ങനെയെന്ന് ഗൂഗിളിലും തിരഞ്ഞു.

ബെഡ്ഷീറ്റ് ഫാക്ടറി ജീവനക്കാരിയായിരുന്നു സന്തോഷ് ദേവി ഒപ്പം ജോലിചെയ്തിരുന്ന ഋഷിയുമായി പ്രണയത്തിലായിരുന്നു. ഇതിനുപിന്നാലെ ഈ ബന്ധം സംബന്ധിച്ച് മനോജിനു സംശയമായി. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്നാണ് സുഹൃത്തും കാമുകനുമായി ചേര്‍ന്ന് മനോജിനെ കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതി ഒരുക്കിയത്. ഋഷിയുടെ സുഹൃത്ത് മോഹിത്തും ഇവര്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കാളികളായി.

ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു മനോജ്. മനോജിനെകൊലപ്പെടുത്താനുള്ള പദ്ധതി ആരംഭിച്ചതോടെ മൂവരും പുതിയ സിം കാര്‍ഡുള്‍ വാങ്ങി. ശനിയാഴ്ച മോഹിത്, മനോജിന്റെ വാഹനം ഇസ്‌കോണ്‍ ക്ഷേത്രത്തിലേക്ക് ഓട്ടംവിളിച്ചു. പത്തുമിനിറ്റിനു ശേഷം ഋഷിയും മോഹിത്തിനൊപ്പം ചേര്‍ന്നു.

ശേഷം വാഹനം ഒറ്റപ്പെട്ട പ്രദേശത്തെത്തിക്കുകയും മനോജിനെ ബെഡ്ഷീറ്റ് മുറിക്കുന്ന കത്രിക ഉപയോഗിച്ചു കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷം വസ്ത്രംമാറി സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ സിം കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.

കൊലപാതകം നടന്ന പ്രദേശത്ത് സിസിടിവികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സമീപപ്രദേശത്തുനിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്കെത്തിയത്. ഒരുമാസമായി കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിവരികയായിരുന്നെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു.

Tags:    

Similar News