യുവതിയുടെ ശരീരത്തില്‍ ചില ബന്ധുക്കളുടെ ദുരാത്മാക്കള്‍ കയറിക്കൂടി; ബാധ ഒഴിപ്പിക്കാന്‍ മദ്യം നല്‍കിയും ബീഡി വലിപ്പിച്ചും ഭസ്മം തീറ്റിച്ചും വിചിത്രമായ ആഭിചാര ക്രിയകള്‍; 10 മണിക്കൂറോളം നീണ്ടുനിന്ന ബാധ ഒഴിപ്പിക്കല്‍ തിരുവഞ്ചൂരില്‍; ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റില്‍
ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രിവാദിയും അറസ്റ്റില്‍
കോട്ടയം: ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃപിതാവ്, മന്ത്രവാദി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തിരുവഞ്ചൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യുവതിക്ക് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്താണ് വിചിത്രമായ രീതിയിലുള്ള ആഭിചാര ക്രിയകള്‍ നടത്തിയത്.
ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെ യുവതിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കി എന്നാണ് മണര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നതനുസരിച്ച്, 10 മണിക്കൂര്‍ നീണ്ടുനിന്ന വിചാരണയാണ് നടന്നത്. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ആത്മാക്കള്‍ കയറിയിട്ടുണ്ടെന്നും, അവയെ ഒഴിപ്പിക്കാനാണ് ഈ ക്രിയകളെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് അറസ്റ്റിലായത്.
ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവതി വിവരം വീട്ടിലറിയിച്ചതിനെ തുടര്‍ന്നാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.