പരസ്യമായി ഇരുകവിളുകളിലും അടിച്ചു; ഒരു കാലില്‍ ചവിട്ടി പിടിച്ച ശേഷം വയറ്റില്‍ തൊഴിച്ചു; സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണതോടെ ബോധരഹിതനായി: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം

ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം

Update: 2025-02-19 02:13 GMT

ആലപ്പുഴ: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരി കസ്റ്റഡിയിലിരിക്കെ മരിച്ചത് പോലിസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന ഗുരുതര ആരോപണവുമായി കുടുംബം. മോഷണമുതല്‍ വാങ്ങിയെന്നാരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരി ക്രൂരമര്‍ദനത്തിനാണ് ഇരയായത്. മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പില്‍ രാധാകൃഷ്ണന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടാണു മകന്‍ രതീഷിന്റെ പരാതി. സംഭവത്തില്‍ കടുത്തുരുത്തി പൊലീസിനെതിരെ വ്യാപാരിയുടെ മകന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

അച്ഛനെ എസ്എച്ച്ഒ പരസ്യമായി അടിക്കുകയും തൊഴിക്കുകയും ചെയ്തതിനും എന്തോ ദ്രാവകം മുഖത്തൊഴിച്ചതിനും താന്‍ സാക്ഷിയാണെന്നും ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും രതീഷ് ആവശ്യപ്പെട്ടു. സിഐയും പൊലീസുകാരും ചേര്‍ന്ന് തല്ലിക്കൊല്ലാറാക്കി എന്ന് പറഞ്ഞ് അച്ഛന്‍ കരഞ്ഞതായും മകന്‍ പറയുന്നു. കടുത്തുരുത്തിയില്‍ നടന്ന സ്വര്‍ണ മോഷണത്തിലെ പ്രതി മോഷണ മുതല്‍ വ്യാപാരിയുടെ കടയിലെത്തി വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപാരിയെ അറസ്റ്റ് ചെയ്തതും പോലിസ് ഇദ്ദേഹത്തെ കൊല്ലാക്കൊല ചെയ്തതും.

രതീഷിന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: ''മുഹമ്മയിലെ സ്വര്‍ണക്കടയില്‍ നിന്ന് ഈ മാസം ആറിനു വൈകിട്ടാണു രണ്ടു പേരെത്തി അച്ഛനെ കൂട്ടിക്കൊണ്ടു പോയത്. പരിചയക്കാര്‍ ആണെന്നു കരുതി. മഫ്തിയിലെത്തിയ പൊലീസാണെന്ന് അറിഞ്ഞില്ല. രാത്രി കട അടയ്ക്കാറായിട്ടും അച്ഛന്‍ തിരിച്ചുവന്നില്ല. 10 മണിക്കു വിളിച്ചപ്പോള്‍ വൈകുമെന്നു പറഞ്ഞു. പിന്നെ വിളിച്ചിട്ടു കിട്ടിയില്ല. പിറ്റേന്നു പുലര്‍ച്ചെ 3.50ന് കടുത്തുരുത്തി സ്റ്റേഷനില്‍ നിന്നു വിളിച്ചു. അച്ഛനെ അറസ്റ്റ് ചെയ്‌തെന്നും ഉടന്‍ വരണമെന്നും പറഞ്ഞു.

സംഭവം മനസ്സിലായില്ലെങ്കിലും അപ്പോള്‍ തന്നെ സ്‌റ്റേഷനിലേക്ക് പോയി. എന്നാല്‍ അച്ഛനെ കാണാനായില്ല. പത്തരയ്ക്കു ശേഷമാണു എസ്എച്ച്ഒ ടി.എസ്.റെനീഷിനെ കാണാന്‍ കഴിഞ്ഞത്. ഒരു മോഷണക്കേസിലെ സ്വര്‍ണം അച്ഛനു വിറ്റിട്ടുണ്ടെന്നും അത് അന്വേഷിക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു. നീണ്ട നേരത്തെ കാത്തിരിപ്പിന് ഒടുവില് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അച്ഛനെ കാണാനായത്. അപ്പോഴേക്കും വളരെ അവശനായിരുന്ന അദ്ദേഹം എന്നെക്കണ്ടു പൊട്ടിക്കരഞ്ഞു 'സിഐയും പൊലീസുകാരും ചേര്‍ന്ന് എന്നെ തല്ലിക്കൊല്ലാറാക്കി' എന്നു പറഞ്ഞു.

ഞാന്‍ സിഐയുടെ കാലുപിടിച്ചു കരഞ്ഞു. 'നിന്റെ തന്തയെ തെളിവെടുപ്പിനു കൊണ്ടുവരുന്നുണ്ട്' എന്നായിരുന്നു മറുപടി. തുടര്‍ന്ന് അച്ഛനെയും കൊണ്ട് ഒരു സ്വകാര്യ കാറില്‍ അവര്‍ കടയിലെത്തി. കഴുത്തില്‍ പിടിച്ചുവലിച്ചാണു കൊണ്ടുവന്നത്. എല്ലാവരും കാണ്‍കെ സിഐ അച്ഛന്റെ ഇരു കവിളിലും അടിച്ചു. ഒരു കാലില്‍ ചവിട്ടിപ്പിടിച്ചു വയറ്റില്‍ തൊഴിച്ചു. അച്ഛന്‍ സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണു ബോധരഹിതനായി. അപ്പോള്‍ കുപ്പിയിലിരുന്ന എന്തോ ദ്രാവകം സിഐ അദ്ദേഹത്തിന്റെ മുഖത്തൊഴിച്ചു. പിന്നീട് ജീപ്പിലേക്കു വലിച്ചിട്ടു. ബഹളം വച്ചു ഞാനും ആ ജീപ്പില്‍ കയറി.

ആദ്യം അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്നു സ്‌ട്രെച്ചറില്‍ കിടത്തി അടുത്ത ആശുപത്രിയിലേക്ക്. അവിടെ എത്തിയപ്പോഴാണ് അച്ഛന്‍ മരിച്ചെന്ന് അറിഞ്ഞത്. അദ്ദേഹം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണു പൊലീസുകാര്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ലെന്നും''രതീഷ് നല്‍കിയ പരാതിയില്‍ പറയുന്നു.

രാധാകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ നേരത്തേ പൊലീസിനെതിരെ ഉന്നയിച്ച ആരോപണത്തെക്കുറിച്ചു കോട്ടയം എഎസ്പി അന്വേഷണം നടത്തുകയാണെന്നും അതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News