ഭര്‍ത്താവിന്റെ ഒത്താശയോടെ ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് നഗ്നയാക്കി നിര്‍ത്തി; പിതാവ് സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി വിതറിയപ്പോള്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് വെച്ച് മാതാവിന്റെ ക്രൂരത: ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്ന് പറഞ്ഞ് 32കാരി
സ്വകാര്യഭാഗങ്ങളിൽ മുളകുപൊടിവിതറി, ഇരുമ്പ് പഴുപ്പിച്ചുവെച്ചു; ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്ന് പറഞ്ഞ് 32കാരി
ഭോപ്പാല്‍: ഭര്‍ത്താവിന്റെ വീട്ടില്‍ 32കാരിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത കൊടും ക്രൂരത. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശിനിയായ യുവതിക്കാണ് ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയും സഹോദരിയുടേയും കൊടിയ പീഡനത്തിന് ഇരയാവേണ്ടി വന്നത്. പീഡനങ്ങള്‍ക്കൊടുവില്‍ ആശുപത്രിയിലായ യുവതി പോലീസിനോട് തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഭര്‍ത്താവിന്റെ ഒത്താശയോടെ അദ്ദേഹത്തിന്റെ മാതാവും പിതാവും ചേര്‍ന്ന് തന്നെ നഗ്‌നയാക്കി നിര്‍ത്തിയെന്നും ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നും തുടര്‍ന്ന് ഇരുമ്പുകമ്പി പഴുപ്പിച്ചുവെച്ച് സമാനതകളില്ലാത്ത ക്രൂരതകള്‍ അഴിച്ചു വിട്ടെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ഡിസംബര്‍ 13-നാണ് യുവതി ഭര്‍തൃവീട്ടില്‍ കൊടിയ പീഡനത്തിന് ഇരയായത്. അയല്‍വാസിയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ അതിക്രൂരമായ ഉപദ്രവം അരങ്ങേറിയത്. എന്നാല്‍, യഥാര്‍ഥത്തില്‍ അയല്‍വാസി തന്നോട് ലൈംഗികാതിക്രമം നടത്തുകയാണ് ചെയ്തതെന്ന് യുവതി പറഞ്ഞു. ആവി പിടിക്കാനുള്ള മെഷീന്‍ ചോദിച്ചാണ് അയല്‍വാസി യുവതിയുടെ വീട്ടിലെത്തിയത്. കാത്തുനില്‍ക്കാന്‍ പറഞ്ഞ് യുവതി മെഷീനെടുക്കാനായി പോയപ്പോള്‍ ഇയാള്‍ വാതില്‍ അടയ്ക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് യുവതി പറയുന്നു.
ഇതേസമയം യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി അവിടേക്ക് വന്നു. അവരെ കണ്ടതോടെ അയല്‍വാസി കടന്നുകളഞ്ഞു. എന്നാല്‍ ഭര്‍തൃസഹോദരി ഇതിനെ തെറ്റിദ്ധരിക്കുകയും ഇയാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ആയിരുന്നു. പിന്നാലെ, അയല്‍വാസിയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കി എന്ന് ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. കൊടിയ പീഡന മുറകളിലൂടെയാണ് അന്നേ ദിവസം രാത്രി യുവതി കടന്നു പോയത്.
മൂവരും ചേര്‍ന്ന് സംഭവദിവസം രാത്രി മുഴുവന്‍ മര്‍ദ്ദിച്ചു. നഗ്‌നയാക്കിയ ശേഷം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആയുധങ്ങള്‍കൊണ്ടും അല്ലാതെയും അടിച്ചു. പിറ്റേന്ന് രാവിലെയും ഉപദ്രവം തുടര്‍ന്നുവെന്നും യുവതി വെളിപ്പെടുത്തി. ഭര്‍തൃപിതാവാണ് സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയത്. ഈ സമയം ഭര്‍തൃമാതാവ് ഇരുമ്പുകമ്പി ചൂടാക്കി തുടയിലും സ്വകാര്യഭാഗങ്ങളിലും വെച്ച് പൊള്ളിച്ചു. അതോടെ ബോധരഹിതയായി വീഴുകയും ചെയ്തു. ബോധം വന്ന ഉടന്‍ ഭര്‍ത്താവും പിതാവും ചേര്‍ന്ന് ബലമായി മോട്ടോര്‍സൈക്കിളില്‍ കയറ്റി ഗുണ ജില്ലയിലെ ഗോപിസാഗര്‍ അണക്കെട്ടിലേക്ക് കൊണ്ടുപോയി. അവിടെ നടുറോഡില്‍ ഉപേക്ഷിക്കുക ആയിരുന്നു.
വഴിയില്‍ കിടന്ന തന്നെ അതുവഴി നടന്നുപോയ ഒരാളാണ് ആശുപത്രിയിലാക്കുകയും കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ എത്തിയ വീട്ടുകാരോട് യുവതി തനിക്ക് നേരിടേണ്ടിവന്ന ക്രൂരപീഡനത്തെ കുറിച്ച് പറഞ്ഞു. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി, മാതാപിതാക്കള്‍, അയല്‍വാസി എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തു. ആശാവര്‍ക്കറായ യുവതി നാല് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളുടെ അമ്മയാണ്. ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലുള്ള കുട്ടികളെ തനിക്കൊപ്പം വിടണമെന്ന് കാണിച്ചും യുവതി പരാതി നല്‍കിയിട്ടുണ്ട്.