കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന പെണ്‍കുട്ടി മഠത്തില്‍ പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; ഗര്‍ഭത്തിന് ഉത്തരവാദി വൈദിക വിദ്യാര്‍ഥിയെന്ന് സൂചന; നടുക്കുന്ന സംഭവം ആന്ധ്രയിലെ എലുരിലെ കോണ്‍വെന്റില്‍

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന പെണ്‍കുട്ടി മഠത്തില്‍ പ്രസവിച്ചു

Update: 2024-12-15 13:43 GMT

വിജയവാഡ: ആന്ധ്രയിലെ കന്യാസ്ത്രീ കോണ്‍വെന്റ് ഹോസ്റ്റലില്‍ ജനിച്ച നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി. എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കോണ്‍വന്റ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്തിയത്. കന്യാസ്ത്രീ ആകാനുള്ള പരിശീലനത്തിലായിരുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടി കുഞ്ഞിനെ ജനല്‍വഴി പുറത്തേക്കെറിയുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

കൂര്‍ണൂല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയാണ്. ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത പുരയിടത്തില്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷിക്കുകയായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. നവജാത ശിശുവിനെ കോണ്‍വെന്റ് കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ആരോപണം. മൃതദേഹം കണ്ടതായി തൊട്ടടുത്ത അപാര്‍ട്ട്‌മെന്റിലെ ജോലിക്കാരി വിവരം അറിയിച്ചാണ് പോലീസ് എത്തിയത്.

തുടര്‍ന്ന് എലുരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ കുട്ടിയെ എറിഞ്ഞത് കോണ്‍വെന്റ് കെട്ടിടത്തില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. അവശനിലയിലായ അമ്മയെ എലുരു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ പരിശീലനം നേടുന്ന പെണ്‍കുട്ടിക്ക് ഒരു വൈദിക വിദ്യാര്‍ത്ഥിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ മറ്റ് റൂമേറ്റ്‌സിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചതാണോ അതോ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് എറിഞ്ഞതിന്റെ ആഘാതത്തില്‍ മരിച്ചതാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പെണ്‍കുട്ടിയുടെ പ്രായത്തിന്റെ കാര്യത്തിലും പോലീസ് വ്യക്തത വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകും മുമ്പാണേ പെണ്‍കുട്ടി പീഡനത്തിന് ഇരയായത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭത്തിന് ഉത്തരവാദി വൈദിക വിദ്യാര്‍ത്ഥിയാണെന്നാണ് നിഗമനം.

അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞില്ല എന്നാണ് കോണ്‍വെന്റ് അധികൃതര്‍ പറയുന്നത്. ഹോസ്റ്റല്‍ അധികൃതരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ പ്രസവസമയം വരെ അതിന് എങ്ങനെ കഴിഞ്ഞുവെന്നാണ് പോലീസ് ഉയര്‍ത്തുന്ന ചോദ്യം. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News