ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ട്; കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു; അടിക്കടി മൊഴി മാറ്റി പൊലീസിനെ കുഴക്കി ഹരികുമാര്‍; പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്ന് പൊലീസ്; ദുരൂഹത നീങ്ങാതെ ബാലരാമപുരത്തെ കൊലപാതക കേസ്

ദുരൂഹത നീങ്ങാതെ ബാലരാമപുരത്തെ കൊലപാതക കേസ്

Update: 2025-01-31 14:10 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിലെ ദുരൂഹത ഒഴിയുന്നില്ല. കുറ്റം സമ്മതിച്ച പ്രതി ഹരികുമാര്‍ പലതും മാറ്റി പറയുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ടെന്നാണ് ഹരികുമാറിന്റെ ഒടുവിലത്തെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഹരികുമാര്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വര്‍ഷം ആലപ്പുഴ ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഹരികുമാറിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് നിഗമനം. ഹരികുമാര്‍ ആറേഴ് വര്‍ഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണ്. കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് മാനസിക സ്ഥിരതയില്ല, പലതും മാറ്റിപ്പറയുകയാണ്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ്.പി കെ.എസ് സുദര്‍ശന്‍ പറഞ്ഞു.

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അന്ധവിശ്വാസവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ല. ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ നിരവധി കാര്യങ്ങള്‍ ഇനിയും അന്വേഷിക്കാനുണ്ട്. അത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട് നിഗമനത്തിലേക്ക് എത്താന്‍ സാധിക്കില്ല. തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും എസ്.പി പ്രതികരിച്ചു.

കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്തടുത്ത മുറികളില്‍ നിന്നും ഇരുവരും നിരന്തരം വാട്‌സ് ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാര്‍ വഴിവിട്ട് പെരുമാറാന്‍ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. പക്ഷെ ഇനിയും പല സംശയങ്ങള്‍ ബാക്കിയാണ്. നഷ്ടപ്പെട്ട കൂടുതല്‍ വാട്‌സപ് ചാറ്റുകള്‍ വീണ്ടെടുക്കും. ശ്രീതു പ്രത്യേക സ്വഭാവക്കാരിയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മൊഴി. രണ്ട് വയസ്സകാരിയുടെ കൊലയുടെ ഞെട്ടലിലാണ് അയല്‍വാസികള്‍. ശ്രീതു നിരന്തരം കള്ളം പറയുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

ഇതിനിടെ സംശയം കൂട്ടി കരിക്കകം സ്വദേശി ദേവീദാസന്‍ എന്ന മന്ത്രിവാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീതു ഇയാളെ ഗുരുവായി കണ്ടിരുന്നു. ഹരികുമാര്‍ ഒന്നര വര്‍ഷത്തോളം ഇയാളുടെ മഠത്തില്‍ ജോലി ചെയ്തിരുന്നു. പ്രദീപന്‍ എന്ന പേരില്‍ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആള്‍ പിന്നീട് ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പേരില്‍ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസന്‍ തട്ടിയെടുത്തെന്നാണ് ശ്രീതുവിന്റെ മൊഴി. കുഞ്ഞിന്റെ കൊലപാതകത്തില്‍ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്

കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതുവിന് വിവരങ്ങള്‍ അറിയാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. തനിക്കൊപ്പം കുഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ശ്രീതു അയല്‍വാസികളോടു പറഞ്ഞത്. പിന്നാലെ കുഞ്ഞിനായി തിരച്ചില്‍ നടക്കുമ്പോഴും ശ്രീതു നിസ്സംഗയായി ഇരിക്കുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ പറഞ്ഞു. അതു സംശയമുണ്ടാക്കുകയും ചെയ്തു. സംഭവസമയം അമ്മ ശ്രീതു, അച്ഛന്‍ ശ്രീജിത്ത്, മൂത്തകുട്ടി പൂര്‍ണേന്ദു (ഏഴ് വയസ്സ്), അമ്മാവന്‍ ഹരികുമാര്‍, അമ്മൂമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

മൃതദേഹം കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴും ശ്രീതുവും സഹോദരന്‍ ഹരികുമാറും വലിയ ദുഃഖം പ്രകടിപ്പിച്ചതുമില്ല. ഇതോടെ സംശയംതോന്നിയ പോലീസ് വീട്ടുകാരെയെല്ലാം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വീടിനുള്ളില്‍ വസ്ത്രങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. ചോദ്യംചെയ്യലില്‍ ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല. അതിനിടെയാണ് ഹരികുമാര്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഏറെയുണ്ടെങ്കിലും എന്തിനാണ് ദാരുണകൃത്യം നടത്തിയതെന്ന് സംബന്ധിച്ച് വ്യക്തത പോലീസിന് ലഭിച്ചിട്ടില്ല. തെളിവുകളുടെ അഭാവമാണ് പോലീസിനെ കുഴക്കുന്നത്.

Tags:    

Similar News