കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍; ജെയ്‌സി എബ്രഹാമിന്റെ സുഹൃത്തായിട്ടും മോഷണം പ്ലാന്‍ ചെയ്തത് പണത്തിനായി; ഖദീജ എന്ന യുവതിയും പോലീസ് കസ്റ്റഡിയില്‍; അരുംകൊല നടത്തിയത് തലക്കടിച്ച്

കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍

Update: 2024-11-25 03:43 GMT

കൊച്ചി: കളമശേരിയില്‍ കൂനംതൈയിലെ അപ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സ്ത്രീയുടെ കൊലപാതകത്തില്‍ പിടിയിലായത് രണ്ട് പേര്‍. കാക്കനാട് സ്വദേശി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനുമായ ഗിരീഷ്ബാബു, ഇയാളുടെ സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. പെരുമ്പാവൂര്‍ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാം(55) ആണ് നവംബര്‍ 17ന് കൊല്ലപ്പെട്ടത്.

ജെയ്സിയുടെ പരിചയക്കാരനായിരുന്നു ഗിരീഷ്. ജെയ്സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കുന്നതിനായിരുന്നു കൊലയെന്ന് പൊലീസ് അറിയിച്ചു. കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായിരുന്നു ജെയസി. ഇവരുടെ അടുത്ത സുഹൃത്തുമായിരുന്നു കാക്കനാട് സ്വദേശി ഗിരീഷ്‌കുമാര്‍. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഗിരീഷ്‌കുമാര്‍. ജെയ്‌സിയുടെ കാര്യങ്ങളെല്ലാം അറിവുണ്ടായിരുന്നു പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് സൂചന.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്‌സി എബ്രഹാമിനെ കളമശേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലെ ശുചിമുറിയില്‍ ആയിരുന്നു ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരുക്കേറ്റിരുന്നത്. മര്‍ദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു.

തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയെ കണ്ടുപിടിക്കാന്‍ ഫ്‌ലാറ്റില്‍ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്. ആഭരണങ്ങള്‍ കവരാനായാണ് കൊലനടത്തിയതെന്നാണ് കരുതുന്നത്. രണ്ട് വളകള്‍ മോഷ്ടിച്ചതായും ഇവ വില്‍പന നടത്തിയതായും സംശയമുണ്ട്. പ്രതിയെ കളമശ്ശേരി പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പണവും സ്വര്‍ണവും ജെയ്സിയുടെ പക്കല്‍ ഉണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ് ഇയാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഹെല്‍മറ്റ് ധരിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ ഗിരീഷ് എത്തുന്നതിന്റെയും തിരികെ വസ്ത്രം മാറി ഹെല്‍മറ്റ് ധരിച്ച് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അപ്പാര്‍ട്ടുമെന്റിലെ ഈ ദൃശ്യങ്ങളുടെ വെളിച്ചത്തിലാണ് അന്വേഷണം നടന്നത്. ഞായറാഴ്ച രാവിലെ 10.20ന് അപ്പാര്‍ട്ട്മെന്റിന് മുന്നിലെ റോഡിലൂടെ നടന്ന് പോകുന്നതായി കണ്ടെത്തി.

12.50ന് ഇയാള്‍ തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അപ്പോഴും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷര്‍ട്ടാണ് തിരികെ വരുമ്പോള്‍ ധരിച്ചിരുന്നത്. പെരുമ്പാവൂര്‍ സ്വദേശിയാണ് ജെയ്സിയുടെ ഭര്‍ത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്സി അകന്നാണ് കഴിയുന്നത്.

കാനഡയിലുള്ള ജെയ്സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്. ജെയ്‌സിയുടെ തലയില്‍ പത്തോളം മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നില്‍ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും സംഭവദിവസം പൊലീസ് പറഞ്ഞിരുന്നു. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.

Tags:    

Similar News