ആ വാത്സല്യം തെറ്റിദ്ധരിച്ചു; വെള്ള കാറില്‍ എത്തിയത് ഒമാന്‍ സ്വദേശികള്‍; കുട്ടികള്‍ക്ക് മിഠായി നല്‍കിയത് വാത്സല്യം കൊണ്ട്; ഇടപ്പള്ളിയിലേത് തട്ടിക്കൊണ്ടുപോകല്‍ ശ്രമമല്ലെന്ന് പൊലീസ്
ഇടപ്പള്ളിയിലേത് തട്ടിക്കൊണ്ടുപോകല്‍ ശ്രമമല്ലെന്ന് പൊലീസ്
കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ലെന്ന് പൊലീസ്. കാറിലുണ്ടായിരുന്നത് ഒമാന്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നത്. അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് 'ട്വിസ്റ്റ്'. ഉണ്ടായത്
ഒമാന്‍ സ്വദേശികള്‍ വാത്സല്യം കൊണ്ടാണ് കുട്ടികളെ കണ്ടപ്പോള്‍ മിഠായി നല്‍കിയത്. എന്നാല്‍ കുട്ടികള്‍ ഇത് തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വ്യക്തത വന്നതോടെ പരാതിയില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന ഒമാന്‍ സ്വദേശികളെ വിട്ടയച്ചു. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. മിഠായി നീട്ടിയ അപരിചിതരായതിനാല്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനമെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി സിബി ടോം പറഞ്ഞു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അവര്‍ വാങ്ങാന്‍ കൂട്ടാക്കാത്തത് മൂലം ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പരാതി.
ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മൂന്ന് ഒമാന്‍ സ്വദേശികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കുട്ടികള്‍ പറഞ്ഞ വാഹനം കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെ കണ്ടപ്പോള്‍ സ്നേഹം കൊണ്ട് മിഠായി നീട്ടിയതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ അപരിചിതര്‍ മിഠായി നീട്ടിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകുമെന്നാണ് കരുതുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി- സിബി ടോം കൂട്ടിച്ചേര്‍ത്തു.