അനധികൃത കുടിയേറ്റക്കാരുമായി മൂന്നാം യുഎസ് സൈനിക വിമാനവും ഇന്ത്യൻ മണ്ണിൽ; അമൃത്സറിൽ ലാൻഡ് ചെയ്തു; ഇതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 335 ആയി; നാടുകടത്ത് കടുപ്പിച്ച് ട്രംപ്

Update: 2025-02-16 17:34 GMT

ഡൽഹി: അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം യൂഎസ് സൈനിക വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. 112 ഇന്ത്യക്കാരാണ് വിമാനത്തിൽ ഉള്ളത്. ഇതോടെ അമേരിക്കയിൽ നിന്ന് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ എണ്ണം 335 ആയി. തിരിച്ചയച്ചവരിൽ 44 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും 31 പേർ പഞ്ചാബിൽ നിന്നുമുള്ളവരാണ്. ഉത്തർപ്രദേശിൽ നിന്ന് രണ്ടുപേരും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും ഉണ്ട്.

അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം കഴിഞ്ഞ ദിവസമാണ് അമൃത്സറിൽ എത്തിയത്. 116 പേരാണ് യുഎസ് വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്നത്. ആദ്യ വിമാനത്തിൽ 104 അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക നാടുകടത്തിയത്.

 അതേസമയം, അനധികൃതമായി കുടിയേറാൻ ശ്രമിച്ച് പിടിയിലായതിനെ തുടർന്ന് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരിൽ രണ്ടുപേരെ കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരിൽ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.

2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്പുര പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരിൽ കൊലപാതകകേസിൽ ഉൾപ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ ജാഗ്രതയോടെ നടത്തിയ ഇടപ്പെടലിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News