വിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്
നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്
നിലമ്പൂര്‍: നിലമ്പൂരില്‍ നിസ്സാര തര്‍ക്കങ്ങളെ തുടര്‍ന്ന് നവദമ്പതികളായ രാജേഷ് (23), അമൃത കൃഷ്ണ (18) എന്നിവര്‍ ആത്മഹത്യ ചെയ്തത് നിസ്സാര തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് സൂചന. മണലോടി കറുത്തേടത്തെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. അമൃതയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ രാജേഷ് പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. അമൃത പ്രായപൂര്‍ത്തിയായ ശേഷമാണ് വിവാഹം നടന്നത്.
നിലമ്പൂര്‍ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്. എരുമമുണ്ട കാനക്കുത്ത് എലിപ്പാറ്റ ബാലകൃഷ്ണന്റെയും തുളസിയുടെയും മകളാണ് അമൃത. 2022-ലാണ് ഇവര്‍ പ്രണയത്തിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
പ്രാഥമിക നിഗമനമനുസരിച്ച്, രാജേഷാണ് ആദ്യം തൂങ്ങിമരിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ അമൃത, രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കയര്‍ മുറിച്ച് താഴെയിട്ടു. രാജേഷ് മരിച്ചെന്ന് മനസ്സിലാക്കിയ അമൃത തൊട്ടടുത്ത മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
രാജേഷിന്റെ അമ്മ സത്യഭാമയാണ് സംഭവം ആദ്യം കണ്ടത്. മകന്‍ തറയില്‍ കിടക്കുന്നതും അമൃത തൂങ്ങിയ നിലയിലുമായിരുന്നു. അവര്‍ അയല്‍വാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് അമൃതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടം നടക്കും. ഡിവൈഎസ്പി സാജു കെ. ഏബ്രഹാം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.